വാര്‍ത്തകള്‍

കുടുംബശ്രീയ്ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്റെ അംഗീകാരം

Posted on Thursday, April 28, 2022

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന കുടുംബശ്രീയുടെ സമീപനത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ അംഗീകാരം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം) സംഘടിപ്പിച്ച ബിസിനസ് ടു ഗവണ്‍മെന്റ് (ബിടുജി) ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലില്‍ നിന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്റ്റാര്‍ട്ടപ്പ് സൗഹൃദ വകുപ്പിനുള്ള അംഗീകാരം ഏറ്റുവാങ്ങി. ഏപ്രില്‍ 26ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലായിരുന്നു ചടങ്ങ്.

  അഗതിരഹിത കേരളം പദ്ധതി (പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും), സൂക്ഷ്മ സംരംഭം (മൊബൈല്‍ ആപ്ലിക്കേഷന്‍), കാര്‍ഷിക മേഖല (മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, പോര്‍ട്ടല്‍, മൊബൈല്‍ ആപ്ലിക്കേഷന്‍), മാര്‍ക്കറ്റിങ് (കുടുംബശ്രീ ബസാര്‍), ഹര്‍ഷം, നൂറുദിന പദ്ധതി (എംപ്ലോയ്‌മെന്റ് ട്രാക്കിങ്), ഹരിതകര്‍മ്മ സേന, ജനകീയ ഹോട്ടല്‍ (ബില്ലിങ് സോഫ്ട്‌വെയര്‍) എന്നിങ്ങനെ കുടുംബശ്രീ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ സേവനമാണ് ഉപയോഗിച്ചത്.

srtupkshree

 

Content highlight
Kudumbashree receives recognition from Kerala Startup Missionml

തൊഴില്‍ അന്വേഷികളെ കണ്ടെത്താനും വഴികാട്ടാനുമുള്ള ശ്രമങ്ങളുടെ ഭാഗമാകാന്‍ കുടുംബശ്രീയും

Posted on Tuesday, April 26, 2022

മികച്ച വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും അനുയോജ്യമായ ജോലി ലഭിക്കാത്തവര്‍, കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായ അഭ്യസ്തവിദ്യര്‍, പലകാരണങ്ങളാല്‍ ജോലിയില്‍ നിന്ന് ഇടവേള എടുക്കേണ്ടി വന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍..എന്നിങ്ങനെ നീളുന്ന തൊഴില്‍ അന്വേഷകര്‍ക്ക് വഴി കാട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാകാന്‍ കുടുംബശ്രീയും.

  കേരളത്തില്‍ വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിനും അതുവഴി കേരളത്തിലെ മനുഷ്യ വിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുമായി തുടക്കമിട്ട കേരള നോളജ് എക്കണോമി മിഷന്റെ പ്രവര്‍ത്തനങ്ങളിലാണ് കുടുംബശ്രീയും ഭാഗമാകുന്നത്. മിഷന്റെ പ്രചാരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മേയ് എട്ട് മുതല്‍ 15 വരെ നടത്തുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' എന്ന ക്യാമ്പെയ്ന്റെയും ഇതിലുള്‍പ്പെടുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ സര്‍വേയുടെയും നിര്‍വഹണം നടത്തുക കുടുംബശ്രീയാണ്.

  സര്‍വേയുടെ ഭാഗമായി 18 മുതല്‍ 59 വയസ് വരെ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ വിവരങ്ങള്‍ ശേഖരിക്കും. 'ജാലകം' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാകും വിവര ശേഖരണം.  കുടുംബശ്രീയുടെ 1070 കമ്മ്യൂണിറ്റി അംബാസഡര്‍മാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ സി.ഡി.എസ് തലത്തില്‍ ഏകോപിപ്പിക്കും.

  ക്യാമ്പെയ്‌ന്റെ ഭാഗമായി കേരള നോളജ് എക്കണോമി മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് നല്‍കുകയും വിദ്യാസമ്പന്നരായ തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഡിജിറ്റല്‍ വര്‍ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (ഡി.ഡബ്ല്യു.എം.എസ്) എന്റോള്‍ ചെയ്യാന്‍ അവരെ സഹായിക്കുകയും ചെയ്യും.

