പ്ലാസ്റ്റിക് മാലിന്യം - ബ്രാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് - തിരുവനന്തപുരം നഗരസഭ

Posted on Wednesday, June 6, 2018

തിരുവനന്തപുരം നഗരസഭയിലെ ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ നടത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ബ്രാന്‍ഡ് ഓഡിറ്റിന്‍റെ റിപ്പോര്‍ട്ട് മേയര്‍ക്ക് കൈമാറി. 05.06.2018ന് നഗരസഭ മെയിന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകരാണ് റിപ്പോര്‍ട്ട് കൈമാറിയത്. പ്ലാസ്റ്റിക് മാലിന്യങ്ങളിലെ ഓരോ ബ്രാന്‍റിന്‍റെയും വിഹിതം കണ്ടുപിടിക്കുന്നതിനായുള്ള ശാസ്ത്രീയമാര്‍ഗ്ഗമാണ് ബ്രാന്‍റ് ഓഡിറ്റ്. GAIA (Global Alliance for Incinerator Alternatives) എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ഗ്ലോബല്‍ ബ്രാന്‍റ് ഓഡിറ്റിന്‍റെ ഭാഗമായാണ് ഗ്രീന്‍ ആര്‍മി തിരുവനന്തപുരത്ത് ബ്രാന്‍റ് ഓഡിറ്റ് സംഘടിപ്പിച്ചത്. കേരളത്തില്‍ ആദ്യമായി നടന്ന ബ്രാന്‍റ് ഓഡിറ്റ് ഇന്ത്യയില്‍ ഇതുവരെ നടന്ന ബ്രാന്‍റ് ഓഡിറ്റുകളില്‍ ഏറ്റവും ബൃഹത്തായിരുന്നു. ബ്രാന്‍റ് ഓഡിറ്റ് പ്രകാരം നഗരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ 50 % വും ഉല്‍പാദിപ്പിക്കുന്നത് 6 ബ്രാന്‍റുകളാണ്. ബ്രാന്‍റ് ഓഡിറ്റില്‍ ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ തിരുവനന്തപുരം നഗരത്തിലെ വീടുകളില്‍ പ്രതിമാസം 1.4 കിലോ പ്ലാസ്റ്റിക് മാലിന്യം ഉല്‍പാദിപ്പിക്കപ്പെടുന്നതായി കണക്കാക്കുന്നു. ബ്രാന്‍റ് ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന 10 പ്രധാന ബ്രാന്‍റുകള്‍ മില്‍മ, പെപ്സികോ, ഡെയ്ലി ഫ്രഷ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കെലോഗ്സ് ഇന്ത്യ, റെക്കിറ്റ് ബെന്‍കീസര്‍, കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസര്‍, കോള്‍ഗേറ്റ് പാമോലീവ്, ബാബ ഇന്‍ഡസ്ട്രീസ്, ഐ.റ്റി.സി എന്നിവയാണ്. നഗരത്തിലെ തെരഞ്ഞെടുത്ത 135 വീടുകളില്‍ നിന്നുള്ള ഒരുമാസത്തെ പ്ലാസ്റ്റിക് മാലിന്യം 2018 മെയ് 25 ന് വഴുതയ്ക്കാട് ശിശുവിഹാര്‍ യു.പി.എസ് ല്‍ വെച്ചാണ് ബ്രാന്‍റ് ഓഡിറ്റിംഗിന് വിധേയമാക്കിയത്. പ്രത്യേക പരിശീലനം നല്‍കിയ 80 ഗ്രീന്‍ ആര്‍മി വോളന്‍റിയര്‍മാരാണ് ബ്രാന്‍റ് ഓഡിറ്റില്‍ പങ്കെടുത്തത്.

2016 ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റ് റൂള്‍സ് പ്രകാരമുള്ളEPR (Extended Producer Responsibility)നടപ്പാക്കുന്നതിനുള്ള അടിസ്ഥാനരേഖയായി ബ്രാന്‍റ് ഓഡിറ്റ് റിപ്പോര്‍ട്ട് കണക്കാക്കണമെന്നും ബ്രാന്‍റ് ഓഡിറ്റില്‍ കണ്ടെത്തിയ 20 പ്രധാന ബ്രാന്‍റുകളുടെ ഉടമകളുമായി പ്രാഥമികമായി ചര്‍ച്ച നടത്തണമെന്നും ഗ്രീന്‍ ആര്‍മി ശുപാര്‍ശ ചെയ്തു. പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പ്രധാന ബ്രാന്‍റുകള്‍ എന്നതിനാല്‍ മില്‍ക്ക് ATM കള്‍ നഗരത്തില്‍ സ്ഥാപിക്കുന്നതിന്‍റെ സാധ്യത ആരായണമെന്നും റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് അറിയിച്ചു. മറ്റ് കോര്‍പ്പറേഷനുകളിലെ മേയര്‍മാരുമായും സംസ്ഥാന സര്‍ക്കാരുമായും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.