ഫ്ലക്സ് നിരോധനം സംബന്ധിച്ച് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി 08-05-2018ൽ വിളിച്ചു ചേർത്ത യോഗം സംബന്ധിച്ച കുറിപ്പ്
ദർബാർ ഹാളിൽ വെച്ച് ചേർന്ന സർവ്വ കക്ഷിയോഗം ഫ്ളക്സ് നിരോധനം നടപ്പാക്കുന്നതിനോട് തത്വത്തിൽ യോജിച്ചു. ആശങ്കകൾ പരിഹരിച്ച് നിരോധനം നടപ്പാക്കണമെന്ന് പൊതു അഭിപ്രായം യോഗത്തിൽ ഉയർന്നു. സംസ്ഥാനത്ത് പി.വി.സി ഉപയോഗിച്ചുള്ള ഫ്ലക്സ് ഉല്പന്നങ്ങളുടെ ഉത്പാദനവും ഉപയോഗവും അനിയന്ത്രിതമായി തുടരുകയും അത് വൻ തോതിൽ പരിസ്ഥിതി മലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഫ്ലക്സ് നിരോധനത്തിന്റെ പ്രായോഗികത സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനും സെക്രട്ടറി (നിയമവകുപ്പ്), വ്യവസായ വാണിജ്യ വകുപ്പ ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ, ശുചിത്വമിഷന് എന്നിവർ അംഗങ്ങളായ ഒരു കമ്മിറ്റി രൂപികരിച്ചു. ടി കമ്മിറ്റി ഫ്ലക്സ് ഉപയോഗത്തിന്റെ ദോഷ വശങ്ങളും ഈ മേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ള തൊഴിൽ പ്രശ്നങ്ങളും ചർച്ച ചെയ്ത വിലയിരുത്തി.
കമ്മിറ്റിയുടെ റിപ്പോർട്ടിൽ പരസ്യ പ്രചാരണങ്ങൾക്കായി ഇന്ന് വളരെയധികം ഉപയോഗിക്കുന്ന ഫ്ലക്സ് പുന:രുപയോഗിക്കാൻ പറ്റാത്ത ഒരിനം പ്ലാസ്റ്റിക് ആണ്. ഉപയോഗശേഷം ഇത് കത്തിച്ചുകളയാനോ ഉപേക്ഷിക്കാനോ മാത്രമേ കഴിയുകയുള്ളൂ. ഫ്ലക്സ് നിർമ്മിക്കാനുപയോഗിക്കുന്ന പോളിവിനൈൽ ക്ലോറൈഡ്(PVC) വളരെ അപകടകാരിയായ ഒരു രാസ പദാർത്ഥമാണ് . PVCയിൽ ക്ലോറിൻ കൂട ഉള്ളതിനാൽ അത് കത്തുമ്പോൾ വിഷവാതകങ്ങളായ ഡയോക്സിനും ഫ്യൂറാനും പോലെയുള്ള വിഷവാതകങ്ങൾ ഉണ്ടാകുമെന്ന് പഠനങ്ങള് വ്യക്തമാക്കുന്നു എന്ന് പറയുന്നുണ്ട്.
അത് പോലെ ഫ്ലക്സ്ബോർഡുകൾക്ക് പകരം റീസൈക്കിൾ ചെയ്യാവുന്നതും പി.വി..സി.മുക്തവുമായ പോളിഎത്തിലിൻ നിർമ്മിത വസ്തുക്കളോ അതുപോലെയുള്ള മറ്റ് വസ്തുക്കളോഉപയോഗിക്കുന്നതിന് അനുമതി നല്കിയിട്ടുള്ളതാണ്. പോളിഎത്തിലിൻ ഉപയോഗിച്ചുള്ള പരസ്യ ബോർഡുകൾ ഉപയോഗശേഷം റീസൈക്ലിംഗ് നടത്താവുന്നതാകയാൽ പാരിസ്ഥിതിക അപായം സൃഷ്ടിക്കുന്നില്ല.ഫ്ലക്സിന് പകരം പോളിഎത്തിലിൻ നിർമ്മിത വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഫ്ലക്സ് പ്രിന്റിംഗ് തൊഴിൽ മേഖലയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. പ്രിന്റിംഗ് മെറ്റീരിയൽ ആയ ഫ്ലക്സിന് പകരം പോളിഎത്തിലിൻ പോലെയുള്ള റീ സൈക്കിൾ ചെയ്യാൻ പര്യാപ്തമായ വസ്തുക്കൾ ഉപയോഗിക്കേണ്ടി വരുന്നു എന്ന വ്യത്യാസം മാത്രമാണുള്ളത്. റീ സൈക്കിൾ ചെയ്യാവുന്ന ഇതര മെറ്റീരിയലുകൾ പിവിസി ഫ്ലക്സിന്റെ ഏതാണ്ട് അതേ വിലയിൽ ലഭ്യമാവുന്നതിനാൽ പി.വി.സി ഫ്ലക്സിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയാലും ഫ്ലക്സ് പ്രിന്റിംഗ് സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും യാതൊരു വിധ പ്രയാസവും സൃഷ്ടിക്കുകയില്ല എന്ന് കൂടി വ്യക്തമാക്കുന്നു.
