'പുഴയൊഴുകും മാണിക്കല്‍' പാടശേഖരങ്ങളില്‍ കൃഷി വീണ്ടെടുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നാളെ (12.02.2022) ഉദ്ഘാടനം ചെയ്യും

Posted on Thursday, February 10, 2022
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പുഴയൊഴുകും മാണിക്കല്‍ പദ്ധതിയുടെ ഭാഗമായി തരിശുകിടക്കുന്ന പാടശേഖരങ്ങളില്‍ കൃഷിയിറക്കുന്നു. ഇതിന്റെ ഒന്നാം ഘട്ടം പത്തേക്കര്‍ വയലില്‍ നാളെ (2022 ഫെബ്രുവരി 12 ശനിയാഴ്ച) ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. ജി.ആര്‍.അനില്‍ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്യും.
മൂളയം വാര്‍ഡില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ഡോ: ടി എന്‍ സീമ, വാമനപുരം എം.എല്‍.എ. ടി കെ മുരളി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തല ജനപ്രതിനിധികള്‍ പങ്കെടുക്കും. സര്‍ക്കാര്‍ തലത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളെ ഏകോപിപിച്ച് കൊണ്ടാണ് പുഴയൊഴുകും മാണിക്കല്‍ പദ്ധതി നടപ്പാക്കുന്നത്. വര്‍ഷങ്ങളായി കൃഷിയില്ലാതെ കിടക്കുന്ന  തരിശു പാടങ്ങള്‍ ഈ പദ്ധതിയിലൂടെ ഏറ്റെടുത്ത് കൃഷിയോഗ്യമാക്കും. പുഴയും, തോടും, കൈതോടുകളും വൃത്തിയാക്കി പദ്ധതിയുടെ ഭാഗമാക്കുന്നത്തോടെ അനുബന്ധ കൃഷിവിളകള്‍ക്കും ജലം ലഭിക്കും. ചങ്ങാട കൃഷി, മത്സ്യ കൃഷി തുടങ്ങിയവ ഉള്‍പെടുത്തിയിട്ടുണ്ട്. കുട്ട വഞ്ചി, സൈക്ലിങ് പാതകള്‍, വയലോര നടപ്പാതകള്‍, കുടുംബശ്രീ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പ്രാദേശിക വിഭവങ്ങളുടെ ഫുഡ് കോര്‍ട്ടുകള്‍ എന്നിവ ടൂറിസം സാധ്യത മുന്‍നിര്‍ത്തി നടപ്പിലാക്കും.
മാണിക്കല്‍ പ്രദേശത്ത് വേളാവൂര്‍ തോട് എന്നറിയപ്പെടുന്ന പുഴയുമായി ബന്ധിപ്പിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര പദ്ധതിയാണ് പുഴയൊഴുകും മാണിക്കല്‍. മാണിക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. നിലവില്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഈ പുഴയും അനുബന്ധ ഭൂപ്രദേശങ്ങളും വീണ്ടെടുക്കുകയും പ്രദേശവാസികളുടെ സാമ്പത്തിക വികസനവും തൊഴില്‍ സാധ്യതകളും വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിതകേരളം മിഷന്റെ ജനകീയ നീര്‍ച്ചാല്‍ വീണ്ടെടുപ്പ് യജ്ഞമായ ഇനി ഞാനൊഴുകട്ടെയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ അറിയിച്ചു.