2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിറസാന്നിധ്യമായി കുടുംബശ്രീ വനിതകള്‍
കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ സാമര്‍ഥ്യം തെളിയിക്കുന്നതിനും ഇച്ഛാ ശക്തി പ്രദര്‍ശിപ്പിക്കുന്നതിനും, അത് വഴി മികച്ച വരുമാനം നേടുന്നതിനുമുള്ള സുവര്‍ണ്ണാവസരമാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇക്കുറി ലഭിച്ചത്. കുടുംബശ്രീ മിഷനും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറിന്‍റെ ഓഫീസും (സിഇഓ) കൈകോര്‍ത്ത ലോക്സഭ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സാധാരണക്കാരായ സ്ത്രീകളെ ഉള്‍പ്പെടുത്തി സ്ത്രീ ശാക്തീകരണം ഉറപ്പ് വരുത്താനും അത് വഴി മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനും സാധിച്ചു. അവസരോചിതമായി പ്രവര്‍ത്തിച്ച കുടുംബശ്രീ മിഷന്‍ ഈ അവസരത്തെ പൊതുസേവനത്തിനൊരവസരമായി കാണുകയും സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക ഉന്നമനത്തിനായി ആ അവസരം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക ശാക്തീകരണം, സാമൂഹിക ശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്നിവയെയാണ്, മൂന്ന് പൂക്കള്‍ വിടര്‍ന്ന നില്‍ക്കുന്ന കുടുംബശ്രീയുടെ ലോഗോ സൂചിപ്പിക്കുന്നത്. കുടുംബശ്രീയുടെ ലോഗോയെ അര്‍ത്ഥവത്താക്കി കൊണ്ട് തിരഞ്ഞെടുപ്പ് കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക, സാമ്പത്തിക, സ്ത്രീ ശാക്തീകരണം ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലൂടെ കുടുംബശ്രീ മിഷനു സാധിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി കൊണ്ട് തുടങ്ങിയ കുടുംബശ്രീ മിഷന്‍ പ്രാരംഭഘട്ടം മുതലേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഇത്തരത്തിലുള്ള മാതൃക പ്രവര്‍ത്തനങ്ങള്‍ നടത്തിപോരുകയാണ്.
തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന് രംഗശ്രീയും സിഇയും കൈകോര്‍ക്കുന്നു:തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചുള്ള ബോധവല്‍ക്കരണവും, പങ്കാളിത്തവും വര്‍ധിപ്പിക്കുന്നതിന് ദേശീയ ഇലക്ഷന്‍ കമ്മീഷന്‍ രൂപീകരിച്ച എസ്.വി. ഇ. ഇ. പി (സിസ്റ്റമാറ്റിക്ക് വോട്ടര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടോറല്‍ പാര്‍ട്ടിസിപ്പേഷന്‍ സിസ്റ്റം) യുടെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും കേരളത്തിന്‍റെ കുടുംബശ്രീ മിഷന്‍ കേരളത്തിലെ മുഖ്യ ഇലക്ഷന്‍ ഓഫീസറുടെ ഓഫീസുമായി കൈകൊര്‍ത്തു. കുടുംബശ്രീയുടെ കമ്മ്യൂണിറ്റി തീയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീയാണ് എസ്.വി. ഇ. ഇ. പി യുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വോട്ട് രേഖപ്പെടുത്തുന്നതിന്‍റെ ആവശ്യകതയും, വോട്ടവകാശം പുരുഷന്മാരുടെത് മാത്രമല്ല സ്ത്രീകളുടെത് കൂടിയാണെന്നും, മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തില്‍ അല്ല മറിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് വോട്ട് രേഖപ്പെടുത്തേണ്ടതെന്നും തെരുവ് നാടകങ്ങളിലൂടെ രംഗശ്രീ ജനങ്ങളെ ബോധവല്‍ക്കരിച്ചു. കൂടാതെ അക്ഷയ കേന്ദ്രങ്ങളിലെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, തിരുത്തല്‍ വരുത്തുന്നതിനും , വോട്ട് രേഖപ്പെടുത്തുന്നതിന് ആവശ്യമായ തിരിച്ചറിയല്‍ രേഖകളെക്കുറിച്ചും രംഗശ്രീയുടെ തെരുവ്നാടകം പൊതുജനത്തെ ബോധവത്കരിച്ചു.
