നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക്: ദേശീയതല പ്രതിനിധികളുടെ ശ്രദ്ധ നേടി കുടുംബശ്രീയുടെ മികവ്

Posted on Friday, July 31, 2026

ദേശീയ ഗ്രാമവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക് (NSSF) പദ്ധതിയുടെ ഭാഗമായി ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ  സംഘടിപ്പിക്കുന്ന  ദക്ഷിണമേഖല ദേശീയ ശിൽപ്പശാലയിൽ ശ്രദ്ധ നേടി   കുടുംബശ്രീയുടെ മികവ്. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളുടെ ഉന്നത ഉദ്യോഗസ്ഥർ, ദേശീയ-സംസ്ഥാന റിസോഴ്‌സ് പേഴ്സൺമാർ, മിഷൻ ഡയറക്ടർമാർ, കമ്മ്യൂണിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ശിൽപ്പശാലയിലാണ് കേരളത്തിന്റെ.  സാമൂഹ്യാ ധിഷ്ഠിത വികസന മാതൃകയ്ക്ക് ദേശീയതല പ്രതിനിധികളുടെ പ്രത്യേക പരാമർശം ലഭിച്ചത്.

ശിൽപ്പശാലയുടെ ഭാഗമായി കേരളത്തിൽ എത്തിയ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പ്രോഗ്രാം മാനേജർ മെഹമ്മൂദ് ഹസൻ, നാഷണൽ റിസോഴ്സ് പേഴ്സൺ രാജേന്ദ്ര പ്രസാദ് എന്നിവർ നയിച്ച  ദേശീയതല സംഘം തൃശൂർ ജില്ലയിലെ വരവൂർ, നടത്തറ, വള്ള ത്തോൾ നഗർ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളിലും അനുബന്ധ എ.ഡി.എസ്., അയൽക്കൂട്ട ശൃംഖലകളിലും  ഫീൽഡ് സന്ദർശനം നടത്തിയിരുന്നു. കമ്മ്യൂണിറ്റി അംഗങ്ങളുമായുള്ള സംവാദം, ലോകോസ്  ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ വിവരങ്ങളുടെ വിശകലനം എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 

സ്ഥാപന ഭരണം, മനുഷ്യവിഭവ വികസനം, സാമ്പത്തിക സ്വയംപര്യാപ്തത, അംഗങ്ങളുടെ സാമൂഹ്യ-സാമ്പത്തിക പുരോഗതി, സാമൂഹിക ഇടപെടലും പരസ്പര പഠനവും എന്നീ അഞ്ച് പ്രധാന മേഖലകളിലായിരുന്നു വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് ശിൽപ്പശാലയിൽ അവതരിപ്പിച്ചത്.

കേരളത്തിലെ ശക്തമായ ഫെഡറേഷൻ സംവിധാനവും സി.ഡി.എസ്.–എ.ഡി.എസ്.–അയൽക്കൂട്ട തലങ്ങളിലെ ഫലപ്രദമായ ഏകോപനവുമാണ് കുടുംബശ്രീയുടെ ഏറ്റവും വലിയ കരുത്തെന്ന് റിപ്പോർട്ട്  വിലയിരുത്തി. കൃത്യമായ യോഗങ്ങൾ, സജീവമായ ഉപസമിതികൾ, സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന ഭരണരീതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള ഫലപ്രദമായ സഹകരണം എന്നിവ കമ്മ്യൂണിറ്റി സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്ന മികച്ച മാതൃകകളാണെന്ന് ദേശീയ സംഘം നിരീക്ഷിച്ചു.

ഡിജിറ്റൽ ഭരണസംവിധാനത്തിലും കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ എല്ലാ ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകളും ലോകോസ് ഡിജിറ്റൽ  സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ജൂൺ മാസത്തിൽ 97.56 ശതമാനം സി.എൽ.എഫ്. ഇടപാടുകളും ലോകോസിലൂടെയാണ് രേഖപ്പെടുത്തിയത്. ഇത് ഡിജിറ്റൽ ഭരണത്തിലെ മികച്ച നേട്ടമാണ് . വിവരസാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിച്ചിട്ടുണ്ടെന്നും ദേശീയ സംഘം അഭിപ്രായപ്പെട്ടു.