 

Content highlight
Kudumbashree to become part of the efforts to identify job seekers and give guidanceml

കുടുംബശ്രീ വിഷുച്ചന്തകളിലൂടെ 3.98 കോടി രൂപയുടെ വിറ്റുവരവ്

Posted on Wednesday, April 20, 2022
കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച വിഷുച്ചന്തകളില്‍ നിന്നും 3.98 കോടി രൂപയുടെ വിറ്റുവരവ്.  63 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി എറണാകുളം ജില്ലയാണ് ഒന്നാമത്. കാസര്‍കോട്, തൃശൂര്‍ ജില്ലകള്‍ യഥാക്രമം 41 ലക്ഷവും 40 ലക്ഷവും വിറ്റുവരവ് നേടി. കോട്ടയം, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ സി.ഡി.എസ് ചന്തകള്‍ക്ക് പുറമേ ജില്ലാതലത്തിലും വിഷുച്ചന്തകള്‍ സംഘടിപ്പിച്ചു.  

  തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നൊരുക്കിയ കുടുംബശ്രീ വിഷുച്ചന്തകളില്‍ 14358 വനിതാ കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിച്ച വിഷവിമുക്ത പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ്  വിപണനത്തിനെത്തിച്ചത്. കൂടാതെ 15889 സൂക്ഷ്മ സംരംഭങ്ങളില്‍ ഉല്‍പാദിപ്പിച്ച വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളും ലഭ്യമാക്കിയിരുന്നു.

  സാധാരണക്കാര്‍ക്ക് മിതമായ വിലയില്‍ ഗുണമേന്‍മയുള്ള പച്ചക്കറികള്‍  ലഭ്യമാക്കുക എന്നതോടൊപ്പം കോവിഡ് കാല മാന്ദ്യത്തില്‍ നിന്നും കുടുംബശ്രീ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഉല്‍പന്ന വിപണനത്തിനും വരുമാന വര്‍ദ്ധനവിനുമുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷുച്ചന്തകള്‍ സംഘടിപ്പിച്ചത്.  

vishu

 

Content highlight
3.98 crore sales through kudumbashree vishu market ml

സംസ്ഥാനത്ത് കുടുംബശ്രീയുടെ 1069 വിഷു ചന്തകള്‍

Posted on Wednesday, April 13, 2022

കേരളീയര്‍ക്ക് വിഷു സദ്യയൊരുക്കാന്‍ സംസ്ഥാനമൊട്ടാകെ 1069 കുടുംബശ്രീ സി.ഡി.എസുകളിലും വിഷു ചന്തകള്‍ ആരംഭിച്ചു. ഏപ്രില്‍ 15 വരെയാണ് കുടുംബശ്രീ വിഷു വിപണി. സാധാരണക്കാര്‍ക്ക് മിതമായ വിലയില്‍ ഗുണമേന്‍മയുള്ള വിഷവിമുക്ത പച്ചക്കറികള്‍ ലഭ്യമാക്കുക എന്നതോടൊപ്പം കോവിഡ് കാല മാന്ദ്യത്തില്‍ നിന്നും കുടുംബശ്രീ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഉല്‍പന്ന വിപണനത്തിനും വരുമാനവര്‍ദ്ധനവിനുമുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.


കുടുംബശ്രീയുടെ കീഴിലുള്ള 74,776 വനിതാ കാര്‍ഷിക സംഘങ്ങള്‍ ജൈവക്കൃഷി രീതിയില്‍ ഉല്‍പാദിപ്പിച്ച വിഷരഹിത പച്ചക്കറികളും കൂടാതെ സൂക്ഷ്മസംരംഭകരുടെ ഉല്‍പന്നങ്ങളുമാണ് വിഷു ചന്തകളിലൂടെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. കണിയൊരുക്കുന്നതിനുള്ള വെള്ളരി മുതല്‍ പാവയ്ക്ക, ചീര, വഴുതന, വെണ്ട, പച്ചമുളക്, മത്തങ്ങ, പയര്‍, കാന്താരി, മുരിങ്ങക്കായ്,  തുടങ്ങിയ പച്ചക്കറികളും വൈവിധ്യമാര്‍ന്ന ഉപ്പേരികള്‍. ധാന്യപ്പൊടികള്‍, കറിപ്പൊടികള്‍, ചമ്മന്തിപ്പൊടികള്‍ എന്നിവയും കുടുംബശ്രീ വിഷുവിപണിയില്‍ ലഭിക്കും. ഇതോടൊപ്പം അതത് പ്രദേശത്ത് കുടുംബശ്രീ സൂക്ഷ്മ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന വിവിധ ഭക്ഷ്യവസ്തുക്കളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും വാങ്ങാനാകും.

