കോവിഡ് മാലിന്യങ്ങളുടെ സംസ്കരണത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി ഹരിത കേരളം മിഷന്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുരക്ഷിത മാലിന്യ സംസ്കരണം ഉറപ്പാക്കാന്‍ നടത്തേണ്ട ഇടപെടലുകളും ശുചിത്വ ശീലങ്ങളും സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഹരിതകേരളം മിഷന്. കമ്യൂണിറ്റി കിച്ചന് പോലുള്ള പൊതു സംരംഭങ്ങളിലും അല്ലാതെയുമുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പാലിക്കേണ്ടവയാണ് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. ഇത് സംബന്ധിച്ച് വിശദ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും ഹരിതകേരളം മിഷന്റെയും, ശുചിത്വ മിഷന്റെയും ജില്ലാ കോര്‍ഡിനേറ്ററെ ബന്ധപ്പെടാവുന്നതാണ്. കമ്യൂണിറ്റി കിച്ചനുകള്‍, അഗതികളെയും ഭിക്ഷാടകരെയും പുനരധിവസിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യ സംസ്കരണങ്ങളില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണം. ഉപയോഗിച്ച മാസ്കുകളും കൈയ്യുറകളും അണുവിമുക്തമാക്കി നശിപ്പിക്കണം. ഇവ ഉപയോഗിക്കുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനു സരണം ഇവ നശിപ്പിക്കണം. പ്ലാസ്റ്റിക് പോലെ അഴുകാത്ത പാഴ്വസ്തുക്കള് ഒരു കാരണവശാലും കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്. അവ കഴുകി വൃത്തിയാക്കി സൂക്ഷിച്ചു വയ്ക്കണം. കോവിഡ് ഭീതി ഒഴിയുമ്പോള്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ വന്ന് ശേഖരിക്കും അഴുകുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. മഴയെത്തുമ്പോള്‍ ഡെങ്കിയും ചിക്കുന്‍ഗുനിയയും പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ഇത് ഏറ്റവും പ്രധാനമാണ്. കോവിഡ്19 ന്റെ അതജീവനകാലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍, പ്രത്യേകിച്ചും കോവിഡ് ആശുപത്രികള്‍, ഐസൊലേഷന്‍ യൂണിറ്റുകള്‍, വീടുകളിലെ ക്വാറന്റൈന്, താത്കാലിക കോവിഡ് സാമൂഹ്യ കേന്ദ്രങ്ങള്‍ മുതലായവയില്‍ നിന്നും വരുന്ന ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവയെല്ലാം കോവിഡ് മാലിന്യങ്ങളായി തന്നെ പരിഗണിക്കണം. ഇവയെല്ലാം തന്നെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൈകാര്യം ചെയ്യുകയും സംസ്കരിക്കുകുയം ചെയ്യണം. ഇത്തരത്തില്‍ ശാസ്ത്രീയമായി സംസ്കരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് കാലത്തെ ജലസംരക്ഷണ-കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഹരിതകേരളം മിഷന് ഇതിനകം തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ പാലിക്കേണ്ട ശുചിത്വ ശീലങ്ങളെക്കുറിച്ചും വീടുകളില്‍ ഇക്കാലത്ത് നടത്താന്‍ കഴിയുന്ന പച്ചക്കറിക്കൃഷിരീതികളെ സംബന്ധിച്ചുമുള്ള ബോധവത്കരണവും ഹരിതകേരളം മിഷന് ആരംഭിച്ചിട്ടുണ്ട്.
- 2629 views