ഇത് കൂടാതെ താഴെപ്പറയുന്ന പ്രായോഗിക നിർദ്ദേശങ്ങളോടെ ഫ്ലക്സ് നിരോധനം നടപ്പിലാക്കാവുന്നതാണ് എന്ന് സമിതി ശുപാർശ ചെയ്തു.
1.തെരഞ്ഞെടുപ്പ് അടക്കമുള്ള യാതൊരുവിധ പരസ്യ പ്രചാരണൾങ്ങൾക്കും പിവിസി ഫ്ലക്സ് ഉപയോഗിക്കുവാനോ പ്രിന്റ് ചെയ്യുവാനോ പാടില്ല. സർക്കാർ പരിപാടികളുടേയും, സ്വകാര്യ മതപരമായ ചടങ്ങുകളുടെയും പ്രചാരണത്തിനും പിവിസി ഫ്ലക്സ് ബോർഡ്, ബാനർ ഉപയോഗിക്കുവാൻ പാടില്ല.
(2) ഫ്ലക്സിനു പകരമായി ഗവ.അംഗീകൃത പ്രകൃതി സൗഹൃദ റീസൈക്കിൾ ചെയ്യാവുന്ന പോളിഎത്തിലീനോ കോട്ടൺ തുണിയോ മാത്രമേ പരസ്യ പ്രചാരണങ്ങൾക്ക്ഉപയോഗിക്കാൻ പാടുള്ളൂ. പ്ലാസ്റ്റിക് കോട്ടിങ് ഉള്ള ക്ലോത്ത്ഉപയോഗിക്കാൻപാടില്ല.
(3) ഇത്തരം മെറ്റീരിയലിൽ പ്രിന്റ് ചെയ്യുമ്പോൾ 'റീസൈക്ലബിൾ, പിവിസി ഫ്രീ' എന്നലോഗോയും, ഉപയോഗം അവസാനിക്കുന്ന തീയതിയും (Expiry Date) പ്രീന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും, (പ്രിന്റിംഗ് നമ്പരും) നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്.
(4) തിയതി വച്ചുള്ള പ്രോഗ്രാം ബാനറുകൾക്ക് പ്രോഗ്രാം അവസാനിക്കുന്ന തീയതി ഉപയോഗം അവസാനിക്കുന്ന തീയതിയായും, തീയതി വയ്ക്കാത്ത സ്ഥാപനങ്ങളുടേയും മറ്റും പരസ്യങ്ങൾക്ക് പരമാവധി 90 ദിവസം പിന്നിട്ടുള്ള തീയതി ഉപയോഗം അവസാനിക്കുന്ന തീയതിയായും ആയും നിശ്ചയിക്കേണ്ടതാണ്.
(5) മേൽ പറഞ്ഞ ബാനറുകൾ പ്രിന്റ് ചെയ്യുമ്പോൾ പ്രിന്റിംഗ് നമ്പർ പതിക്കുകയും, ഈ നമ്പർ പ്രകാരം പ്രിന്റ് ചെയ്യുന്ന ഉപഭോക്താവിന്റെ മുഴുവൻ വിവരവുംസ്ഥാപനത്തിൽ സൂക്ഷിക്കേണ്ടതുമാണ്.
(6) ഇങ്ങനെ പ്രദർശിപ്പിക്കുന്ന ബോർഡുകൾ, ബാനറുകൾ ഉപയോഗം അവസാനിക്കുന്ന തീയതിക്കു ശേഷം പരമാവധി 3 ദിവസത്തിനുള്ളിൽ സ്ഥാപിച്ചവർ തന്നെ പ്രിന്റ് ചെയ്ത സ്ഥാപനത്തിലേക്ക് തിരിച്ചേൽപ്പിക്കേണ്ടതാണ്.