vishu

തദ്ദേശ സ്ഥാപനങ്ങളുമായി  സഹകരിച്ചാണ് വിഷു ചന്തകളുടെ സംഘാടനം. വിഷു വിപണിയിലേക്ക് പരമാവധി ഉല്‍പന്നങ്ങളെത്തിക്കാനുള്ള ചുമതല ഓരോ സി.ഡി.എസിലും രൂപീകരിച്ചിട്ടുള്ള സംഘാടക സമിതിക്കാണ്.  വിപണന മേളയുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയും ഈ സമിതി ഉറപ്പു വരുത്തും. മേളയില്‍ എത്തുന്ന ഉല്‍പന്നങ്ങളുടെ അളവ്, കര്‍ഷകരുടെയും സംരംഭകരുടെയും പങ്കാളിത്തം എന്നിവ കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങളും ഹരിതചട്ടവും ഉറപ്പു വരുത്തിയാകും വിപണന മേളകള്‍ സംഘടിപ്പിക്കുക.

Content highlight
Vishu Markets of Kudumbashree starts across the state

കുടുംബശ്രീ സര്‍ഗ്ഗം 2022 : വിജയികള്‍ക്ക് പുരസ്‌ക്കാരം വിതരണം ചെയ്തു

Posted on Tuesday, April 12, 2022
 
കുടുംബശ്രീ അംഗങ്ങള്ക്ക് വേണ്ടി സംഘടിപ്പിച്ച 'സര്ഗ്ഗം 2022' കഥാരചനാ മത്സര വിജയികള്ക്കുള്ള പുരസ്‌ക്കാര വിതരണം എഴുത്തുകാരിയും കേരള സാഹിത്യ അക്കാഡമി മുന് വൈസ് പ്രസിഡന്റുമായ ഡോ. ഖദീജ മുംതാസ് നിര്വഹിച്ചു. ദേശീയ സരസ് മേള 2022 ന്റെ സമാപനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില് നിശാഗന്ധി ഓഡിറ്റോറിയത്തില് ഞായറാഴ്ച (ഏപ്രില് 10) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പുരസ്‌ക്കാര വിതരണം.
 
ഒന്നാം സമ്മാനാര്ഹയായ പാലക്കാട് സ്വദേശിനി നിത. പി (കഥ- ത്ഫൂ) 15,000 രൂപയും ശില്പ്പവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. കോട്ടയം സ്വദേശിനി ധന്യ എന്. നായര് (കഥ- തീണ്ടാരി) രണ്ടാം സ്ഥാനത്തിനുള്ള 10,000 രൂപയും പ്രശസ്തി പത്രവും ഏറ്റുവാങ്ങിയപ്പോള് മലപ്പുറം ജില്ലയില് നിന്നുള്ള ടി.വി. ലത (കഥ- നിരത്തുവക്കിലെ മരങ്ങള്) മൂന്നാം സ്ഥാനത്തിനുള്ള 5000 രൂപയും ശില്പ്പവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി.
 
ബേബി ഗിരിജ (പാലക്കാട്), ഊര്മ്മിള. എ (തിരുവനന്തപുരം), വിജയലക്ഷ്മി എം.കെ (കണ്ണൂര്), ശ്രീദേവി കെ. ലാല് (എറണാകുളം), ജിഷ. എം (കണ്ണൂര്) എന്നിവര്ക്ക് പ്രോത്സാഹന സമ്മാനാര്ഹര്ക്കുള്ള 1000 രൂപയും പ്രശസ്തി പത്രവും ശില്പ്പവും സമ്മാനിച്ചു. ഇര്ഫാന പി.കെ (കണ്ണൂര്), റാഷിദ സുബൈര് എം.ടി (മലപ്പുറം), അനുജ ബൈജു (കോട്ടയം) എന്നിവര്ക്കും പ്രോത്സാഹന സമ്മാനം ലഭിച്ചിരുന്നു.
 
