അട്ടപ്പാടിയില്‍ ട്രൈബല്‍ ക്രോസ് കണ്‍ട്രി സംഘടിപ്പിച്ചു

Posted on Tuesday, January 28, 2020

ആദിവാസി സമൂഹത്തിന്റെ കായിക അഭിരുചി അഭിവൃദ്ധിപ്പെടുത്തുന്നതിനും കായിക ക്ഷമത നിലനിര്‍ത്തുന്നതിനുമായി 'കായിക- ആരോഗ്യ- വിദ്യാഭ്യാസ ശക്തീകരണത്തിലേക്ക്' എന്ന  സന്ദേശത്തോടെ അട്ടപ്പാടിയില്‍ ട്രൈബല്‍ ക്രോസ്സ് കണ്‍ട്രി സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടം, ആദിവാസി സമഗ്ര വികസന പദ്ധതി -കുടുംബശ്രീ മിഷന്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ഐടിഡിപി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍,  കാനറാ ബാങ്ക്, പെരിന്തല്‍മണ്ണ ഇ.എം.എസ് ഹോസ്പിറ്റല്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മട്ടത്തുകാട് ഐറ്റിഐ മുതല്‍ അഗളി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെ നടത്തിയ ക്രോസ് കണ്‍ട്രിയില്‍ 43വനിതകളും 229പുരുഷന്മാരും പങ്കെടുത്തു.

  പത്ത് കിലോമീറ്റര്‍ ദൂരമായിരുന്നു പിന്നിടേണ്ടത്. പുരുഷ വിഭാഗത്തില്‍ മുതലമടയില്‍ നിന്നുള്ള മഹേന്ദ്രന്‍. എം ( 36 മിനിറ്റ് 43 സെക്കന്‍ഡ്) വിജയ്. എം (40 മിനിറ്റ് 19 സെക്കന്‍ഡ്) അട്ടപ്പാടിയില്‍ നിന്നുള്ള വരുണ്‍ കുമാര്‍ (40 മിനിറ്റ് 50സെക്കന്‍ഡ്) എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ അട്ടപ്പാടി വണ്ടന്‍പാറയില്‍ നിന്നുള്ള ശ്വേത ഡി (1 മണിക്കൂര്‍ 01 സെക്കന്‍ഡ്) ചെമ്മണ്ണൂരില്‍ നിന്നും സിന്ധു എന്‍ ( 1 മണിക്കൂര്‍ 03 സെക്കന്‍ഡ് ), സെല്‍വി (1 മണിക്കൂര്‍.07 സെക്കന്‍ഡ് ) എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തി.

  ഒന്നാം സ്ഥാനക്കാര്‍ക്ക്  7000  രൂപ ക്യാഷ് പ്രൈസും ട്രോഫിയും രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000രൂപ, 3000 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫികളും നല്‍കി. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് പുറമേ ഫിനിഷിങ് ലൈന്‍ കടന്ന പത്ത് വീതം പരുഷ വനിതാ മത്സരാര്‍ത്ഥികള്‍ക്ക് 1000 രൂപ വീതം  ക്യാഷ് പ്രൈസും പങ്കെടുത്ത എല്ലാ  മത്സരാര്‍ത്ഥികള്‍ക്കും മെഡലുകളും സമ്മാനിച്ചു. ഒറ്റപ്പാലം സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, കുടുംബശ്രീ പാലക്കാട് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി. സൈതലവി, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി പ്രൊജക്റ്റ് മാനേജര്‍ സിന്ധു. വി, ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് പ്രോജക്ട് (ഐടിഡിപി) പ്രൊജക്റ്റ് ഓഫീസര്‍ വാണിദാസ്, ജില്ലാ ടൂറിസം പ്രൊമോഷണല്‍ കൗണ്‍സില്‍ സെക്രട്ടറി അജേഷ് കെ.ജെ, അഗളി വൊക്കേഷണല്‍ ഹയര്‍ സെക്കഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സത്യന്‍. ടി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. മത്സരം ഫ്‌ളാഗ് ഓഫ് ചെയ്ത സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മത്സരത്തിന്റെ ഭാഗമായി ഫിനിഷ് ചെയ്തു. ദേശീയതല ഫുട്‌ബോള്‍ റഫറി ശശികുമാര്‍, ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ കെ.ജെ എന്നിവര്‍ ക്രോസ്സ് കണ്‍ട്രി മത്സരം നിയന്ത്രിച്ചു.