(7) ഉപയോഗം അവസാനിക്കുന്ന തീയതി കഴിഞ്ഞ് 3 ദിവസത്തിനു ശേഷവും സ്ഥാപിച്ചവർ തന്നെ എടുത്തുമാറ്റാത്ത പക്ഷം സ്ക്വയർഫീറ്റിന് നിശ്ചിത നിരക്കിൽ സ്ഥാപിച്ചവരിൽ നിന്നും അതാത് മുനിസിപ്പാലിറ്റി/മുനിസിപ്പൽ കോർപ്പറേഷൻ/ഗ്രാമപഞ്ചായത്ത് ഫൈൻ ഈടാക്കാവുന്നതാണ്.
(8) മേൽപറഞ്ഞ മെറ്റീരിയലിൽ പ്രിന്റ് ചെയ്തുകൊടുക്കുന്ന സ്ഥാപനങ്ങൾ ഉപയോഗശേഷം തിരിച്ചെത്തിക്കുന്ന ബാനറുകൾ നിർബന്ധമായും ഉപഭോക്താവിൽ നിന്നും തിരിച്ചെടുക്കേണ്ടതാണ്.
(9) മേൽപറഞ്ഞ മെറ്റീരിയലിൽ പ്രിന്റ് ചെയ്യുമ്പോൾ പ്രിന്റിംഗ് തുകയ്ക്ക് പുറമേ സ്ക്വയർഫീറ്റിന് 1 രൂപ നിരക്കിൽ അഡ്വാൻസായി ഉപഭോക്താവിൽ നിന്ന് ഈടാക്കുകയും ഉപയോഗ ശേഷം അവ തിരിച്ചേൽപ്പിക്കുമ്പോൾ ആ തുക ഉപഭോക്താവിന് തിരിച്ച് നൽകുന്നതാണ്.
(10) ഉപയോഗശേഷം ഉപഭോക്താവിൽനിന്നും തിരിച്ചെടുത്ത ബാനറുകൾ, പ്രിന്റിംഗ് സ്ഥാപനങ്ങൾ മെറ്റീരിയൽ സപ്ലൈ ചെയ്യുന്നവർക്ക് തിരികെ ഏൽപ്പിക്കേണ്ടതാണ്. ഈ അറിയിപ്പിന് ശേഷം ഫ്ലക്സിൽ പ്രിന്റ് ചെയ്യുകയോ കോര്പ്പറേഷന്/ മുനിസിപ്പാലിറ്റി /ഗ്രാമപഞ്ചായത്ത് പരിധിയിൽ ഫ്ലക്സ് ബാനർ/ബോർഡ് സ്ഥാപിക്കുകയോ ചെയ്യുന്നപക്ഷം പ്രിന്റ് ചെയ്തവരിൽ നിന്നും അവ സ്ഥാപിച്ചവരിൽ നിന്നും സ്ക്വയർ ഫീറ്റിന് 20 രൂപ നിരക്കിൽ ഫൈൻ ഈടാക്കാവുന്നതാണ്. കമ്മിറ്റിയുടെ റിപ്പോർട്ടും ശുപാർശകളും യോഗത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി വിശദീകരിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാർട്ടികൾ ഫ്ളക്സ് നിരോധനം പൊതുവെ സ്വാഗതം ചെയ്തു. എന്നാൽ ഈ മേഖലയിലുള്ള തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടാതെ അവരുടെ പുനരധിവാസം കൂടി സാധ്യമാകുന്ന തരത്തിലാവണമെന്ന് അഭിപ്രായം പങ്ക് വെച്ചു. നിരോധനം സംബന്ധിച്ച ശാസ്ത്രീയവും, പ്രായോഗികവുമായ വസ്തുതകൾ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് വിശദമായ വിവരം ലഭ്യമാക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന എല്ലാ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുഖ വിലയ്ക്ക് എടുത്ത് സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്ന് ഉറപ്പ് നൽകി.
ബഹു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് പുറമെ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, ഗവൺമെന്റിന്റെ ശാസ്ത്ര ഉപദേഷ്ടാവായ എം.സി.ദത്തൻ, ശുചിത്വ മിഷൻ ഡയറക്ടർ അജയ്കുമാർ എന്നിവർ സംബന്ധിച്ചു. സി.പി.ഐ.(എം.), കോൺഗ്രസ് (ഐ), ബി.ജെ.പി., മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (എം), സി.പി.ഐ., ജനതാദൾ, എൻ.സി.പി., ആം ആദ്മി പാർട്ടി തുടങ്ങിയ രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
- 1547 views