news

ലൈഫ് മിഷനില്‍ പ്രോഗ്രാം മാനേജർ, ജില്ലാ കോർഡിനേറ്റർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷകൾ ക്ഷണിക്കുന്നു

Posted on Sunday, January 31, 2021

ലൈഫ്‌ മിഷന്‍ സംസ്ഥാന ഓഫീസില്‍ ഒഴിവുള്ള പ്രോഗ്രാം  മാനേജര്‍ തസ്തികയിലേക്ക്‌ പഞ്ചായത്ത്‌ /നഗരകാര്യ / ഗ്രാമവികസന വകുപ്പുകളില്‍ ഗസറ്റഡ്‌ ഓഫീസര്‍ തസ്തികയില്‍ ജോലിനോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്രസേവന വൃവസ്ഥയില്‍ അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകള്‍ 07.02.2021-ന്‌ മുമ്പ്‌ ലൈഫ്‌ മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിച്ചിരിക്കണം. ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്‌. (ഇ-മെയില്‍: lifemissionkerala@gmail.com). കൂടുതൽ  വിവരങ്ങള്‍ ഓഫീസ്‌ പ്രവൃത്തി ദിവസങ്ങളില്‍ ലൈഫ്‌ മിഷന്‍ സംസ്ഥാനഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്‌.

ലൈഫ് മിഷനുകീഴിൽ വിവിധ ജില്ലകളിൽ (തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്) ഒഴിവുള്ള, ഒഴിവുവരുന്ന ജില്ലാ മിഷൻ കോ ഓര്‍ഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാർ സർവ്വീസിൽ ഗസറ്റഡ് ഓഫീസർ തസ്തികയിൽ ജോലിനോക്കുന്ന ജീവനക്കാരിൽ നിന്നും അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകൾ 07.02.2021ന് മുമ്പ് ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിച്ചിരിക്കണം. ഓണ്‍ലൈനായും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. (ഇമെയിൽ: lifemissionkerala@gmail.com). കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 7 ഫെബ്രുവരി 2021

ലൈഫ് മിഷന്‍; രണ്ടര ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം

Posted on Thursday, January 28, 2021

ലൈഫ് മിഷന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും (ജനുവരി 28) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനാകും. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സ്വാഗതം പറയും.

10000 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായതിന്റെ സംസ്ഥാനതല പ്രഖ്യാപനം ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

Posted on Wednesday, January 27, 2021

ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൈവരിച്ചിരിക്കുന്ന നേട്ടം നമ്മുടെ ഭാവി ജീവിതത്തിലേക്കുള്ള നിക്ഷേപമെന്നു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍. പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളാകുന്നതിന്റെ പ്രഖ്യാപനവും പാഴ്‌വസ്തുക്കള്‍ ക്ളീന്‍ കേരള കമ്പനിക്ക് കൈമാറിയതിനുള്ള തുകയ്ക്ക് ഹരിതകര്‍മസേനയ്ക്ക് ചെക്ക് നല്‍കുന്നതിന്റെ ഉദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ പതിനായിരം ഓഫീസുകള്‍ ഹരിത ഓഫീസുകള്‍ ആക്കാന്‍ ലക്ഷ്യമിട്ടതെങ്കിലും ഇതിനകം 11,163 ഓഫീസുകള്‍ ഹരിത ഓഫീസുകളായി മാറിയിരിക്കുകയാണ്. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം നാടിന്റെ നല്ല നാളേയ്ക്ക് വേണ്ടിയാണ് തങ്ങളുടെ അധ്വാന ശേഷി വിനിയോഗിച്ചത്. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ആ പദ്ധതികളുടെ നിര്‍വഹണ ചുമതലയാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ വഹിക്കുന്നത്. അതുകൊണ്ടു സര്‍ക്കാര്‍ ഓഫീസുകള്‍ കാണിക്കുന്ന മാതൃകയ്ക്ക് ജനങ്ങള്‍ക്കിടയില്‍ നല്ല പ്രതികരണമുണ്ടാക്കാന്‍ കഴിയും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ബാക്കിയുള്ള ഓഫീസുകളും വൈകാതെ തന്നെ ഗ്രീന്‍ പ്രോട്ടോക്കോളിലേക്ക് മാറുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുമാണ് ഇതിനു നേതൃത്വം നല്‍കേണ്ടതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മാലിന്യത്തിന്റെ നിര്‍മാര്‍ജ്ജനമാണ് നാം ലക്ഷ്യമിട്ടത്. ഇത് പാലിക്കുവാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സാധിക്കുക എന്നത് സമൂഹത്തിനു വളരെ നല്ല സന്ദേശമാണ് നല്‍കുന്നത് അതുകൊണ്ട് തന്നെ ഈ രംഗത്തെ ഓരോ ചുവടുവെയ്പ്പും അതീവ പ്രാധാന്യത്തോടെയാണ് കാണേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു .

സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും നഗരസഭകളെയും സമ്പൂര്‍ണ ശുചിത്വത്തിലേക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എ സി മൊയ്തീന്‍ പറഞ്ഞു.

14473 ഓഫീസുകള്‍ ഗ്രേഡിങ്ങിനു വിധേയമാക്കിയത്. അതില്‍ 11,163 സ്ഥാപനങ്ങള്‍ ഹരിത ഓഫീസ് സര്‍ട്ടിഫിക്കറ് നേടി. 3410 ഓഫീസുകള്‍ക്ക് എ ഗ്രേഡും 3925 ഓഫീസുകള്‍ ബി ഗ്രേഡും 3828 ഓഫീസുകള്‍ സി ഗ്രേഡും ലഭിച്ചു.

ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരന്‍ ഐ.എ.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡീഷണല്‍ ചീഫ് സ്രെക്രട്ടറി വി. വേണു ഐ.എ.എസ്., തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഐ.എ.എസ്., കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ ഐ.എ.എസ്., നഗരകാര്യവകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ് ഐ.എ.എസ്., ഗ്രാമവികസന കമ്മീഷണര്‍ വി.ആര്‍. വിനോദ് ഐ.എ.എസ്., ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ പി. കേശവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ സ്വാഗതവും ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മിര്‍ മൊഹമ്മദ് അലി ഐ.എ.എസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും സംഘടിപ്പിച്ച ചടങ്ങില്‍ ഹരിത ഓഫീസ് സര്‍ട്ടിഫിക്കറ്റ് വിതരണവും ഹരിതകര്‍മസേനയ്ക്കുള്ള ചെക്ക് കൈമാറലും നടന്നു.ഹരിത ഓഫീസ് പദവി നേടിയ ഓഫീസുകളില്‍ നടന്ന ചടങ്ങില്‍ ഓഫീസുകള്‍ക്കുള്ള സാക്ഷ്യപത്രം നല്‍കി.

 