 

Content highlight
പത്ത് കിലോമീറ്റര്‍ ദൂരമായിരുന്നു പിന്നിടേണ്ടത്. പുരുഷ വിഭാഗത്തില്‍ മുതലമടയില്‍ നിന്നുള്ള മഹേന്ദ്രന്‍. എം ( 36 മിനിറ്റ് 43 സെക്കന്‍ഡ്) വിജയ്. എം (40 മിനിറ്റ് 19 സെക്കന്‍ഡ്) അട്ടപ്പാടിയില്‍ നിന്നുള്ള വരുണ്‍ കുമാര്‍ (40 മിനിറ്റ് 50സെക്കന്‍ഡ്) എന്നിവര്‍ യഥാക്

ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം: കുടുംബശ്രീയും ആര്‍സെറ്റിയും സംയോജിച്ചു പ്രവര്‍ത്തിക്കും

Posted on Tuesday, January 21, 2020

ഗ്രാമീണ മേഖലയിലെ നിര്‍ദ്ധനരായ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു വേണ്ടി അവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി സ്വയംതൊഴില്‍ ആരംഭിക്കുക, അതോടൊപ്പം സംരംഭകത്വ വികസനം സാധ്യമാക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ട് കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴിലെ ആര്‍സെറ്റി(റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്)യുമായുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു.  ഇതുമായി ബന്ധപ്പെട്ട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റുഡ്‌സെറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, സൂക്ഷ്മ സംരംഭങ്ങളുടെ ചുമതല വഹിക്കുന്ന അസി.കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ലീഡ് ബാങ്ക് മാനേജര്‍മാര്‍, സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമുള്ള ആര്‍സെറ്റിയുടെ നോഡല്‍ എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍  ഉദ്ഘാടനം ചെയ്തു. ആര്‍സെറ്റി നാഷണല്‍ ഡയറക്ടര്‍ സി.ടി സന്തോഷ് അധ്യക്ഷത വഹിച്ചു.  

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതും അതത് സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലുമുള്ള ലീഡ് ബാങ്കുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയുമാണ് ആര്‍സെറ്റികള്‍. ഓരോ ആര്‍സെറ്റിയുടെ കീഴിലും 56 വരെ വിവിധങ്ങളായ നൈപുണ്യ പരിശീലന പദ്ധതികളുണ്ട്. ഉല്‍പാദന സേവന മേഖലകളിലടക്കം യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനവും പ്രചോദനവും നല്‍കി സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് സഹായിക്കുക എന്നതാണ് ആര്‍സെറ്റികള്‍ വഴി നല്‍കുന്ന മുഖ്യ സേവനം. ഓരോ മേഖലയിലും മികച്ച അക്കാദമിക് വിദഗ്ധരും അടിസ്ഥാന സൗകര്യങ്ങളും ഉള്ളതാണ് ആര്‍സെറ്റിയുടെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങള്‍. ഇതു പ്രകാരം ജില്ലകളിലെ ആര്‍സെറ്റികള്‍ വഴി കുടുംബശ്രീയുടെ കീഴിലുള്ള ഉല്‍പാദന സേവന മേഖലകളെ ശാക്തീകരിക്കുന്നതിനും അതോടൊപ്പം കൂടുതല്‍ വ്യത്യസ്തമായ തൊഴില്‍ മേഖലകളില്‍ നൈപുണ്യ പരിശീലനം നല്‍കി പുതിയ സംരംഭകരെ കൊണ്ടുവരുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് എസ്.ഹരികിഷോര്‍ അറിയിച്ചു. കൂടാതെ നിലവിലുള്ള കുടുംബശ്രീയുടെ ബ്രാന്‍ഡിങ്ങ്, പ്‌ളാസ്റ്റിക് ഷ്രെഡ്ഡിങ്ങ് എന്നീ മേഖലകളില്‍ നിന്നും സംരംഭര്‍ക്ക് കൂടുതല്‍ വരുമാനം നേടാന്‍ കഴിയുന്ന വിധം അവയുടെ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ആര്‍സെറ്റിയുമായി ചേര്‍ന്ന് നടപ്പാക്കും. അതോടൊപ്പം കുടുംബശ്രീയുടെ മുഖ്യ പരിശീലക ഏജന്‍സിയായി ആര്‍സെറ്റിയെ ഉള്‍പ്പെടുത്തുന്ന കാര്യവും മുഖ്യ പരിഗണനയിലാണെന്നും എസ്.ഹരികിഷോര്‍ വ്യക്തമാക്കി.  