SARGAM

 

 
Content highlight
Sargam 2022: Awards distributed to the Winners

ദേശീയ സരസ് മേള 2022 സമാപിച്ചു

Posted on Monday, April 11, 2022

മാര്‍ച്ച് 30 ന് തിരുവനന്തപുരം കനകക്കുന്നില്‍ തുടക്കമായ ഉത്പന്ന വിപണന മേള ദേശീയ സരസ് മേള 2022 സമാപിച്ചു. ഞായറാഴ്ച (ഏപ്രില്‍ 10) നടന്ന സമാപന ചടങ്ങ് തൊഴില്‍- വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

  ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങളെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി 250 പ്രദര്‍ശന വിപണന സ്റ്റാളുകളും അതിനൊപ്പം 15 സംസ്ഥാനങ്ങളിലെ ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന 25 സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന ഫുഡ്‌കോര്‍ട്ടും മേളയിലുണ്ടായിരുന്നു. ഇത് കൂടാതെ 12 ദിവസങ്ങളിലും കലാ സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറി. സിക്കിം, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, തെലുങ്കാന, ആന്ധ്ര പ്രദേശ്, ഗോവ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ വിപണനത്തിന് എത്തിച്ചിരുന്നു.

 മികച്ച സ്റ്റംരഭകര്‍ക്കുള്ള അവാര്‍ഡുകളും മികച്ച രീതിയില്‍ മേള റിപ്പോര്‍ട്ട് ചെയ്തതിനുള്ള മാധ്യമ പുരസ്‌ക്കാരവും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ. വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, വാമനപുരം എം.എല്‍.എ അഡ്വ. ഡി.കെ. മുരളി, അരുവിക്കര എം.എല്‍.എ അഡ്വ. ജി. സ്റ്റീഫന്‍, എഴുത്തുകാരി ഡോ. ഖദീജ മുംതാസ് തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു നന്ദി പറഞ്ഞു.

സരസ് 2022 മാധ്യമ പുരസ്‌ക്കാര ജേതാക്കള്‍ -

1. അച്ചടി മാധ്യമം
മികച്ച റിപ്പോര്‍ട്ടിങ്- ആര്യ യു.ആര്‍ (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)

പ്രത്യേക ജൂറി പരാമര്‍ശം - അശ്വതി ജയശ്രീ (ദേശാഭിമാനി)  

2. ദൃശ്യ മാധ്യമം
മികച്ച റിപ്പോര്‍ട്ടിങ്- എസ്.എസ്. ശരണ്‍ (ന്യൂസ് 18)

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍- എം.കെ. വിനോദ് (അമൃത ടിവി), ഗോപാല്‍ ഷീല സനല്‍ (മീഡിയ വണ്‍).

3. ഫോട്ടോഗ്രാഫി

ഒന്നാം സ്ഥാനം - സുമേഷ് കൊടിയത്ത് (ദേശാഭിമാനി)
രണ്ടാം സ്ഥാനം - വിന്‍സെന്റ് പുളിക്കല്‍ (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)
മൂന്നാം സ്ഥാനം - ടി.കെ. ദീപപ്രസാദ് (ടൈംസ് ഓഫ് ഇന്ത്യ)

സംരംഭകര്‍ക്കുള്ള പുരസ്‌ക്കാരം
1. മികച്ച സംരംഭക- ജ്യോതി ലതികരാജ് (ജാക്ക്  വേള്‍ഡ്)

2. മികച്ച യുവ സംരംഭക - ഷീജ (ഇല സാനിറ്ററി പാഡ്)  

3. വാല്യൂ അവാര്‍ഡ് (മികച്ച പ്രസന്റേഷനും വാര്‍ത്ത പ്രാധാന്യവും) -  
സൈകത്‌ ചിത്രഹാര്‍ (ബംഗാള്‍).

