കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സര്‍ഗ്ഗം’-കഥാരചന, ‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’-ഫോട്ടോഗ്രാഫി, വ്ളോഗ്സ് ആന്‍ഡ് റീല്‍സ് സംസ്ഥാനതല മത്സരങ്ങളിലെ വിജയികള്‍ക്കായി വൈലോപ്പിളളി സംസ്കൃതി ഭവനില്‍ സംഘടിപ്പിച്ച സംസ്ഥാനതല അവാര്‍ഡ് വിതരണ പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു.
അമ്മമാരെ കുറിച്ച് എഴുതുന്ന കഥകള്‍ ഒരിക്കലും എഴുതി തീരാത്ത അനുഭവങ്ങളാണെന്ന് മന്ത്രി കെ.എം ഷാജി വിജയികള്‍ക്കുളള പുരസ്കാര വിതരണം നിര്‍വഹിച്ചു കൊണ്ടു പറഞ്ഞു. ജീവിതത്തിന്റെ ഉള്‍ക്കാഴ്ചകള്‍ പകര്‍ത്തുന്ന കഥകളും സാമൂഹ്യപുരോഗതി പ്രതിഫലിപ്പിക്കന്ന നേര്‍ച്ചിത്രങ്ങളുമായി സ്ത്രീകള്‍ മുന്നോട്ടു വരുന്നതിലൂടെ സാംസ്കാരിക ശാക്തീകരണത്തിനും അത് വഴിയൊരുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സാമൂഹിക പരിവര്‍ത്തനത്തിന് കലയും സാഹിത്യവും സഹായകമാകുന്നുവെന്നും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് അതിനു സാധ്യമാകണമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍ പറഞ്ഞു.
സര്‍ഗം-കഥാരചന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ മനീഷ എം. മോഹന്‍, സിന്ധു തോമസ്, ഷീബ പി.പി എന്നിവര്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം ക്യാഷ് അവാര്‍ഡ്, മെമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെട്ട പുരസ്കാരം മന്ത്രി കെ.എം.ഷാജി സമ്മാനിച്ചു. പ്രോത്സാഹന സമ്മാനം നേടിയ അനുജ ബൈജു, മൈസൂന ഹാനി, രജന സലി എന്നിവര്‍ക്ക് 2500 രൂപ വീതം ക്യാഷ് അവാര്‍ഡും മെമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെട്ട പുരസ്കാരവും മന്ത്രി സമ്മാനിച്ചു.
ഫോട്ടോഗ്രാഫി മത്സരം അയല്‍ക്കൂട്ട ഓക്സിലറി വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ഷീജ സി.പി, ജെമിനി ബെന്നി, ഹിബാന വി എന്നിവര്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു. പ്രോത്സാഹന സമ്മാനം നേടിയ ദീപ്തി പി, സുഷമ ഗോപിനാഥ്, ജസ്ന പാലയ്ക്കല്‍ എന്നിവര്‍ക്ക് 2000 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെട്ട പുരസ്കാരം സമ്മാനിച്ചു.
ഫോട്ടോഗ്രഫി പൊതുവിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കാസര്‍കോട് മൈലാട്ടി ഞെക്ളിയില്‍ സ്വദേശി ദീപേഷ് പുതിയ പുരയില്‍, രണ്ടാം സ്ഥാനം നേടിയ മലപ്പുറം നിലമ്പൂര്‍ സ്വദേശി രജീഷ് നിലമ്പൂര്‍ എന്നിവര്‍ക്ക് യഥാക്രമം 25,000, 15,000 രൂപ ക്യാഷ് അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടുന്ന പുരസ്കാരം സമ്മാനിച്ചു. ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി രതീഷ് കുമാര്‍ കഴിഞ്ഞ ആഗസ്റ്റില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചു പോയതിനെ തുടര്‍ന്ന് സഹോദരി രേണുക 10,000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം മന്ത്രിയില്‍ നിന്നും സ്വീകരിച്ചു.
ഫോട്ടോഗ്രഫി മത്സരം പൊതുവിഭാഗത്തില്‍ പ്രോത്സാഹന സമ്മാനം നേടിയ തൃശൂര്‍ ചെറുതുരുത്തി സ്വദേശി കെ.എ അബ്ദുള്‍ ഖാദര്‍, പാലക്കാട് ഷൊര്‍ണ്ണൂര്‍ സ്വദേശി പ്രമോദ് കെ, ഇടക്കൊച്ചി സ്വദേശി ആന്റണി വി.ഡി, കൊല്ലം പുനലൂര്‍ സ്വദേശി ബോണിയം കലാം എന്നിവര്‍ക്ക് 2000 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു.
വ്ളോഗ്സ് മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനം നേടിയ മലപ്പുറം കുഴിയണ്ണ സ്വദേശി രതീഷ് ടി, പാലക്കാട് വിളയന്നൂര്‍ സ്വദേശി രത്യുഷ് ആര്, എന്നിവര്‍ക്ക് യഥാക്രമം 50,000, 40,000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം മന്ത്രി സമ്മാനിച്ചു.
റീല്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജ്യോത്സന വിജിലിന് 25,000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം മന്ത്രി സമ്മാനിച്ചു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. വിഘ്നേശ്വരി സ്വാഗതം പറഞ്ഞു. കുടുംബശ്രീ ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) വിജയശ്രീ എം.എസ്, ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ രമേശ് ജി. എന്നിവര്‍ ആശംസിച്ചു. ജൂറി അംഗങ്ങളായ കെ.എ. ബീന, രാധാകൃഷ്ണന് എസ്. എന്നിവര്‍ മത്സരങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ബി.സേതുരാജ് നന്ദി പറഞ്ഞു.
- 2 views