നിലവില്‍ ആര്‍സെറ്റികള്‍ വഴി പരിശീലനം നേടിയവും കുടുംബശ്രീയുടെ കീഴില്‍ വന്നിട്ടില്ലാത്തവരുമായ സംരംഭകരെയും കുടുംബശ്രീയുടെ കീഴില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണയും തുടര്‍പരിശീലനങ്ങളും ലഭ്യമാക്കുന്നതിനും പരിപാടിയുണ്ട്. ഇതു കൂടാതെ ആര്‍സെറ്റിയുടെ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കര്‍മപദ്ധതിയില്‍ കുടുംബശ്രീ വനിതകള്‍ക്കനുയോജ്യമായ തൊഴില്‍ പരിശീലന പദ്ധതികളും ഉള്‍പ്പെടുത്തും.
നിലവില്‍ കാര്‍ഷിക  മേഖലയില്‍  തേനീച്ച വളര്‍ത്തല്‍, പൂക്കൃഷി, പൂന്തോട്ട നിര്‍മാണം, പാലും പാലുല്‍പന്നങ്ങളുടെയും ഉല്‍പാദനം, കോഴി വളര്‍ത്തല്‍ എന്നിവയിലും കൂടാതെ മോട്ടോര്‍ റീവൈന്‍ഡിങ്ങ്, റേഡിയോ ടി.വി റിപ്പയറിങ്ങ്, ഇറിഗേഷന്‍ പമ്പ് സെറ്റ് റിപ്പയറിങ്ങ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, സെല്‍ഫോണ്‍ റിപ്പയറിങ്ങ്, ട്രാക്ടര്‍ ആന്‍ഡ് പവര്‍ ട്രില്ലര്‍ റിപ്പയറിങ്ങ് സ്‌ക്രീന്‍ പ്രിന്റിങ്ങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് ഡി.ടി.പി തുടങ്ങിയ മേഖലകളിലും ആര്‍സെറ്റി മുഖേന  നൈപുണ്യ പരിശീലനം നല്‍കുന്നു. കുടുംബശ്രീ വനിതകള്‍ക്കും ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്കും ഈ മേഖലകളില്‍ പരിശീലനം ലഭ്യമാക്കുന്നതോടെ സംരംഭമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാകും.

   എസ്.എല്‍.ബി.സി അസി.ജനറല്‍ മാനേജര്‍ രവീന്ദ്രനാഥ് സി, നാഷണല്‍ അക്കാദമി ഓഫ് റുഡ്‌സെറ്റി ഡയറക്ടര്‍ പിച്ചൈയ്യാ റായ്പുരി,  സീനിയര്‍ ഫാക്കല്‍റ്റി  ശ്രീനിവാസ റാവു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ആര്‍സെറ്റി സ്റ്റേറ്റ് ഡയറക്ടര്‍ കെ.ആര്‍ ജയപ്രകാശ് സ്വാഗതവും നാഷണല്‍ അക്കാദമി ഓഫ് റുഡ്‌സെറ്റി ഡയറക്ടര്‍ സണ്ണി ഫിലിപ്പ് നന്ദിയും പറഞ്ഞു.
 

