വരള്‍ച്ച നേരിടുന്നതിനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് പ്രഥമ പരിഗണന-വയനാട്

Posted on Saturday, March 17, 2018

ജില്ലാ പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതികള്‍ :വരള്‍ച്ച നേരിടുന്നതിനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് പ്രഥമ പരിഗണന:

54.84 കോടി രൂപയുടെ അടങ്കല്‍ തുകക്കുളള വാര്‍ഷികപദ്ധതികളാണ് തയ്യാറാക്കിയിട്ടുളളത്. ജില്ല നേരിടുന്ന അതിരൂക്ഷമായ വരള്‍ച്ചയ്ക്കും കുടിവെളള പ്രശ്‌നത്തിനും പരിഹാരം കാണുക എന്നതാണ് പ്രധാന ലക്ഷ്യം. പൊതുവിഭാഗത്തില്‍ 24.83 കോടി രൂപയും പ്രത്യേക ഘടക പദ്ധതിയില്‍ 2.28 കോടി രൂപയും പട്ടിക വര്‍ഗ്ഗ ഉപപദ്ധതിയില്‍ 10.81 കോടി രൂപയും ഉള്‍പ്പെടെ വികസന ഫണ്ടില്‍ 37.53 കോടി രൂപയാണ് പദ്ധതികള്‍ക്കായി മാറ്റിവെച്ചത്. റോഡുകളുടെ അറ്റകുറ്റ പണിക്കായി 12.20 കോടി രൂപയും മെയിന്റനന്‍സ് ഗ്രാന്റ് റോഡിതര ഇനത്തില്‍ 42.66 കോടി രൂപയും തനത്ഫണ്ട് ഇനത്തില്‍ 42 ലക്ഷം രൂപയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതമായി 30 ലക്ഷം രൂപയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പൊതു വിഭാഗം ഉല്‍പാദന മേഖലയില്‍ 6.50 കോടി രൂപ, സേവന മേഖലയില്‍ 15.28 കോടി രൂപ, പശ്ചാത്തല മേഖലക്ക് 3.05 കോടി രൂപ എന്നിങ്ങനെയാണ് വിവിധ പദ്ധതികള്‍ക്കായി നീക്കി വെച്ചത്. പട്ടികജാതി വിഭാഗം സേവന മേഖലയില്‍ 1.65 കോടി രൂപയും പശ്ചാത്തല മേഖലയില്‍ 2.28 കോടി രൂപയും. പട്ടിക വര്‍ഗ്ഗ വിഭാഗം സേവന മേഖല 8 കോടി, പശ്ചാത്തല മേഖല 2.81 കോടി രൂപയും വിവിധ പദ്ധതികള്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന് ലഭിക്കുന്ന പദ്ധതി വിഹിതത്തിന്റെ് ഇരുപത് ശതമാനം തുക ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കും. ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആര്‍ദ്രം എന്നീ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഗണ്യമായ തുക നീക്കി വെച്ചിട്ടുണ്ട്. വനിതകള്‍,വയോജനങ്ങള്‍,പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍, എന്നിവരുടെ വികസനം ലക്ഷ്യമാക്കിയുളള പ്രവര്‍ത്തനങ്ങളും ബാല സൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുളള പദ്ധതികളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.