ഇന്നു മുതൽ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ ഒാണം വിപണന മേള

Posted on Tuesday, August 26, 2025

ഇന്നു (26-8-2025) മലയാളിക്ക് ഒാണം ആഘോഷിക്കാനുള്ള പച്ചക്കറികളും പഴങ്ങളും പൂക്കളും മറ്റ് ഭക്ഷേ്യാൽപന്നങ്ങളുമായി സംസ്ഥാനമെമ്പാടും കുടുംബശ്രീയുടെ ഒാണം വിപണന മേളകളൊരുങ്ങുന്നു. സെപ്റ്റംബർ നാല് വരെയാണ് വിപണന മേളകൾ. തൃശൂർ ഒഴികെ ബാക്കി ജില്ലകളിലായി പതിമൂന്ന് ജില്ലാതല വിപണന മേളകളും ഒരു സി.ഡി.എസിൽ രണ്ടു വീതം രണ്ടായിരത്തിലേറെ വിപണന മേളകളും ഇക്കുറി സംഘടിപ്പിക്കും. 30 കോടി രൂപയാണ് വിപണന മേളകൾ വഴി പ്രതീക്ഷിക്കുന്ന വിറ്റുവരവ്.  കുടുംബശ്രീ ഒാണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ടൗൺ ഹാളിൽ ആഗസ്റ്റ് 28-ന് നാല് മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും.    

കുടുംബശ്രീ കർഷക സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങളും സൂക്ഷ്മ സംരംഭകർ തയ്യാറാക്കുന്ന ഭക്ഷ്യ-ഭക്ഷേ്യതര ഉൽപന്നങ്ങളുമാണ് ഒാണവിപണിയിലെത്തുക. ബ്രാൻഡ് ചെയ്ത ഉൽപന്നങ്ങൾ ഉൾപ്പെടെയാണിത്. കുടുംബശ്രീയുടെ കാർഷിക പദ്ധതി "നിറപ്പൊലിമ'യുടെ ഭാഗമായി വിളവെടുക്കുന്ന പൂക്കളും സംരംഭകർ വിപണിയിലെത്തിക്കും. സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന സി.ഡി.എസ് വിപണന മേളകളിൽ അയ്യായിരത്തിലേറെ സംരംഭകരുടെ പങ്കാളിത്തവും ഉറപ്പു വരുത്തും. അതത് സി.ഡി.എസുകളും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാകും മേളയുടെ നടത്തിപ്പ്.  

ഇക്കുറി ഒാണസദ്യയുടെ വിപണനവും എല്ലാ ജില്ലകളിലും പുരോഗമിക്കുകയാണ്. പതിനാല് ജില്ലകളിലും വിവിധ ബ്ളോക്കുകളിലും ഒരുക്കിയിട്ടുള്ള കോൾ സെന്റർ നമ്പർ മുഖേനയാണ് ഒാണസദ്യയുടെ ബുക്കിങ്ങ്.  രണ്ടിനം പായസം ഉൾപ്പെടെ ഇരുപതിലേറെ വിഭവങ്ങളടങ്ങുന്നതാണ് കുടുംബശ്രീ സംരംഭകർ ഒരുക്കുന്ന ഒാണസദ്യ. സർക്കാർ അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്കൂളുകൾ, മാധ്യമ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ നിന്നാണ് ബുക്കിങ്ങ് ഏറെയും. വീടുകളിൽ നിന്നുള്ള ഒാർഡറുകളും സ്വീകരിക്കുന്നുണ്ട്.

ഇത്തവണ ഒാണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ഒാൺലൈൻ പ്ളാറ്റ്ഫോമായ പോക്കറ്റ്മാർട്ട് വഴി  വിപണിയിലെത്തിച്ച ഒാണം ഗിഫ്റ്റ് ഹാമ്പറിനും ഉപഭോക്താക്കൾക്കിടയിൽ ഏറെ സ്വീകാര്യത ലഭിക്കുന്നുണ്ട്.  അയ്യായിരത്തിലേറെ ഗിഫ്റ്റ് ഹാമ്പറുകളാണ് ഇതിനകം വിറ്റഴിഞ്ഞത്. സെപ്റ്റംബർ മൂന്നിനകം അയ്യായിരം ഗിഫ്റ്റ് ഹാമ്പറുകൾ വിപണനം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. വിപണനം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യം മറി കടന്നു. ഇതു കൂടാതെ സംസ്ഥാനമൊട്ടാകെ സി.ഡി.എസുകൾ വഴി അമ്പതിനായിരത്തിലേറെ ഗിഫ്റ്റ് ഹാമ്പറുകളും വിറ്റഴിഞ്ഞു. കുടുംബശ്രീ സംരംഭകർക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.

 

 

Content highlight
Kudumbashree Onam fairs starts