 

 

Content highlight
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതും അതത് സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലുമുള്ള ലീഡ് ബാങ്കുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയുമാണ് ആര്‍സെറ്റികള്‍. ഓരോ ആര്‍സെറ്റിയുടെ കീഴിലും 56 വരെ വിവിധങ്ങളായ നൈപുണ്യ പരിശീ

കുടുംബശ്രീ അംഗങ്ങളുടെ ഓര്‍മ്മപ്പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു

Posted on Tuesday, January 21, 2020

കേരളത്തിലെ 14 ജില്ലകളിലുമുള്ള കുടുംബശ്രീ അംഗങ്ങളുടെ കുടുംബശ്രീയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. 1998ലാണ് കേരളത്തിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ രൂപീകരിച്ചത്. ആദ്യ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും അയല്‍ക്കൂട്ടങ്ങളുടെ വാര്‍ഡ് തലത്തിലുള്ള ഫെഡറേഷനായ എഡിഎസും (ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റി) പഞ്ചായത്ത് തലത്തിലുള്ള ഫെഡറേഷനായ സിഡിഎസും (കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റി) രൂപീകൃത്യമായി.

  2018ല്‍ കുടുംബശ്രീ 20ാം വര്‍ഷത്തിലേക്ക് കടന്ന അവസരത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ ഓര്‍മ്മകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്ന ആശയം മുന്നോട്ടുവന്നത്. ആ വര്‍ഷത്തിലെ സര്‍ക്കാര്‍ ബജറ്റിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓര്‍മ്മപ്പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനം നടത്തുകയും യെ്തു.

 20 വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാനും അത് പുസ്തക രൂപത്തിലാക്കാനുമായി എല്ലാ ജില്ലകളിലും ഒരു ശില്‍പ്പശാല വീതം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതനുസരിച്ച് 14 ജില്ലകളിലും കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ എഴുത്തുശില്‍പ്പശാല നടത്തി. 2018 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സംഘടിപ്പിച്ച ശില്‍പ്പശാലകളിലായി 500ഓളം കുടുംബശ്രീ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അവര്‍ എഴുതിയ ലേഖനങ്ങള്‍ ഓര്‍മ്മപ്പുസ്തകത്തിലേക്ക് ലഭിച്ചു. കൂടാതെ ശില്‍പ്പശാലയില്‍ പങ്കെടുത്ത് കുടുംബശ്രീയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ വാക്കുകളിലൂടെ പങ്കുവച്ചവരുടെ കഥകള്‍ പബ്ലിക് റിലേഷന്‍സ് ടീമിന്റെ നേതൃത്വത്തില്‍ തയാറാക്കുകയും ചെയ്തു. ഇത്തരത്തില്‍ 14 ജില്ലകളില്‍ നിന്നുമുള്ള കുടുംബശ്രീ അംഗങ്ങളുടെ ഓര്‍മ്മകള്‍ ക്രോഡീകരിച്ചാണ് 14 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്.

  ഈ പുസ്തകങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ കുടുംബശ്രീ എന്ന പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ കഥകളും ഇതിനു വേണ്ടി അംഗങ്ങള്‍ നടത്തിയ ത്യാഗത്തിന്റെ കഥകളും കുടുംബശ്രീ ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളുടെ തുടക്കത്തെക്കുറിച്ചും ഈ പ്രസ്ഥാനത്തിന്റെ അടിത്തറയെക്കുറിച്ചുമൊക്കെ കൂടുതല്‍ വിശദമായി അറിയാന്‍ കഴിയും. ഈ 14 പുസ്തകങ്ങളും താഴെ നല്‍കുന്ന ലിങ്കില്‍ നിന്ന് വായിക്കാനാകും. ഒരു തലമുറ നേടിയ വളര്‍ച്ചയുടെയും ശാക്തീകരണത്തിന്റെയും സ്വയംപര്യാപ്തതയുടെയും വിവരങ്ങള്‍ ഈ പുസ്തകങ്ങള്‍ വഴി അറിയാനാകും. http://www.kudumbashree.org/pages/159#kudumbashree-publication-tab-11  

 

Content highlight
ഇത്തരത്തില്‍ 14 ജില്ലകളില്‍ നിന്നുമുള്ള കുടുംബശ്രീ അംഗങ്ങളുടെ ഓര്‍മ്മകള്‍ ക്രോഡീകരിച്ചാണ് 14 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്.

