തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ.എം.വി.ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമാപന സമ്മേളനം വനം വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും.
· പദ്ധതി നേട്ടങ്ങളും നിര്‍വ്വഹണ രീതിയും വിശദമാക്കി പ്രദര്‍ശനവും സംഘടിപ്പിക്കുന്നു.
സുസ്ഥിര ഉപജീവനവും ജൈവവൈവിധ്യ സംരക്ഷണവും ലക്ഷ്യമിട്ട് തെക്കന്‍ പശ്ചിമഘട്ട പ്രദേശത്ത് നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്റ് സ്കേപ് (IHRML Project) പദ്ധതിയെ അടിസ്ഥാനമാക്കി തിരുവനന്തപുരത്ത് രണ്ട് ദിവസത്തെ അനുഭവ വിജ്ഞാന വ്യാപന ശില്പശാല സംഘടിപ്പിക്കുന്നു. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തെക്കന്‍ പശ്ചിമഘട്ട മേഖലയിലെ അഞ്ചുനാടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് യു എന്‍ ഡി.പി ആണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പിലൂടെയുണ്ടായ നേട്ടങ്ങള്‍, അവലംബിച്ച രീതി ശാസ്ത്രം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് വിവര വിജ്ഞാന വിനിമയ ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്. പദ്ധതി പ്രദേശത്തെ സുസ്ഥിര ഉപജീവനം, മാലിന്യ സംസ്കരണവും ജലസംരക്ഷണവും, സുസ്ഥിര ടൂറിസം സംരംഭങ്ങള്‍, ശേഷി വികസനം, പരിസ്ഥിതി പുനസ്ഥാപനം, ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തല്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇടുക്കി ജില്ലയിലെ മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍, വട്ടവട, കാന്തല്ലൂര്‍, മറയൂര്‍, ഇടമലക്കുടി, മാങ്കുളം, അടിമാലി, എറണാകുളം ജില്ലയിലെ കുട്ടമ്പുഴ, തൃശൂര്‍ ജില്ലയിലെ ആതിരപ്പിള്ളി എന്നിങ്ങനെ 11 ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി പ്രദേശം. പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൈവരിച്ചതിന്റേയും ഇതുവരെയുള്ള പ്രവര്‍ത്തന നേട്ടങ്ങളുടേയും അടിസ്ഥാനത്തില്‍ സമഗ്രമായൊരു പ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
2022 ജൂണ്‍ 29-ന് രാവിലെ 10.30-ന് കോവളത്ത് കേരള ആര്‍ട്സ് ആന്റ് ക്രാഫ്ട് വില്ലേജില്‍ ബഹു.എക്സൈസ് -തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ.എം.വി.ഗോവിന്ദന് മാസ്റ്റര്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്ററും യൂ.എന്‍.ഡി.പി. IHRML പ്രോജക്ട് സ്റ്റേറ്റ് ഡയറക്ടറുമായ ഡോ. ടി.എന്‍.സീമ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യു.എന്‍.ഡി.പി ഇന്ത്യ റസിഡന്റ് പ്രതിനിധി ഷോക്കോ നോഡ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീ.വി.പി.ജോയ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ദേവികുളം എം.എല്‍.എ. ശ്രീ.എ.രാജു, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ. ഫിലിപ്പ് വനം വന്യ ജീവി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ. ബിവാഷ് രഞ്ജന്‍ ഐ.എ.എസ്. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. രാജേഷ് സിന്‍ഹ ഐ.എ.എസ്, ഫോറസ്റ്റ് ഫോഴ്സ് മേധാവി ശ്രീ. ബെന്നിച്ചന് തോമസ്, ഐ.എഫ്.എസ്., ദേവികുളം സബ് കളക്ടര്‍ ശ്രീ. രാഹുല്‍ കൃഷ്ണ ശര്‍മ്മ ഐ.എ.എസ്, IHRML പ്രോജ്ക്ട് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ശ്രീ.സണ്‍.എസ്, ഐ.എഫ്,എസ് എന്നിവര്‍ പങ്കെടുക്കും.
പദ്ധതിയിലൂടെ പ്രദേശത്ത് സൃഷ്ടിക്കപ്പെടുന്ന മാറ്റങ്ങള്‍ സുസ്ഥിര ഉപജീവന മാര്‍ഗ്ഗങ്ങളിലൂടെ ഹരിത സമ്പദ് വ്യവസ്ഥയിലേക്ക്, സുസ്ഥിര പ്രകൃതി വിഭവ പരിപാലനത്തിനും ജൈവവൈവിദ്ധ്യ സംരക്ഷണത്തിനുമുള്ള ശേഷി വികസനം, പരിസ്ഥിതി വിജ്ഞാനവും സംരക്ഷണവും, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി 5 സെഷനുകളിലായാണ് ശില്പശാല നടത്തുന്നത്. സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ശ്രീ.ജിജു.പി.അലക്സ്, ഐ.ആര്.ടി.സി മുന്‍ ഡയറക്ടര്‍ പ്രൊ: പി.കെ.രവീന്ദ്രന്, മുന്‍ HOFF(റിട്ട) ശ്രീ.പി.കെ.കേശവന് തുടങ്ങിയവര്‍ ആണ് ശില്പശാല നയിക്കുന്നത്.
ജൂണ്‍ 30 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സമാപന സമ്മേളനം ബഹു. വനം വകുപ്പ് മന്ത്രി ശ്രീ.എ.കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ ചടങ്ങില്‍ അദ്ധ്യക്ഷയാകും. വനം വകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ശ്രീ.ഗംഗാസിംഗ്, ഐ.എ.എസ്., പരിസ്ഥിതി വനം വകുപ്പ് ഇന്‍സ്പെക്ടര്‍ ജനറല്‍ ശ്രീ.രോഹിത് തിവാരി ഐ.എഫ്.എസ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആനന്ദറാണി ദാസ്, കണ്ണന് ദേവന് ഹില്‍ പ്ലാന്റേഷന് വൈസ് പ്രസിഡന്റ് ശ്രീ.മോഹന്‍.സി.വര്‍ഗ്ഗീസ്, ഹരിതകേരളം മിഷനിലെ ജല ഉപമിഷന്‍ കണ്‍സള്‍ട്ടന്റ് ശ്രീ.എബ്രഹാം കോശി, യു.എന്‍.ഡി.പി. പ്രോജക്ട് ഓഫീസര്‍ ശ്രീമതി. അനുഷ ശര്‍മ്മ എന്നിവര്‍ പങ്കെടുക്കും.
പശ്ചിമ ഘട്ടത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ പദ്ധതി പ്രദേശത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് ആദിവാസി ജനവിഭാഗങ്ങളുടെ, സുസ്ഥിര ഉപജീവനവും അനുബന്ധ ഭൂപ്രദേശത്തെ ജൈവ വൈവിധ്യ സംരക്ഷണവും മെച്ചപ്പെടുത്താന്‍ യു.എന്‍.ഡി.പി സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ IHRML പ്രോജക്ട് നിര്‍വ്വഹണത്തിലും നേട്ടങ്ങള്‍ കൈവരിക്കുന്നതിലും മികച്ച മാതൃകയാണ് സൃഷ്ടിച്ചത്.
- 67 views