SARAS

 

Content highlight
SARAS fest concludes

ദേശീയ സരസ് മേളയ്ക്ക് തുടക്കം - മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

Posted on Thursday, March 31, 2022

ദേശീയ സരസ് മേള ഇന്ത്യയുടെ സാംസ്‌ക്കാരിക പാരമ്പര്യത്തെ പ്രതിദ്ധ്വനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള 2022ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

  സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം എന്ന ആശയത്തിനുപരിയായി അവരുടെ സാമൂഹ്യ മുന്നേറ്റത്തിനു വഴി തുറക്കുന്ന ഒരു വലിയ അവസരമായി സരസ് മേള മാറും. പുതിയകാലഘട്ടത്തില്‍ വന്‍കിട സംരംഭങ്ങള്‍ക്കൊപ്പം ചെറുകിട സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സരസ് മേള.  

  സമാനകളില്ലാത്ത സംരംഭക മേളയാണ് സരസ് എന്നും വരുംദിവസങ്ങളില്‍ വര്‍ദ്ധിച്ച പൊതുജനപങ്കാളിത്തം മേളയിലുണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തൊഴില്‍-പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുത്തു.

cm

 

മേയര്‍ എസ്. ആര്യാ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് വിഷയാവതരണം നടത്തി. അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍ എന്നിവര്‍ സ്ത്രീശക്തി കലാജാഥയില്‍ പങ്കെടുത്ത ജില്ലാ ടീമുകളെ ആദരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസ് പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ ഡോ. റീന കെ.എസ്, കോര്‍പ്പറേഷന്‍ സി.ഡി.എസ് അധ്യക്ഷ വിനിത. പി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു കൃതജ്ഞത അറിയിച്ചു.

  28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗ്രാമീണ ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വിപണനത്തിനും ഒരുക്കിയിരിക്കുന്ന 250 സ്റ്റാളുകളും 15 സംസ്ഥാനങ്ങളിലെ ഭക്ഷണ വൈവിധ്യമൊരുക്കുന്ന 25 സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന ഫുഡ്‌കോര്‍ട്ടുമാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

 

Content highlight
SARAS starts at Thiruvananthapuram

ദേശീയ നഗര ഉപജീവന ദൗത്യം - മികച്ച പദ്ധതി നിർവഹണത്തിൽ കേരളം ഒന്നാമത്

Posted on Saturday, March 26, 2022

രാജ്യത്ത് ദേശീയ നഗര ഉപജീവനം പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്നതിന് കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2020/21 ലെ സ്പാർക്ക് റാങ്കിങ്ങിൽ കേരളം ഒന്നാമത്. 20 കോടി രൂപയാണ് അവാർഡ് തുക. നഗരസഭകളുമായി ചേർന്ന് കുടുംബശ്രീയാണ് പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത്.

നഗര ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി 2015 ലാണ് കേരളത്തിൽ ഈ പദ്ധതി ആരംഭിച്ചത്. സാമൂഹ്യ ഉൾച്ചേർക്കൽ സാധ്യമാക്കിക്കൊണ്ട് ഭൗതിക ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയും അതു വഴി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിച്ചതിനുമാണ് അവാർഡ്. 2018 ൽ മൂന്നും, 2019 ൽ രണ്ടും 2020 ൽ മൂന്നും റാങ്കുകൾ കുടുംബശ്രീ നേടിയിട്ടുണ്ട്. കോവിഡ് മഹാമാരിയെത്തുടർന്നുള്ള പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ട് കൂടിയും പദ്ധതി നിർവഹണ മികവിന് അംഗീകാരം നേടുകയായിരുന്നു.

   നഗരങ്ങളിൽ എൻ.യു.എൽ.എം- ന്റെ ഭാഗമായി പുതുതായി അയൽക്കൂട്ടങ്ങൾ രൂപീകരിച്ച് 10,000 രൂപ നിരക്കിൽ റിവോൾവിങ് ഫണ്ട് നൽകി വരുന്നു. എ.ഡി.എസുകൾക്ക് 50,000 രൂപ വീതം റിവോൾവിങ് ഫണ്ടും നൽകുന്നുണ്ട്. കൂടാതെ നഗര ഉപജീവന കേന്ദ്രങ്ങൾ ആരംഭിക്കുക നൈപുണ്യ പരിശീലനം നൽകി. തൊഴിൽ ലഭ്യമാക്കുക, വ്യക്തിഗത -  ഗ്രൂപ്പ് സംരംഭങ്ങളൾ  ആരംഭിക്കുന്നതിന് ധനസഹായം ലഭ്യമാക്കുക, അയൽക്കൂട്ടങ്ങൾക്ക് ലിങ്കജ് വായ്പയും പലിശ സബ്സിഡിയും നൽകുക, തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ. 

