പുരസ്‌ക്കാര നിറവില്‍ തിരുനെല്ലിയിലെ കുടുംബശ്രീ 'ബത്തഗുഡെ'

Posted on Tuesday, August 19, 2025

തൊണ്ടി, വെളിയന്‍, ചോമാല...എന്നിങ്ങനെ നീളുന്ന 208 നെല്‍വിത്തിനങ്ങള്‍ നട്ട് സംരക്ഷിച്ച വയനാട്ടിലെ തിരുനെല്ലിയിലെ ബത്ത ഗുഡെയ്ക്ക് സംസ്ഥാന കാര്‍ഷിക അവാര്‍ഡ്. കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് തൃശ്ശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദില്‍ നിന്ന് ബത്ത ഗുഡെ പൈതൃക നെല്‍വിത്ത് സംരക്ഷണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ ചിത്തിര കുടുംബശ്രീ ജെ.എല്‍.ജി സംഘാംഗങ്ങളായ പത്ത് പേര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. രണ്ട് ലക്ഷം രൂപയും ഫലകളും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഏറ്റവും മികച്ച പൈതൃക നെല്‍കൃഷിക്കും വിത്ത് സംരക്ഷണത്തിനുമുള്ള ഈ അവാര്‍ഡ്.

കുടുംബശ്രീയുടെ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിക്ക് കീഴില്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂര്‍ണ്ണ പിന്തുണയോടെയാണ് തദ്ദേശീയ ജനവിഭാഗമായ അടിയ വിഭാഗത്തിലെ ഈ സ്ത്രീകൂട്ടായ്മ 18 ഏക്കറില്‍ നെല്ലിനങ്ങള്‍ കൃഷി ചെയ്തുവരുന്നത്. തിരുനെല്ലി പഞ്ചായത്തിലെ അടുമാരി പാടശേഖരത്തില്‍ ആണ് ബത്ത ഗുഡെ എന്ന പേരില്‍ ഇവരുടെ പൈതൃക നെല്‍വിത്ത് സംരക്ഷണ കേന്ദ്രമുള്ളത്. നെല്‍കൂട്ടം എന്നാണ് ബത്ത് ഗുഡെ എന്ന വാക്കിന്റെ അര്‍ത്ഥം.

വയനാടിന്റെ തനത് നെല്ലിനങ്ങള്‍ ആയ ചോമാല, വെളിയന്‍, ഗന്ധകശാല, തൊണ്ടി തുടങ്ങിയ നെല്ലിനങ്ങള്‍ കൂടാതെ കേരളത്തിലെ മറ്റിടങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും കൃഷി ചെയ്യുന്ന നെല്ലിനങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2017 ല്‍ ഈ പദ്ധതി ആരംഭിക്കുന്നത്. ഓരോ നെല്ലിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വരും തലമുറയ്ക്കും സമൂഹത്തിനും പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഓരോ വര്‍ഷവും വിത്ത് ഇടുന്ന സമയം മുതല്‍ നെല്ല് കൊയ്യുന്ന സമയം വരെ വിവിധ ഘട്ടങ്ങളായി സന്ദര്‍ശകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വ്യത്യസ്ത പരിശീലനങ്ങളും ഇവര്‍ നല്‍കി വരുന്നുണ്ട്.

Content highlight
bathagude under kudumbashree Thirunelli CDS got state award