കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നാഷണല്‍ സപ്പോര്‍ട്ടീവ് സൂപ്പര്വിഷന് ഫ്രെയിംവര്‍ക്ക് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യഘട്ട ദക്ഷിണമേഖലാ ശില്പശാലയ്ക്ക് തുടക്കമായി. രാജ്യത്തെ സ്വയംസഹായ സംഘങ്ങളിലെയും അയല്‍ക്കൂട്ട അംഗങ്ങളുടെയും സാമ്പത്തികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുന്നതു ലക്ഷ്യമിട്ടു കൊണ്ട് പുതിയ കര്‍മപദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ശില്പശാലയുടെ സംഘാടനം.
വിഷന്‍ 2047-ഓടെ രാജ്യത്തെ ഓരോ ക്ളസ്റ്റര്‍ ലെവല്‍ ഫെഡറേഷനും സമൂഹം നയിക്കുന്ന വിധം സാമ്പത്തിക സ്വയംപര്യാപ്തതയും സുസ്ഥിരതയും കൈവരിച്ച സ്ഥാപനങ്ങളായി മാറുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് 'നാഷണല്‍ സപ്പോര്‍ട്ടീവ് സൂപ്പര്വിഷന് ഫ്രെയിംവര്‍ക്ക് ' ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് എന്‍.എം.എം.യു നാഷണല്‍ മിഷന് മാനേജര്‍ ഡോ.ജൂയി ഭട്ടാചാര്യ പറഞ്ഞു. പൂര്‍ണമായും സ്വന്തം വരുമാനം കൊണ്ടു മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 34,000 ക്ളസ്റ്റര്‍ ലെവല്‍ ഫെഡറേഷനുകള്‍ രൂപവല്‍ക്കരിക്കാന്‍ കഴിയണം. സര്‍ക്കാര്‍ പിന്തുണ തീര്‍ത്തും ഇല്ലാതെയും അല്ലെങ്കില്‍ വളരെ പരിമിതമായി മാത്രം ലഭ്യമാക്കിക്കൊണ്ടും വിജയകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 340 ക്ളസ്റ്റല്‍ ലെവല്‍ ഫെഡറേഷനുകളും രൂപീകരിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പദ്ധതിയുടെ സുപ്രധാന കാഴ്ചപ്പാടുകള്‍ വിശദീകരിച്ചു കൊണ്ട് അവര്‍ പറഞ്ഞു.
തുടര്‍ന്ന് കേരളം, കര്‍ണാടക, തമിഴ്നാട്, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികള്‍ മികച്ച പ്രവര്‍ത്തന മാതൃകകള്‍ അവതരിപ്പിച്ചു. സാമൂഹ്യാടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ നിര്‍ദേശങ്ങള്‍ പ്രതിനിധികള്‍ പങ്കു വച്ചു. സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍മാര്‍, നാഷണല്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, സ്റ്റേറ്റ് മിഷന് ഡയറക്ടര്‍മാര്‍, സ്റ്റേറ്റ് ലൈവിലിഹുഡ് മിഷന് പ്രതിനിധികള്‍, സ്റ്റേറ്റ് മിഷന് മാനേജര്‍മാര്‍,ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ഗ്രൂപ്പ് ചര്‍ച്ചകളില്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാംകുമാര്‍ യു സ്വാഗതം പറഞ്ഞു. നാഷണല്‍ മിഷന് മാനേജര്‍മാരായ മെഹമൂദ് ഹസന്(കേരളം), പങ്കജ് സുയാല്‍(ആന്ധ്ര പ്രദേശ്), പ്രേമ ജയിന്(കര്‍ണാടക), നാഷണല്‍ റിസോഴ്സ് പേഴ്സണ്‍മാരായ രാജേന്ദ്ര പ്രസാദ്, ഗിരിഷ് ചന്ദ്ര, അംജത് ഖാന്, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ റജീന ടി.എം എന്നിവര്‍ പങ്കെടുത്തു.
ശില്പശാലയുടെ രണ്ടാം ദിനമായ 30ന് പ്രതിനിധികള്‍ തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് അനുസൃതമായ കര്‍മപദ്ധതി രൂപരേഖ തയ്യാറാക്കും. സ്ഥാപനവും ഭരണവും-അടിസ്ഥാനം, മാനുഷിക വിഭവശേഷി, സാമ്പത്തിക സ്വയംപര്യാപ്തത, അംഗങ്ങള്‍ക്കുണ്ടാകുന്ന പ്രയോജനങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാകും രൂപരേഖ തയ്യാറാക്കുക.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി ഹോട്ടല്‍ സാജ് റിസോറ്ട്ട്സ് ആന്‍ഡ് കണ്വന്ഷന് സെന്ററില്‍ ആഗസ്റ്റ് ഒന്നു വരെയാണ് ശില്പശാല.
- 2 views



