അഗതി രഹിത കേരളം

Destitute Free Keralaനിരാലംബരും നിര്‍ധനരുമായ കുടുംബങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് അഗതിരഹിതകേരളം പദ്ധതി.സംസ്ഥാന സർക്കാർ കുടുംബശ്രീയുമായി സംയോജിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് അഗതിരഹിത കേരളം പദ്ധതി നടപ്പാക്കുന്നത്. സാമൂഹ്യ വികസന രംഗത്ത് ശ്രദ്ധേയമായ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വിജയം കൈവരിച്ച പരിചയം അഗതി രഹിത കേരളം പദ്ധതി നടപ്പിലാക്കുന്നതിനു കുടുംബശ്രീക്ക് സഹായകമാകും കുടുംബശ്രീയോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെയും പൊതുവിതരണം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി എന്നീ വകുപ്പുകളുടെയും സംയോജിത ഇടപെടലിലൂടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അശരണരും നിരാലംബരുമായ മുഴുവന്‍ അഗതി കുടുംബങ്ങളേയും നിലവിലെ ആശ്രയ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുള്ള തുടര്‍ന്നും സേവനത്തിന് അര്‍ഹരായ ഗുണഭോക്താക്കളെയും കണ്ടെത്തി ഏകീകൃത പദ്ധതി എന്ന നിലയിലാണ് അഗതിരഹിത കേരളം പദ്ധതി ആരംഭിക്കുന്നത്. ഇതുവരെ യാതൊരു പരിരക്ഷയും ലഭിക്കാത്ത അഗതി കുടുംബങ്ങളെ കണ്ടെത്തുവാനും അര്‍ഹതയില്ലാതെ ആനുകൂല്യം വാങ്ങുന്നവരെ കണ്ടെത്തുവാനും സര്‍വ്വേ നടത്തുന്ന ചുമതല കുടുംബശ്രീക്കാണ്. അന്തിമലിസ്റ്റ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും ഗ്രാമസഭകള്‍കൂടി തീരുമാനിക്കുകയും പൂര്‍ത്തിയാക്കിയ ലിസ്റ്റുകള്‍ കുടുംബശ്രീ ജില്ലാമിഷന്‍ മുഖേന സംസ്ഥാന കുടുംബശ്രീ മിഷന് കൈമാറുകയും ചെയ്യും. ഓരോ പഞ്ചായത്തിലേയും ലിസ്റ്റിലെ അര്‍ഹരായ അഗതികള്‍ക്ക് എന്തെല്ലാം പരിമിതികളും ആവശ്യങ്ങളും ഉണ്ടെന്ന് കണ്ടെത്തുകയും മാര്‍ഗ്ഗരേഖ തയ്യാറാക്കുകയും ചെയ്യേണ്ടത് ജില്ലാ കുടുംബശ്രീമിഷനാണ്. ഗുണഭോക്താക്കൾക്ക് അതിജീവനാവശ്യങ്ങളായ ഭക്ഷണം, ചികിൽസ സഹായം, വസ്ത്രം, പെൻഷൻ, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം, ഭവനരഹിതർക്ക് അടിസ്ഥാനസൗകര്യങ്ങളായ വീട്, കുടിവെളളം, ശുചിത്വ സംവിധാനം എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. അഗതികുടുംബാംഗങ്ങളെ ഘട്ടംഘട്ടമായി സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിന് തൊഴിൽ പരിശീലനവും സ്വയം തൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിന് കേന്ദ്രസംസ്ഥാന പദ്ധതികളിലൂടെ ധനസഹായവും പദ്ധതിവഴി സാധ്യമാകും

അഗതി രഹിത കേരളം റിപ്പോര്‍ട്ട്‌