Haritha Keralam- Pachathuruthu Project will be set up on the World Environment Day (05.06.2019)

Posted on Monday, June 3, 2019

ഹരിതകേരളം മിഷന്‍റെ പച്ചത്തുരുത്ത് പദ്ധതിക്ക് 05.06.2019 നു തുടക്കം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു
തരിശ്ഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്‍റെ പച്ചത്തുരുത്ത് പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ (05.06.2019) തുടക്കമാവും. സംസ്ഥാനതല ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്ത് പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ വേങ്ങോട് ജംഗ്ഷനില്‍ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിര്‍വഹിക്കും. ബഹു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.വി.എസ്. സുനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ബഹു.വനംവകുപ്പ് മന്ത്രി ശ്രീ.കെ.രാജു മുഖ്യ പ്രഭാഷണവും പച്ചത്തുരുത്ത് കൈപുസ്തകം പ്രകാശനവും നിര്‍വഹിക്കും. കേരളത്തിലെ 250 ഗ്രാമപഞ്ചായത്തുകളിലായി 500 ഓളം ഏക്കറില്‍ നാളെത്തന്നെ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമിടും. തുടര്‍ന്ന് ആദ്യമൂന്നു മാസത്തിനുള്ളില്‍ തന്നെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്ത് പദ്ധതി വ്യാപിപ്പിക്കും. ശ്രീ.സി.ദിവാകരന്‍ എം.എല്‍.എ, ശ്രീ. അടൂര്‍ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.വി.കെ.മധു, നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ശ്രീ.ചെറിയാന്‍ ഫിലിപ്പ്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷാനിബ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി എസ് രാധാദേവി, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കുമാരി വിനീത വിജയന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.പി.ദിലീപ് കുമാര്‍, ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ശ്രീ.ഇ.പ്രദീപ് കുമാര്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എസ്.സി. ജോഷി, കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ ജയശ്രീ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അഡീഷണല്‍ ഡെവലപ്മെന്‍റ് കമ്മീഷണര്‍ ശ്രീ.എല്‍.പി.ചിത്തര്‍, പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ ശ്രീ.ആര്‍.പ്രകാശ് കുമാര്‍, ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍ സീമ, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.കെ.വേണുഗോപാലന്‍ നായര്‍, എന്നിവര്‍ പങ്കെടുക്കും. പൊതുസ്ഥലങ്ങളിലുള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളെല്ലാം പച്ചത്തുരുത്ത് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങളാണ്. ചുരുങ്ങിയത് അരസെന്‍റ് മുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിത ഗൃഹവാതകങ്ങളുടെ സാന്നിധ്യംകൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും. ജൈവവൈവിധ്യ ബോര്‍ഡ്, കൃഷി വകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പിന്‍റെ സാമൂഹ്യവനവത്ക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്. പച്ചത്തുരുത്ത് പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി പരിസ്ഥിതി പ്രവര്‍ത്തകര്‍, ജൈവവൈവിധ്യ മേഖലയിലെ വിദഗ്ദ്ധര്‍, വനവത്ക്കരണ രംഗത്ത് പ്രവര്‍ത്തിച്ച പരിചയസമ്പന്നര്‍, കൃഷി വിദഗ്ദ്ധര്‍, ജനപ്രതിനിധികള്‍, പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന ജില്ലാതല സാങ്കേതിക സമിതികളുണ്ടാകും. വിത്തിനങ്ങള്‍ കണ്ടെത്തല്‍, വൃക്ഷങ്ങളുടെ തിരിച്ചറിയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പച്ചത്തുരുത്ത് നിര്‍മ്മിതിക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഈ സമിതികളാണ് നല്‍കുന്നത്.