  ഇത് കൂടാതെ 27 ഷെൽട്ടർ ഹോമുകൾ നാളിതുവരെ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കി, സർവേയിലൂടെ കണ്ടെത്തിയ തെരുവ് കച്ചവടക്കാർക്ക് പി.എം. സ്വാനിധി പദ്ധതി വഴി വായ്പ്പ ലഭ്യമാക്കുകയും തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്തിട്ടുണ്ട് .

Content highlight
National Urban Livelihood Mission- Kerala comes first in SPARK Ranking

സർഗ്ഗം 2022 - കുടുംബശ്രീയുടെ ത്രിദിന സാഹിത്യ ശില്പശാലയ്ക്ക് തുടക്കം

Posted on Friday, March 25, 2022

സ്ത്രീ അബലയല്ല എന്നു  ബോധ്യപ്പെടുന്നിടത്തുനിന്നുമാണ് സ്ത്രീശാക്തീകരണം തുടങ്ങുന്നതെന്നും സർഗവാസനനകളെ നില നിർത്താനുള്ള ശ്രമങ്ങൾ അതിന്റെ ഭാഗമാണെന്നും  പ്രൊഫ. കെ. സച്ചിദാ നന്ദൻ പറഞ്ഞു.  കുടുംബശ്രീയും  കേരള സാഹിത്യ അക്കാദമിയും കിലയും സംയുക്തമായി കുടുംബശ്രീ വനിതകൾക്കായി സംഘടിപ്പിക്കുന്ന സർഗ്ഗം-2022 ത്രിദിന സാഹിത്യ ശിൽപ്പശാല വ്യാഴാഴ്ച്ച (23/02/2022) ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്ക്‌ വിവാഹശേഷം കലാഭിരു ചികൾ ഇല്ലാതെയാകുന്നതിന്റെ കാരണം കുടുംബവും, സ്ത്രീകൾ നിർവഹിക്കണം എന്ന്   സമൂഹവും  പറയുന്ന ചുമതലകളുമാണ്. കുടുംബത്തിൽ ഒട്ടേറെ ചുമതലകൾ നിർവഹിക്കാൻ  മുതിർന്ന സ്‌ത്രീകൾ ഉൾപ്പെടെയുള്ളവരിൽ നിന്നും ഓരോ പെണ്കുട്ടിയും  ചെറുപ്പം മുതൽ പരി ശീലിപ്പിക്കപ്പെടുന്നു. സാഹിത്യമേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന  സ്ത്രീകൾക്ക്  നിരീക്ഷണം, വാസന, പ്രചോദനം, പ്രയത്നം എന്നിവ  ഉണ്ടാകണം. ഇതെല്ലാം  ചേരുമ്പോഴാണ് ഉത്തമ സാഹിത്യം ഉണ്ടാവുന്നത്. സർഗ്ഗശേഷി കണ്ടെത്താനും അത് നിലനിർത്തിക്കൊണ്ടു പോകാനുമുള്ള ബോധപൂർവമായ പരിശ്രമങ്ങൾ ശാക്തീകരണതിലേക്കുള്ള വഴിയാണ്. അതുകൊണ്ടാണ് സർഗ്ഗം പോലുള്ള ശില്പശാലകൾ സ്ത്രീശാക്തീകരണത്തിന്റെ പുതിയ മാനങ്ങൾ തുറക്കുന്നത്. കുടുംബശ്രീ വനിതകൾക്കായി ഇത്തരമൊരു ഉദ്യമത്തിനു തുടക്കമിട്ട കുടുംബശ്രീ യെ അഭിനന്ദിക്കുന്നു  എന്നും അദ്ദേഹം പറഞ്ഞു. 