വാര്‍ഷിക പദ്ധതി നിര്‍വ്വഹണ പുരോഗതി അവലോകനം - തൃശൂര്‍

Posted on Monday, January 13, 2020

തൃശൂര്‍, പാലക്കാട്‌ ജില്ലകളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണ പുരോഗതി അവലോകനം തദ്ദേശ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ 

സ്ഥലം : ടൌണ്‍ ഹാള്‍, തൃശൂര്‍
തിയ്യതി : 14 ജനുവരി 2020, 10am

Content highlight
Annual plan implementation progress review Thrissur

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരം രണ്ടാം സീസണ്‍; വിജയികള്‍ക്ക് പുരസ്കാരം സമ്മാനിച്ചു

Posted on Tuesday, January 7, 2020

തിരുവനന്തപുരം: ഫോട്ടോഗ്രഫിയില്‍ താത്പര്യമുള്ള വ്യക്തികളുടെ സര്‍ഗ്ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുന്നത് മുന്‍നിര്‍ത്തി കുടുംബശ്രീ സംഘടിപ്പിച്ച 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം'  ഫോട്ടോഗ്രഫി മത്സരത്തിന്‍റെ രണ്ടാം സീസണ്‍ മത്സര വിജയികള്‍ക്ക് പുരസ്കാരം സമ്മാനിച്ചു. കുടുംബശ്രീ സംസ്ഥാനമിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്കാരം നല്‍കി.

മാതൃഭൂമി പാലക്കാട് യൂണിറ്റ് ഫോട്ടോഗ്രാഫര്‍ പി.പി. രതീഷ്, മലപ്പുറം വേങ്ങര സ്വദേശി ഇ. റിയാസ്, കാസര്‍ഗോഡ് ഉദുമ ഞെക്ലി സ്വദേശി ദീപേഷ്   എന്നിവര്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഒന്നാം സ്ഥാനത്തിന് 20000 രൂപയും രണ്ടാം സ്ഥാനത്തിന് 10000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കി.  അരുണ്‍ ജ്യോതി റിഷികേശ്, രാകേഷ്.ടി.പി, ബഷീര്‍ കഡേരി, കെ.സുരേന്ദ്രന്‍, മുഹമ്മദ് ഷിഹാബ്.പി, നോബിള്‍ ജോസഫ്, അശോകന്‍ ടി.വി, ശിവാനന്ദന്‍.പി.വി, അയ്യപ്പന്‍ എം.കെ, സുജിത.പി എന്നിവരാണ് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായത്. ആയിരം രൂപയാണ് സമ്മാനത്തുക.  

 പ്രായാധിക്യം വകവയ്ക്കാതെ തൊഴിലിലേര്‍പ്പെട്ട് അദ്ധ്വാനത്തിന്‍റെ മഹത്വം വെളിവാക്കിയ ഫോട്ടോയാണ് രതീഷിനെ ഒന്നാം സ്ഥാനത്തിന് അര്‍ഹനാക്കിയത്. മികച്ച ആശയം പ്രതിഫലിപ്പിക്കുന്നതിനൊപ്പം തന്നെ മനോഹരമായി ദൃശ്യം ഒപ്പിയെടുക്കുകയും ചെയ്തതിനാണ് ഇ. റിയാസിന് രണ്ടാം സ്ഥാനം. അയല്‍ക്കൂട്ട വനിതകളുടെ ഒത്തൊരുമ വെളിപ്പെടുത്തിയ ചിത്രമാണ്  ദീപേഷിന് മൂന്നാം സ്ഥാനം നേടിക്കൊടുത്തത്.   

