ജലസമൃദ്ധിയുടെ വീണ്ടെടുപ്പുമായി ഹരിതകേരളം

Posted on Thursday, December 6, 2018

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജനകീയ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകൊണ്ട് ഹരിതകേരളം മിഷന്‍ 2018 ഡിസംബര്‍ 8 ന് രണ്ടാം വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. കാര്‍ഷിക സമൃദ്ധിക്ക് അവിഭാജ്യ ഘടകമായ ജലസമൃദ്ധി ലക്ഷ്യമിട്ട് എല്ലാവരും ജലാശയങ്ങളിലേക്ക് എന്ന സന്ദേശവുമായാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ജനകീയ കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് പുഴ ശുചീകരണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടക്കുന്ന പരിപാടികളില്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എ മാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്കാരിക നായകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ വന്‍ ജനാവലി പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ പാണ്ടിവയല്‍ തോട് പുനരുജ്ജീവനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും കല്ലടയാര്‍ ശുചീകരണം വനംവകുപ്പ് മന്ത്രി കെ.രാജുവും ഉദ്ഘാടനം ചെയ്യും. പാലക്കാട് ജില്ലയിലെ മംഗലംപുഴയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നേതൃത്വം നല്‍കും. വയനാട് കബനീ നദിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലയിലെ കക്കാട് പുഴയില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, പി.കെ.ശ്രീമതി എം.പി എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇടുക്കി ജില്ലയിലെ പെരിയാര്‍ (മരിയാപുരം) ദേവിയാര്‍പുഴയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈദ്യുതി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. ജോയ്സ് ജോര്‍ജ്ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍ സീമ എന്നിവര്‍ പങ്കെടുക്കും. തിരുവനന്തപുരം ജില്ലയില്‍ വാമനപുരം നദിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ.എ.സമ്പത്ത് എം.പിയും ഡി.കെ മുരളി എം.എല്‍.എ യും കാട്ടാക്കട വിളപ്പില്‍ ശാലയില്‍ ഐ.ബി സതീഷ് എം.എല്‍.എ യും പത്തനംതിട്ട കോഴിത്തോട് വീണാജോര്‍ജ്ജ് എം.എല്‍.എ യും കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്കൂളിന് സമീപമുള്ള തോട് കോട്ടയം മുനിസിപ്പല്‍ ചെയര്‍മാനും തൃശൂര്‍ ജില്ലയിലെ ചാവക്കാട്, പെരിങ്ങാട് എന്നിവിടങ്ങളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും എടത്തിരുത്തി കനോലികനാല്‍ ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ യും മലപ്പുറത്ത് പുഴക്കാട്ടിരി പുഴ അഹമ്മദ് കബീര്‍ എം.എല്‍.എ യും കോഴിക്കോട് പെരുമണ്‍കടവ് തോട് വി.കെ.സി.മമ്മദ് കോയ എം.എല്‍.എ യും കാസര്‍ഗോഡ് ചിറ്റാരിപ്പുഴ ബി.കരുണാകരന്‍ എം.പി യും പുഴ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതിനു പുറമേ കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിപ്പുഴ, എറണാകുളം ജില്ലയിലെ ചങ്ങനാരിക്കല്‍, മലപ്പുറം ജില്ലയിലെ ചെറുപുഴ, കൊണ്ടോട്ടി, വാഴൂര്‍തോട്, കോഴിക്കോട് ജില്ലയിലെ കനോലികനാല്‍, ആലപ്പുഴ ജില്ലയിലെ കരിപ്പയില്‍തോട് തുടങ്ങി വിവിധയിടങ്ങളിലും പുഴ ശുചീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഓരോയിടത്തും നിശ്ചിത പ്രദേശങ്ങളില്‍ നിശ്ചിത ദൂരത്താണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വിവിധ പുഴകളിലും ജലാശയങ്ങളിലും ഡിസംബര്‍ 8 നും തുടര്‍ന്നുള്ള ദിവസങ്ങളിലുമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.