2019-20 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

Posted on Wednesday, January 20, 2021

ജനപ്രതിനിധികള്‍ക്കുള്ള പരിശീലനങ്ങള്‍ ജനുവരി 13 മുതല്‍ 16 വരെ

Posted on Tuesday, January 12, 2021

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചുമതലയേറ്റ ജനപ്രതിനിധികള്‍ക്കുള്ള പരിശീലനങ്ങള്‍ കിലയുടെ നേതൃത്വത്തില്‍ ജനുവരി 13 മുതല്‍ 16 വരെയുള്ള തീയതികളിലായി സംഘടിപ്പിക്കുന്നു. കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികള്‍ പങ്കടുക്കുന്ന രീതിയിലാണ് ഈ പരിശീലനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗര സഭകള്‍ക്കും ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്കും പ്രത്യേക സമയം നിശ്ചയിച്ച് കേന്ദ്രീകൃതമായ വീഡിയോ സെഷനുകള്‍ അവതരിപ്പിച്ചാണ് പരിശീലനം നടത്തുന്നത്. ഈ സമയത്ത് ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലും കില ചുമതലപ്പെടുത്തിയ റിസോഴ്സ് ടീമും ഉണ്ടാകും. ലൈവ് സ്ട്രീം ചെയ്യുന്ന വീഡിയോ സെഷനുകള്‍ക്കുശേഷം ചോദ്യോത്തരങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള സമയമുണ്ടാകും. പരിശീലനത്തില്‍ പൊതുഭരണം, ആസൂത്രണം, ധനകാര്യ പരിപാലനം, പൊതുമരാമത്ത്, സാമൂഹ്യ ക്ഷേമ പദ്ധതികള്‍, സാമൂഹ്യ നീതി, സ്ത്രീ ശാക്തീകരണം, മാലിന്യ പരിപാലനം തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസ്സുകളാണ് നടക്കുന്നത്. പ്രാഥമിക ഘട്ടമെന്ന നിലയില്‍ ഇവയുടെ എല്ലാം അടിസ്ഥാന വിവരങ്ങളാണ് പ്രതിപാദിക്കുക. തുടര്‍ന്ന് ഓരോ വിഷയ മേഖലകള്‍ക്കും വിശദമായ പരിശീലനങ്ങള്‍ ഉണ്ടാകും. പരിശീലനത്തിന് ആവശ്യമായ എട്ട് കൈപ്പുസ്തകങ്ങള്‍ അടങ്ങിയ പുസ്തക സഞ്ചയമാണ് പുതിയ ജനപ്രതിനിധികള്‍ക്കായി കില തയ്യാറാക്കി നല്‍കിയിരിക്കുന്നത്. പരിശീലന വീഡിയോകളും പുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പിയും ഓണ്‍ലൈനിലും ലഭ്യമാക്കുന്നതാണ്. പ്രാഥമിക ഘട്ട പരിശീലനങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ തന്നെ 2021-22 ലേക്കുള്ള വാര്‍ഷിക പദ്ധതി തയ്യാറാക്കുവാനും ബജറ്റ് തയ്യാറാക്കാനുമുള്ള പരിശീലനവും, തുടര്‍ന്ന് വിവിധ സ്റ്റാന്റിംഗ്കമ്മിറ്റി അംഗങ്ങള്‍ക്കു വേണ്ടിയുള്ള വിശദമായ പരിശീലനവും, വനിതാ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക പരിശീലനവും ആരംഭിക്കുന്നതാണ്. ഇവയെ തുടര്‍ന്ന്, പ്രത്യേക വിഷയമേഖലകളില്‍ വിശദമായ പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതാണ്. സമഗ്ര മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്ഥലമാനപരമായ ആസൂത്രണം, ദുരന്ത നിവാരണ പദ്ധതിയും കാലാവസ്ഥാ വ്യതിയാനത്തിനായുള്ള പ്രാദേശിക കര്‍മ പദ്ധതിയും, ലിംഗനീതി അടിസ്ഥാനത്തിലുള്ള തദ്ദേശ ഭരണം, പട്ടിക ജാതി പട്ടിക വര്‍ഗ സൌഹൃദ തദ്ദേശ ഭരണം, കൃഷി അനുബന്ധ മേഖലകള്‍, ബാലസൗഹൃദ തദ്ദേശഭരണം, വയോജനസൗഹൃദ തദ്ദേശഭരണം, ഭിന്നശേഷിസൗഹൃദ തദ്ദേശഭരണം, സ്വാന്ത്വന ചികിത്സയും പരിചരണവും, സേവനങ്ങളിലെ ഗുണമേന്മ തുടങ്ങിയ വിഷയങ്ങളില്‍ ആണ് അവ. ഇതിനു ശേഷം ഇവയെല്ലാം പൊതുജനങ്ങള്‍ക്കു കൂടി ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കുന്നുണ്ട് കില. കോവിഡ് 19 കാലത്ത് സജ്ജമാക്കിയ ecourses.kila.ac.in എന്ന പോര്‍ട്ടലിലൂടെ നൂറോളം ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് തയ്യാറെടുത്തതിന്റെ അനുഭവം ഈ പരിശീലനങ്ങള്‍ ചിട്ടപ്പെടുത്താന്‍ കിലയെ സഹായിക്കുന്നു.

ഗ്രാമപഞ്ചായത്തുകള്‍ക്ക് കാലത്ത് 10 മണി മുതല്‍ 1.30 മണി വരേയും , നഗരസഭകൾ, കോർപ്പറേഷനുകള്‍ എന്നിവയ്ക്ക് ഉച്ചയ്ക്ക് 02.00 മണി മുതല്‍ 05.00 മണിവരേയും ആണ് ക്ലാസുകള്‍ നടക്കുന്നത് . 

Live Streaming ന് ശേഷം സംശയ ദുരീകരണത്തിന് Zoom Meeting ഉം ഉണ്ടായിരിക്കുന്നതാണ്. അതത് സെന്‍റെറുകളിലെ കില കോഡിനേറ്റര്‍മ്മാര്‍ Live Streaming ന് ശേഷം Zoom Meeting ലിങ്ക് നല്‍കുന്നതായിരിക്കും. ഈ മീറ്റിങ്ങിലൂടെ ജന പ്രതിനിധികള്‍ക്ക് സംശയ നിവാരണം നടത്താവുന്നതാണ്. 

ബ്ളോക്ക് പഞ്ചായത്തുകളുടെ പരിശീലനവും സംശയ ദുരീകരണവും പൂര്‍ണ്ണമായും Zoom Meeting വഴിയാണ് സജ്ജീകരിച്ചിരിക്കുന്നത് ആയതിനുള്ള ലിങ്ക് അതത് സെന്‍റെറുകളിലെ കില കോഡിനേറ്റര്‍മ്മാര്‍ നല്‍കുന്നതായിരിക്കും.

https://www.facebook.com/kilatcr

https://www.youtube.com/kilatcr

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള പരിശീലന കൈപുസ്തക പ്രകാശനം

Posted on Friday, January 8, 2021

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള പരിശീലന കൈപുസ്തക പ്രകാശനം ബഹു : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  ശ്രീ. എ സി മൊയ്ദീന്‍ 07.01.2021 ന് നിര്‍വ്വഹിച്ചു.