Kerala must achieve complete Digital Literacy: Minister M V Govindan Master

Posted on Wednesday, June 1, 2022

സർക്കാർ സംവിധാനങ്ങളും സേവനങ്ങളും പൂർണമായി ഓൺലൈൻ വഴി ലഭ്യമാകുന്ന പശ്ചാത്തലത്തിൽ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങളിൽ ഇ-ഗവേണൻസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഇൻഫർമേഷൻ കേരള മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന കാലത്ത് ഓരോ പൗരനും അതിന്റെ ഗുണം ലഭിക്കണമെങ്കിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് ലഭിക്കേണ്ടത് പ്രധാനമാണ്. ഇത് സാധ്യമാക്കുന്നതിനുള്ള പരിശീലനങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓരോ വിഭാഗം തദ്ദേശ സ്ഥാപനങ്ങൾക്കും സേവനങ്ങൾ ഏകീകൃതമായ രീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ് വെയറുകൾ രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ജൂലൈ മാസത്തോടെ ഇത് യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇൻഫർമേഷൻ കേരള മിഷൻ ചീഫ് മിഷൻ ഡയറക്ടർ സന്തോഷ് ബാബു, നഗരകാര്യ വകുപ്പ് ഡയറക്ടർ അരുൺ കെ വിജയൻ, ഐ ടി മിഷൻ ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ്, ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ ഡി.സങ്കി, എൻ ഐ സി ഡയറക്ടർ പി വി മോഹന കൃഷ്ണൻ എന്നിവർ പങ്കെടുത്തു.