എറണാകുളം ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്ത് ഓഫീസുകളും പഞ്ചായത്ത് ഡെപൂട്ടി ഡയറക്ടറാഫീസ്, പഞ്ചായത്ത് അഅസിസ്റ്റന്റ് ഡയറക്ടറാഫീസ്, പെര്‍ഫോമന്‍സ് യൂണിറ്റ് ആഫീസുകള്‍ എന്നിവയും സദ്ഭരണ സ്ഥാപനങ്ങളാക്കുക എന്ന ആത്യന്തിക ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടമായി ജില്ലയിലെ 36 ഗ്രാമപഞ്ചായത്തുകള്‍, പഞ്ചായത്ത് ഡെപൂട്ടി ഡയറക്ടറാ ഫീസ്, അസി.ഡയറക്ടറാഫീസ്, ആറ് പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റ് ആഫീസുകള്‍ എന്നിവ സദ്ഭരണ സ്ഥാപനങ്ങളായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള പ്രഖ്യാപിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സദ്ഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. തദ്ദേശ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ ജനസൗഹൃദമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നത് അധികാര വികേന്ദ്രീകരണത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് ഡെപൂട്ടി ഡയറക്ടര്‍ ഓഫീസ്, അസി.ഡയറക്ടര്‍ ഓഫീസ് എന്നിവ പേപ്പര്‍ ലെസ് കാര്യാലയങ്ങളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഫയല്‍ ട്രാക്കിങ്, ഫയല്‍ പ്രൊസസിങ് സോഫ്റ്റ്വെയര് ആയ സൂചിക സോഫ്റ്റ്വെയര് വിന്യസിക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു.
ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍, കുമ്പളങ്ങി, കടമക്കുടി, മണീട്, മുളന്തുരുത്തി, മുളവുകാട്, ചേന്ദമംഗലം, ഏഴിക്കര, കുഴുപ്പിള്ളി, നായരമ്പലം, പളളിപ്പുറം, ചെങ്ങമനാട്, കാലടി, കുന്നുകര, മൂക്കന്നൂര്‍, നെടുമ്പാശേരി, തുറവൂര്‍, അശമന്നൂര്‍, കീരംപാറ, മുടക്കുഴ, പല്ലാരിമംഗലം, പിണ്ടിമന, പോത്താനിക്കാട്, വാരപ്പെട്ടി, ചൂര്‍ണ്ണിക്കര, കിഴക്കമ്പലം, തിരുവാണിയൂര്‍, വാളകം, ആവോലി, ഇലഞ്ഞി, കല്ലൂര്‍ക്കാട്, പാമ്പാക്കുട, രാമമംഗലം, തിരുമാറാടി, വടവുകോട് പുത്തന്‍കുരിശ് എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് സദ്ഭരണ പുരസ്കാരം ലഭിച്ചത്. 36 ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും ചേര്‍ന്ന് സദ്ഭരണ സാക്ഷ്യപത്രങ്ങള്‍ ജില്ലാ കളക്ടറില്‍ നിന്നും ഏറ്റുവാങ്ങി.
ഫ്രണ്ട് ഓഫീസ് കാര്യക്ഷമത, പൊതുജനങ്ങളോടുളള ജീവനക്കാരുടെ പെരുമാറ്റം, ക്ഷേമപെന്ഷന്, കെട്ടിട നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കല്‍, ഓഫീസും പരിസരവും ചിട്ടയായും ശുചിയായും പരിപാലിക്കല്‍, പദ്ധതി നികുതി പിരിവ് നടത്തിപ്പ് എന്നീ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളും സൂചിക ബാക്ക് ഓഫീസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പേപ്പര്‍ലെസ് ആക്കുക, പൊതുജനങ്ങളുടെ അപേക്ഷകളില്‍ എസ്എംഎസ് അലര്‍ട്ട്, ഓണ്‍ലൈന്‍ ഫയല്‍ ട്രാക്കിംഗ് സൗകര്യം, രജിസ്റ്ററുകള്‍ കാലികമാക്കി സൂക്ഷിക്കുക, ബോര്‍ഡുകള്‍ കാലികമാക്കി പ്രദര്‍ശിപ്പിക്കുക, ഫയല്‍ അദാലത്തുകള്‍ നടത്തി സീറോ പെന്‍ഡിംഗ് ഫയല്‍ എന്ന നേട്ടം കൈവരിക്കുക, രേഖകള്‍ പൊതുജനങ്ങള്‍ക്ക് ആവശ്യാനുസരണം ലഭ്യമാകത്തവിധം സജ്ജീകരിക്കുക തുടങ്ങിയവയാണ് സദ്ഭരണ പ്രവര്‍ത്തന പദ്ധതി.
പഞ്ചായത്ത് അസി.ഡയറക്ടര്‍ സാമുവല്‍ എസ്. തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ഡൈന്യൂസ് തോമസ്, പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് 1 സീനിയര്‍ സൂപ്രണ്ട് ടിമ്പിള്‍ മാഗി തുടങ്ങിയവര്‍ പങ്കെടുത്തു.
- 701 views