പ്രധാനമായും കേരളത്തിലെ ട്രൈബല്‍ മേഖലകളിലാണ് രംഗശ്രീയുടെ ബോധവത്കരണ തെരുവ് നാടകങ്ങള്‍ അരങ്ങേറിയത്. തിരുവനന്തപുരം,പത്തനംതിട്ട,ഇടുക്കി,പാലക്കാട്,വയനാട്, എന്നിങ്ങനെ അഞ്ച് ജില്ലകളിലായി 29 കേന്ദ്രങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. തെരുവ് നാടകങ്ങള്‍ക്ക് പുറമെ വോട്ടര്‍ യന്ത്രങ്ങളും വിവി പാറ്റും കാണികള്‍ക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍ ഭക്ഷണശാലകള്‍ ഒരുക്കി കുടുംബശ്രീ വനിതകള്‍
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സമ്പൂര്‍ണ സേവനം ഉറപ്പ് വരുത്തണമെന്ന കുടുംബശ്രീ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടറായ ശ്രീ.എസ്.ഹരികിഷോര്‍ ഐഎഎസ് ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് കുടുംബശ്രീ വനിതകള്‍ക്ക് ഈ അവസരം ലഭിച്ചത്.തിരഞ്ഞെടുപ്പ് നടക്കുന്ന മുഴുവന്‍ കേന്ദ്രങ്ങളിലും കുടുംബശ്രീ ക്യാന്‍റീനുകള്‍ ആരംഭിക്കുന്നതിനായുള്ള സഹായങ്ങള്‍ അതത് ജില്ലാ കളക്ടര്‍മാര്‍ കുടുംബശ്രീയ്ക്ക് ഒരുക്കി നല്‍കി. കൂടാതെ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനായി ഹരിത കര്‍മ സേനയോടൊപ്പവും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ട്രെയിനിംഗ് സന്‍റെറുകളിലേക്കും ഭക്ഷണം വിതരണം ചെയ്യുന്നതിനായും, പ്രിന്‍റിംഗ്, ഡാറ്റ എന്‍ട്രി തുടങ്ങിയ സേവനങ്ങള്‍ക്കായും അതത് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ കുടുംബശ്രീ മിഷന്‍റെ സഹായത്തോടെ പ്രവര്‍ത്തകരെ നിയോഗിച്ചു.
2019 ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിലെ 14 ജില്ലകളിലുമായി ആകെ 100 കാന്‍റീനുകളാണ് തുറന്ന് പ്രവര്‍ത്തിച്ചത്. ചില ജില്ലകളില്‍ പോളിംഗ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പടെ പ്രഭാത ഭക്ഷണം,ഉച്ചയൂണ്, ചായ,പലഹാരങ്ങള്‍, അത്താഴം എന്നിവ വിതരണം ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉടനീളം ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പിന്തുടര്‍ന്ന കഫെ കുടുംബശ്രീ ഭക്ഷണം വിതരണം ചെയ്യുന്നതിനായി സ്റ്റീല്‍ പ്ലേറ്റ്കളും ഗ്ലാസുകളും ഉപയോഗിച്ച് ഏവര്‍ക്കും മാതൃകയായി. തിരഞ്ഞെടുപ്പിന്‍റെ ചൂടേറിയ പ്രവര്‍ത്തനങ്ങള്‍കിടയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ ക്യാന്‍റീന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു ആശ്വാസമായി. നാടന്‍ ഭക്ഷണവും ,ന്യായ വിലയും കുടുംബശ്രീ കാന്‍റീനുകളുടെ തിരക്ക് വര്‍ധിപ്പിച്ചു. ഏപ്രില്‍ മാസം22,23 തീയതികളിലായി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ച കാന്‍റീനുകളുടെ ആകെ വിറ്റ് വരവ് 1.28 കോടിയാണ്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍
ഭക്ഷണശാലകള്‍ക്ക് പുറമെ ശുചീകരണ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ മാതൃകയായി. കാസര്‍ഗോഡ് ജില്ലയിലെ 976 പോളിംഗ് ബൂത്തുകളിലെ ശുചീകരണവും ഉദ്യോഗസ്ഥര്‍ക്കുള്ള കുടിവെള്ള വിതരണവും ഉള്‍പ്പടെ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നടത്തിയത്. ജില്ലയിലെ ഓരോ ബൂത്തുകളിലും സന്നദ്ധരായിട്ടുള്ള 2 കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്‍ ഉറപ്പ് വരുത്തിയിരുന്നു. കൂടാതെ തിരുവനന്തപുരം ,പത്തനംതിട്ട ജില്ലകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായ് കുടുംബശ്രീ അംഗങ്ങളുടെ സേവനം ജില്ലാ മിഷനുകള്‍ ലഭ്യമാക്കി.
മറ്റ് പ്രവര്‍ത്തനങ്ങള്‍
ഭക്ഷണം ലഭ്യമാക്കുന്നതിലും ശുചീകരണ പ്രവര്‍ത്തങ്ങളിലും മാത്രമല്ല കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കാളികളായത്. പാലക്കാട് ജില്ലാ മിഷന്‍, പാലക്കാട് ജില്ലാ ഇലക്ടോറല്‍ ഓഫീസറുടെ ഓഫിസിന്‍റെ ആവശ്യ പ്രകാരം 1000 തുണി ബാഗുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുകയും ചെയ്തു. മലപ്പുറം ജില്ലാ മിഷന്‍ മെയ് 23 നു വോട്ട് എണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനുള്ള അവസരം കരസ്ഥമാക്കുകയുമുണ്ടായി.
- 673 views