 

സാമ്പത്തിക അച്ചടക്കം, സ്ഥിരമായ സമ്പാദ്യശീലം, മികച്ച വായ്പാ തിരിച്ചടവ്, ബാങ്കുകളുമായുള്ള ശക്തമായ ബന്ധം, കമ്മ്യൂണിറ്റി സ്ഥാപനങ്ങളുടെ സാമ്പത്തിക ഉത്തരവാദിത്തബോധം ,വായ്പാ തിരിച്ചടവിൻ്റെ കൃത്യത എന്നിവ   പ്രത്യേക പരാമർശം നേടി. ഇവ കേരളത്തിന്റെ പ്രധാന ശക്തികളായി മാറിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

 അംഗങ്ങളുടെ ഉപജീവന വികസനത്തിനായി നടപ്പാക്കുന്ന വിവിധ പദ്ധതികൾ സ്ത്രീകളുടെ വരുമാനവും സാമ്പത്തിക സ്വയംപര്യാപ്തതയും വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നതായി ദേശീയ സംഘം വിലയിരുത്തി.

ആരോഗ്യം, പോഷണം, വനിതാ ശാക്തീകരണം, ബാലസഭ, ഹരിത കർമ്മ സേന, വയോജനക്ഷേമം, സാമൂഹ്യസുരക്ഷ, ഗ്രാമസഭകളിലെ സജീവ പങ്കാളിത്തം തുടങ്ങി സാമൂഹിക വികസന മേഖലകളിലെ കുടുംബശ്രീയുടെ ഇടപെടലുകൾ സമൂഹമൂലധനം ശക്തിപ്പെടുത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളാണെന്നും റിപ്പോർട്ട് വ്യക്തമാക്കി .

 സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ വികസന പ്രക്രിയയുടെ ഭാഗമാക്കുന്ന കുടുംബശ്രീയുടെ സമീപനം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും പ്രയോജനപ്പെടുന്ന മാതൃകയാണെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കേരളത്തിൽ രൂപപ്പെട്ട മികച്ച പ്രവർത്തന മാതൃകകൾ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹപാഠനത്തിനും അനുഭവവിജ്ഞാന കൈമാറ്റത്തിനും പ്രയോജനപ്പെടുത്തണമെന്ന് ശിൽപ്പശാലയിൽ പങ്കെടുത്തവർ  അഭിപ്രായപ്പെട്ടു. കമ്മ്യൂണിറ്റി നേതൃത്വ വികസനം, അറിവിന്റെ ശാസ്ത്രീയ രേഖപ്പെടുത്തൽ, ഡിജിറ്റൽ സംവിധാനങ്ങളുടെ വിപുലീകരണം, തദ്ദേശ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ ദേശീയതലത്തിൽ വ്യാപിപ്പിക്കാവുന്ന മികച്ച മാതൃകകളാണെന്നും ദേശീയ സംഘം അവതരിപ്പിച്ച  വിലയിരുത്തൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ശക്തമായ സാമൂഹിക മൂലധനവും ജനകീയ പങ്കാളിത്തവും പക്വമായ കമ്മ്യൂണിറ്റി ഫെഡറേഷൻ സംവിധാനവും രാജ്യത്തിന് മാതൃകയാണ് -.സ്വയംപര്യാപ്തവും സുസ്ഥിരവുമായ കമ്മ്യൂണിറ്റി സ്ഥാപനങ്ങളിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റം ദേശീയ ഗ്രാമവികസന രംഗത്ത് പുതിയ ദിശാബോധം നൽകുന്നതാണെന്നും ദേശീയ വിലയിരുത്തൽ റിപ്പോർട്ടിൽ പറയുന്നു.

നാല് ദിവസത്തെ ശിൽപ്പശാലയിൽ വിവിധ സംസ്ഥാനങ്ങളിലെ ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകൾ പ്രവർത്തനാനുഭവങ്ങൾ അവതരിപ്പിക്കും. കൂടാതെ  മികച്ച മാതൃകകൾ പങ്കുവെക്കുകയും ഭാവി പ്രവർത്തനങ്ങൾക്കുള്ള കർമപദ്ധതികൾ രൂപീകരിക്കുകയും ചെയും. തുടർന്ന് നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്കിന്റെ ഭാഗമായി തയ്യാറാക്കിയ ഈ ശുപാർശകൾ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളുടെയും തുടർ നടപടികൾക്കായി സമർപ്പിക്കും.

നാളെ (31-1-2026) വിവിധ സംസ്ഥാനങ്ങളുടെ കർമ്മ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട  വിഷയാവതരണങ്ങളും മുന്നൊരുക്ക ചർച്ചകളും തുടരും. 

Content highlight
NSSF; National Supportive Supervision Framework: Kudumbashree's excellence attracts the attention of national representatives