കുടുംബശ്രീ ഡയറക്ടർ ആശാ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി. കില അർബൻ സീനിയർ ഫാക്കൽറ്റി ഡോ.രാജേഷ്. കെ, ജില്ലാ അസിസ്റ്റന്റ് ഇൻഫോർമേഷൻ ഓഫീസർ ശ്രുതി.എ എസ് എന്നിവർ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ബി.എസ്. മനോജ് സ്വാഗതവും ജില്ലാമിഷൻ കോർഡിനേറ്റർ ഇൻ ചാർജ് രാധാകൃഷ്ണൻ. കെ നന്ദിയും പറഞ്ഞു. 

ശിൽപ്പശാലയുടെ ഭാഗമായി എഴുത്തുകരായ ശിഹാബുദ്ദീൻ  പൊയ്ത്തുകടവ്, ദീപാ നിശാന്ത്, മജീദ് സെയ്ദ്,  അശ്വിനി ആർ.ജീവൻ, ലിസ്സി, അബിൻ ജോസഫ്, ഇ.സന്ധ്യ ,  എൻ.ജി. നയനതാര  എന്നിവർ വിവിധ വിഷയങ്ങൾ ആസ്പദമാക്കി സംവദിച്ചു.  ശിൽപ്പശാല 25 ന് സമാപിക്കും. 

 

Content highlight
'Sargam 2022' Three Day Literary Workshop starts at Thrissur

ജെന്‍ഡര്‍ - കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ദേശീയ ത്രിദിന ശിൽപ്പശാല സമാപിച്ചു

Posted on Saturday, March 19, 2022

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് വേണ്ടി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (എൻ.ആർ.എൽ.എം) ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മാർച്ച് 15 മുതൽ തൃശ്ശൂരിൽ നടത്തിവന്ന ദേശീയ ത്രിദിന ശിൽപ്പശാല 17ന്‌ സമാപിച്ചു. ജെൻഡർ സംയോജന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന മാതൃകാ ഇടങ്ങളുടെ വികസിപ്പിക്കലും സ്ഥാപന സംവിധാനം ശക്തിപ്പെടുത്തലും' എന്ന വിഷയത്തിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.


  എൻ.ആർ,എൽ.എം -ന്റെ ഭാഗമായി നിലവിൽ ജെൻഡർ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്ന സംസ്ഥാനങ്ങളുടെ പ്രവർത്തന രീതി പഠിക്കുന്നതിനും പൊതുവായ പ്രവർത്തന തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതുമായിരുന്നു ശിൽപ്പശാലയുടെ ലക്ഷ്യം. ഛത്തിസ്ഗഡ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, അരുണാചൽപ്രദേശ് തുടങ്ങിയ 19 സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള എഴുപതിലേറെ പ്രതിനിധികളാണ് ശിൽപ്പശാലയിൽ പങ്കെടുത്തത്.
 

finl
  ജെൻഡർ മേഖലയിൽ നടത്തുന്ന പ്രത്യേക ഇടപെടലുകളെക്കുറിച്ച് മധ്യപ്രദേശ്, ഝാർഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ ആദ്യ ദിനത്തിൽ അവതരണങ്ങൾ നടത്തി. അതേസമയം രണ്ടാംദിനത്തിൽ കുടുംബശ്രീ മുഖേന കേരളത്തിൽ നടത്തുന്ന ജെൻഡർ ഇടപെടലുകൾ നേരിട്ട് കണ്ടറിയുന്നതിനായി നടത്തറ, പാണഞ്ചേരി, അതിരപ്പിള്ളി പഞ്ചായത്തുകളിൽ സംഘം പഠനസന്ദർശനം നടത്തി.
 
 ഓരോ സംഘവും ഇവിടെ നിന്ന് മനസ്സിലാക്കിയ വിവരങ്ങൾ അവതരിപ്പിക്കുകയും സംശയനിവാരണം നടത്തുകയും തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് പകർത്താനാകുന്ന മികച്ച ഇടപെടലുകൾ പങ്കുവയ്ക്കുകയും ചെയ്തു. കൂടാതെ ജെൻഡർ സംയോജന പ്രവർത്തനങ്ങൾ നടത്തുന്ന മാതൃകാ ഇടങ്ങളുടെ രൂപീകരണത്തെക്കുറിച്ചുള്ള വിശദമായ ചർച്ചയും ശിൽപ്പശാലയുടെ ഭാഗമായി നടന്നു.

 

Content highlight
national gender workshop concludes