 2019 ഫെബ്രുവരി ആറ് മുതല്‍ മാര്‍ച്ച് 31 വരെ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് ക്ഷണിച്ചിരുന്നത്. മംഗളം ദിനപ്പത്രം മുന്‍ ഫോട്ടോ എഡിറ്റര്‍ ബി.എസ്. പ്രസന്നന്‍, ഏഷ്യാവില്‍ന്യൂസ് പ്രൊഡക്ഷന്‍ ഹെഡ് ഷിജു ബഷീര്‍, സി-ഡിറ്റ് ഫാക്കല്‍റ്റിയും ഫോട്ടോജേര്‍ണലിസ്റ്റുമായ യു.എസ്. രാഖി, കുടുംബശ്രീ അക്കൗണ്ട്സ് ഓഫീസര്‍ എം. രജനി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

 

 

 

 

 

 

 

 

 

 

Content highlight
ഒന്നാം സ്ഥാനത്തിന് 20000 രൂപയും രണ്ടാം സ്ഥാനത്തിന് 10000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കി. അരുണ്‍ ജ്യോതി റിഷികേശ്, രാകേഷ്.ടി.പി, ബഷീര്‍ കഡേരി, കെ.സുരേന്ദ്രന്‍, മുഹമ്മദ് ഷിഹാബ്.പി, നോബിള്‍ ജോസഫ്, അശോകന്‍ ടി.വി, ശിവാനന്ദന്‍.പി.

കുടുംബശ്രീ ഒരു നേര്‍ച്ചിത്രം, ഫോട്ടോഗ്രഫി മത്സരം മൂന്നാം സീസണ്‍ ജനുവരി 1 മുതല്‍

Posted on Saturday, January 4, 2020

 

·    ഒന്നാം സമ്മാനം 20000 രൂപ
·    കുടുംബശ്രീ പ്രവര്‍ത്തനങ്ങളായിരിക്കണം ഫോട്ടോകളുടെ വിഷയം

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ കേരള സമൂഹത്തില്‍ സ്വന്ത മായ ഇടം പതിപ്പിച്ച കേരളത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനായ കുടുംബശ്രീ സംഘടിപ്പി ക്കുന്ന ഫോട്ടോഗ്രാഫി മത്സരം ' കുടുംബശ്രീ ഒരു നേര്‍ച്ചിത്ര'ത്തിന്റെ മൂന്നാം സീസണ്‍ ജനുവരി 1 മുതല്‍ സംഘടിപ്പിക്കുന്നു. 2020 ഫെബ്രുവരി 1 ആണ് അവസാന തിയതി. ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ളവര്‍ക്ക് പ്രോത്സാഹനമേകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രതിപാ ദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. അയല്‍ക്കൂട്ടയോഗം, അയല്‍ക്കൂട്ട വനിത കള്‍ നടത്തുന്ന ക്യാന്റീനുകളും കഫേകളും ഉള്‍പ്പടെയുള്ള വിവിധ സംരംഭങ്ങള്‍, അയല്‍ക്കൂട്ട വനിതകളുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകളിലുള്‍പ്പെടെ കുടുംബശ്രീ വനിതകള്‍ നിയന്ത്രി ക്കുന്ന പാര്‍ക്കിങ്, വിശ്രമമുറിയുടെ പരിപാലനം, ഹൗസ് കീപ്പിങ് ജോലി കള്‍, കുടുംബശ്രീ ബാലസഭകളുടെയും ബഡ്‌സ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ആധാരമാക്കി ചിത്രങ്ങളെടുക്കാനാകും.

  ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാം. ഫോട്ടോ പ്രിന്റുകളോ അല്ലെങ്കില്‍ സിഡിയിലാക്കിയ ഫോട്ടോകള്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാതെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്കോ അയയ്ക്കാം. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
 
   വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 20,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 10,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതം പത്ത് പേര്‍ക്കും നല്‍കും. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണരൂപം www.kudumbashree.org/photography2020 എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

 

Content highlight
വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 20,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 10,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും