Regularisation of Building Construction Act 2018 - Came into force

Posted on Wednesday, March 7, 2018

സംസ്ഥാനത്ത് കെട്ടിടനിര്‍മ്മാണചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പിഴയടച്ച് ക്രമവത്ക്കരിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങി. മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയില്‍ GO(P)11/2018/LSGD യായും ഗ്രാമപഞ്ചായത്ത് പരിധിയില്‍ GO(P)12/ 2018/LSGD ആയുമാണ് സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളത്. രണ്ട് ഉത്തരവുകളും സര്‍ക്കാര്‍ ഗസറ്റിലും തദ്ദേശ വകുപ്പിന്റെ വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെട്ടിട നിര്‍മ്മാണചട്ടം ലംഘിച്ച് 2017 ജൂലൈ 31 വരെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കുമാണ് ഈ ഉത്തരവ് വഴി പിഴയടച്ച് ക്രമീകരിക്കാനാകുന്നത്. വാണിജ്യ കെട്ടിടങ്ങളുടെ FAR, Coverage, Setback, Parking, Access എന്നിവ ഇതുമൂലം ക്രമവത്ക്കരിക്കാനാകും. കെട്ടിട ഉടമകള്‍ 90 ദിവസത്തിനകം അപേക്ഷ ബന്ധപ്പെട്ട കോര്‍പ്പറേഷന്‍ / മുനിസിപ്പാലിറ്റി / ഗ്രാമപഞ്ചായത്ത് എന്നിവയുടെ സെക്രട്ടറിക്കാണ് നല്‍കേണ്ടത്. അപേക്ഷയുടെ മാതൃക ഉത്തരവിനോടൊപ്പം ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ പരിധിയില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍, റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, ബന്ധപ്പെട്ട സെക്രട്ടറി എന്നിവരടങ്ങുന്ന ഒരു സമിതി ഇത് പരിശോധിച്ച് ലംഘനത്തിന്റെ തോത് കണക്കാക്കി ഉത്തരവ് പ്രകാരമുള്ള പിഴ നിശ്ചയിക്കും. നിശ്ചയിക്കപ്പെടുന്ന പിഴയുടെ 50% ട്രഷറിയിലും ബാക്കി 50% തദ്ദേശ സ്ഥാപനത്തിലുമാണ് അടയ്ക്കേണ്ടത്. നെല്‍വയല്‍ സംരക്ഷണ നിയമം, പരിസ്ഥിതി നിയമങ്ങള്‍, കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ നിയമങ്ങള്‍, ഫയര്‍ & റസ്ക്യൂ നിയമങ്ങള്‍ തുടങ്ങിയവ ഈ ചട്ടം വഴി ക്രമവത്ക്കരിക്കാന്‍ കഴിയില്ല. അപേക്ഷകര്‍ 90 ദിവസ ത്തിനകം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തില്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ജില്ലാതല സമിതി ചുമത്തുന്ന പിഴയിലോ ഉത്തരവുകളിലോ സംതൃപ്തരല്ലായെങ്കില്‍ നിയമാനുസൃത അപേക്ഷ വഴി അപേക്ഷകന് സര്‍‌ക്കാരില്‍ അപ്പീല്‍ നല്കാവുന്നതാണ്.