തദ്ദേശ സ്ഥാപനങ്ങള്‍ ഹരിതനിയമങ്ങള്‍ കര്‍ശനമാക്കുന്നു

Posted on Friday, October 4, 2019

തദ്ദേശ സ്ഥാപനങ്ങള്‍ ഗാന്ധിജയന്തി മുതല്‍ ഹരിതനിയമങ്ങള്‍ കര്‍ശനമാക്കും  ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിലുള്ള  ഹരിതനിയമ ബോധവല്‍ക്കരണ  പരിശീലനം 20 ലക്ഷം പേരിലേക്ക്

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വര്‍ഷത്തെ ഗാന്ധിജയന്തി ദിനം മുതല്‍ ഹരിതനിയമങ്ങള്‍ കര്‍ശനമാക്കും. ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന ഹരിതനിയമം ബോധവല്‍ക്കരണ പരിശീലന പരിപാടിയുടെ തുടര്‍ച്ചയാണ് നടപടി. അരുത്, വലിച്ചെറിയരുത്, കത്തിക്കരുത് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കണം എന്ന സന്ദേശമുയര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ചു വരുന്ന ഹരിതനിയമാവലി പരിശീലനം 20 ലക്ഷം പേരിലേക്ക് എത്തുകയാണ്. ഒക്ടോബര്‍ രണ്ടിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ ഇനിമേലില്‍ തങ്ങളുടെ സ്ഥാപന പരിധിയില്‍ ഏതെങ്കിലും മാലിന്യം കത്തിക്കുകയോ ഒഴുക്കി വിടുകയോ വലിച്ചെറിയുകയോ ചെയ്താല്‍ കര്‍ശന നടപടി എടുക്കുമെന്ന് പ്രഖ്യാപിക്കും. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഇതുസംബന്ധിച്ച പ്രതിജ്ഞ ചൊല്ലും. പോലീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവയുടെ സഹായത്തോടെയാണ് ഹരിതനിയമ ലംഘനങ്ങള്‍ക്കെതിരെ തദ്ദേശവകുപ്പ് നടപടികള്‍ സ്വീകരിക്കുന്നത്. ഇതിനുപുറമെ എല്ലാ സ്കൂളുകളിലും ഗാന്ധിജയന്തി ദിനം മുതല്‍ ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ എന്‍.സി.സി., എസ്.പി.സി., സ്കൗട്ട് ആന്‍റ് ഗൈഡ്സ്, എന്‍.എസ്.എസ്. വോളന്‍റിയര്‍മാരിലൂടെ ഹരിതനിയമ ബോധവല്‍ക്കരണ പരിശീലന പരിപാടിക്ക് തുടക്കമിടും.