എം‌.ബി. രാജേഷ്

M B Rakesh

ശ്രീ. എം‌.ബി.രാജേഷ്

നിയമസഭ മണ്ഡലം: തൃത്താല


വകുപ്പുകൾ: തദ്ദേശ സ്വയംഭരണ വകുപ്പ്, എക്സൈസ്, പാർലമെന്ററി കാര്യം - പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, ടൗൺ പ്ലാനിംഗ്, പ്രാദേശിക വികസന അതോറിറ്റികൾ, കില.

സെക്രട്ടേറിയറ്റ് അനക്സ് - അഞ്ചാം നില 
റൂം നമ്പര്‍ 501 സി
ഇ-മെയില്‍ : min.lsgd@kerala.gov.in

പ്രൊഫൈൽ :

കേരള സംസ്ഥാനത്തിന്റെ തദേശസ്വയം ഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രിയാണ് എം ബി രാജേഷ്. കേരള നിയമസഭയുടെ മുൻ സ്‌പീക്കറുമാണ്. പതിനഞ്ചാം കേരള നിയമസഭയിൽ തൃത്താല നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗം. പതിനാലും പതിനഞ്ചും ലോകസഭകളിൽ പാലക്കാട് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള എം ബി രാജേഷ് സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുൻ അഖിലേന്ത്യാ പ്രസിഡന്റുമാണ്.

പാലക്കാട് ജില്ലയിലെ ഷൊർണൂർ ചളവറ കയിലിയാട് റിട്ട. ഹവിൽദാർ ബാലകൃഷ്ണൻനായരുടെയും എം കെ രമണിയുടെയും മകനായി 1971 മാർച്ച് 12 ന് പഞ്ചാബിലെ ജലന്ധറിൽ ജനിച്ചു. ചളവറയിലെ ഹൈസ്കൂൾ പഠനമാണ് രാജേഷിനെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലേക്കും അതുവഴി ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കും എത്തിച്ചത്. SFI യിലൂടെ വിദ്യാർത്ഥി നേതാവായി വളർന്നു. നിയമവിദ്യാർത്ഥിയായിരിക്കുമ്പോൾ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ഒരു എഴുത്തുകാരൻ കൂടിയായ രാജേഷ് ഡി.വൈ.എഫ്.ഐ.യുടെ മുഖപത്രമായ "യുവധാര' യുടെ മുഖ്യ പത്രാധിപരായിരുന്നു. 2009-ലെ തെരഞ്ഞെടുപ്പിൽ 1820 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പാലക്കാട്‌ ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് ലോകസഭയിലെത്തിയത്. ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് എൽഎൽബി ബിരുദം എന്നിവ നേടി. എസ്.എഫ്.ഐ. നേതാവായിരിക്കേ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായി പ്രവർത്തിച്ചു. പൊതുമേഖലയുടെ സംരക്ഷണത്തിനു വേണ്ടിയും വർഗീയതക്കും നവ ലിബറൽ സാമ്പത്തിക നയങ്ങൾക്കുമെതിരെയും ലോകസഭയിൽ ശബ്ദമുയർത്തി. 

ആഗോളവത്കരണത്തിന്റെ വിരുദ്ധ ലോകങ്ങൾ, പരാജയപ്പെട്ട കമ്പോളദൈവം, ചരിത്രം അവരെ കുറ്റക്കാരെന്ന് വിളിക്കും, നിശ്ശബ്ദരായിരിക്കാൻ എന്തവകാശം?, റിപ്പബ്ലിക്കിന്റെ ഭാവി എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്,

ബ്രിജേഷ് (പ്രവാസി), സംഘമിത്ര (അധ്യാപിക) എന്നിവർ സഹോദരങ്ങളാണ്. മുൻ എസ്.എഫ്.ഐ. നേതാവും കാലടി സംസ്കൃത സർവ്വകലാശാല അധ്യാപികയുമായ ഡോ. നിനിത കണിച്ചേരിയാണ് ഭാര്യ. നിരഞ്ജന, പ്രിയദത്ത എന്നിവർ മക്കളാണ്