വയനാട്ടില്‍ കുടുംബശ്രീ 'ധീരം' പദ്ധതി ജേഴ്‌സികളും വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകളും; മന്ത്രി ശ്രീ. കെ.എം. ഷാജി വിതരണോദ്ഘാടനം നിര്‍വഹിച്ചു

Posted on Monday, September 7, 2026

വയനാട് ജില്ലയിലെ കുടുംബശ്രീ 'ധീരം' പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ജേഴ്‌സി, കുടുംബശ്രീ ജില്ലാ മിഷനും വയനാട് ജില്ലാ പഞ്ചായത്തും സംയുക്തമായി രൂപീകരിച്ച വനിതാ ക്രിക്കറ്റ് ടീമുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് എന്നിവയുടെ വിതരണോദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജി നിര്‍വഹിച്ചു. പടിഞ്ഞാറത്തറ കുപ്പാടിത്തറ മൃഗാശുപത്രി ഹാളിൽ സംഘടിപ്പിച്ച ചടങ്ങില്‍ മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ ഉഷ വിജയന്‍ അധ്യക്ഷയായി. 

സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച സ്വയംപ്രതിരോധ പരിശീലന പദ്ധതിയാണ് ധീരം. ജില്ലയില്‍ 30 അംഗ ധീരം ടീമാണുള്ളത്. ഇവര്‍ മുഖേന വിവിധഘട്ടങ്ങളിലായി 1000ത്തോളം പേർ പ്രയോജനം നേടുകയും ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വനിതാ ഘടക പദ്ധതിയിലുള്‍പ്പെടുത്തിയാണ് കുടുംബശ്രീ മുഖേന ആറ് വനിതാ ക്രിക്കറ്റ് ടീമുകള്‍ രൂപീകരിച്ചത്. ഈ ടീം അംഗങ്ങളായ 70 താരങ്ങള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റാണ് മന്ത്രി വിതരണം ചെയ്തത്.

കായിക രംഗത്തും സ്വയംപ്രതിരോധ രംഗത്തും സ്ത്രീകളുടെ പങ്കാളിത്തവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ധീരം പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനം നൽകി. സ്വയരക്ഷ ഉറപ്പാക്കുന്നതോടൊപ്പം പ്രതിരോധ പരിശീലന സംരംഭങ്ങള്‍ രൂപീകരിച്ച് ഉപജീവന മാര്‍ഗം കണ്ടെത്താനും ' ധീര'ത്തിലൂടെ സ്ത്രീകളെ പ്രാപ്തരാക്കുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹംസ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗിരിജ കൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ കമല രാമന്‍, ഷീജ സതീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസ്മ സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ആശ പോള്‍ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം. സെലീന, ജില്ലാ പ്രോഗ്രാം മാനേജര്‍ പി. സുഹൈല്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് ശേഷം രംഗശ്രീ ജ്വാല ഗ്രൂപ്പിന്റെ കൈകൊട്ടിക്കളിയും അരങ്ങേറി.

Content highlight
wynd