ഒാണത്തിന് ഒരു ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കോഴിക്കോട് മിയാമി കൺവെൻഷൻ സെന്റ്റിൽ കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാരുടെ സംഗമം "ഒന്നായി നമ്മൾ'-സംസ്ഥാനതല ഉദ്ഘാടനവും സി.ഡി.എസ്തല പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ച് അടുത്ത ഒരുവർഷത്തിനുള്ളിൽ മൂന്നു ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സ്ത്രീകൾക്ക് വരുമാനലഭ്യത നേടിക്കൊടുക്കുന്നതിന്റെ ഭാഗമായി സംരംഭ രൂപീകരണത്തിൽ ഏറെ മുന്നേറി കഴിഞ്ഞു. ഇനി വരുമാന വർധനവാണ് ലക്ഷ്യം. ഇതിനു വേണ്ടിയാണ് വിജ്ഞാനകേരളം പദ്ധതിയുമായി സഹകരിച്ച് വേതനാധിഷ്ഠിത തൊഴിലുകൾ ലഭ്യമാക്കുന്നത്. കുടുംബശ്രീയെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുളള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. നിലവിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഇരുപത് ശതമാനമാണ്. ഇത് അമ്പത് ശതമാനമായി ഉയർത്തുന്നതുവഴി കുടുംബത്തിലും സമൂഹത്തിലും വിപ്ളവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. കൂട്ടായ്മയിലൂടെ ആർജിച്ച കരുത്താണ് കുടുംബശ്രീയുടെ മൂലധനം. വിശ്വസിച്ച് ഏതു ദൗത്യവും ഏൽപ്പിക്കാൻ കഴിയുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറി കഴിഞ്ഞു. കേരളത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ സ്ത്രീകൾക്ക് കടന്നു വരാൻ അവസരമൊരുക്കിയത് കുടുംബശ്രീയാണ്. സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമാർജനത്തിനു വഴിയൊരുക്കിയതും ഈ പെൺകരുത്താണ്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഉജ്ജീവനം പദ്ധതി ഇതിന് ഏറെ സഹായകമായിട്ടുണ്ട്. നിരവധി മാതൃകാ പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്.1,26,000 ടൺ പാഴ്വസ്തുക്കൾ നീക്കം ചെയ്തു കൊണ്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഹരിതകർമസേന മാലിന്യസംസ്ക്കരണത്തിന് ഉത്തമമാതൃകയായി മാറിയിട്ടുണ്ട്. വയോജന രോഗീ പരിചരണ രംഗത്തെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ആവിഷ്ക്കരിച്ച കെ 4 കെയർ, സ്ത്രീകൾ നയിക്കുന്ന കൊച്ചി മെട്രോ വാട്ടർ മെട്രോ എന്നിവയെല്ലാം കുടുംബശ്രീയുടെ കാര്യപ്രാപ്തിക്ക് ഉദാഹരണമാണ്. സ്ത്രീധനം പോലുള്ള സാമൂഹിക പ്രശ്നങ്ങൾക്കെതിരേ ശക്തമായ ബോധവൽക്കരണം നടത്താൻ കുടുംബശ്രീ അംഗങ്ങൾ മുന്നോട്ടു വരണം. കുടുംബശ്രീ പദ്ധതി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കുന്നതിലൂടെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നതിന് നേതൃത്വം നൽകുന്ന സി.ഡി.എസ് അധ്യക്ഷമാരെ അഭിനന്ദിച്ച മന്ത്രി പുതിയ കാലത്തിന് അനുസൃതമായി കുടുംബശ്രീക്ക് പുതിയ ഊർജ്ജവും ലക്ഷ്യവും കൈവരിക്കാൻ സി.ഡി.എസ് അധ്യക്ഷമാർക്ക് കഴിയട്ടെ എന്നും ആശംസിച്ചു.
കാൽ നൂറ്റാണ്ട് മുമ്പ് രൂപീകൃതമായ കുടുംബശ്രീയിലൂടെ ദാരിദ്ര്യനിർമാർജനമെന്ന ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞ കുടുംബശ്രീ കാലാനുസൃതമായി പുതിയ ലക്ഷ്യങ്ങൾ കൂടി പ്രവർത്തനങ്ങളിൽ ഉൾച്ചേർക്കണമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ജനകീയതയുടെ മുഖം നൽകി കൊണ്ട് സംഘടിപ്പിച്ച സി.ഡി.എസ് അധ്യക്ഷമാരുടെ സംഗമം പുതിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായകമാകട്ടെയെന്നും മന്ത്രി ആശംസിച്ചു.
സമൂഹത്തിലെ ഒാരോ സ്ത്രീയുടെയും ആവശ്യങ്ങൾ അയൽക്കൂട്ട എ.ഡി.എസ്, സി.ഡി.എസ്തലത്തിൽ നിന്നും ഉയർന്നുവരണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ജെൻഡർ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തണം. സാമ്പത്തിക ശാക്തീകരണത്തിന് നിലവിലെ സംരംഭ രൂപീകരണത്തോടൊപ്പം മാർക്കറ്റിങ്ങ്, മാനേജ്മെന്റ്, നൈപുണ്യ പരിശീലനം എന്നീ മേഖലകളിലും മുന്നേറാൻ കഴിയണമെന്നും ടി.വി അനുപമ പറഞ്ഞു.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നുള്ള സി.ഡി.എസ് അധ്യക്ഷമാരാണ് കോഴിക്കോട് സംഘടിപ്പിച്ച സി.ഡി.എസ് സംഗമത്തിൽ പങ്കെടുത്തത്. രാവിലെ 9.30 മുതൽ 10 വരെ കുടുംബശ്രീ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സി.സി പ്രതേ്യക അവതരണം നടത്തി.
കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ നടത്തിയ കഴിഞ്ഞ നാലു വർഷത്തെ പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും വിവരിക്കുന്നതാണ് പ്രോഗ്രസ് റിപ്പോർട്ട്. നിലവിലെ സി.ഡി.എസ് അധ്യക്ഷമാർ 2022 ൽ ചുമതലയേറ്റ ശേഷം ഉപജീവന സാമൂഹ്യവികസന മേഖലകളിലും കേന്ദ്രാവിഷ്കൃത പദ്ധതികളിലും നടപ്പാക്കിയ പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളുമാണ് പ്രോഗ്രസ് റിപ്പോർട്ടിന്റെ ഉള്ളടക്കം. ഒാരോ സി.ഡി.എസിലും നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ മറ്റു സി.ഡി.എസുകൾക്കു കൂടി മനസിലാക്കാനും പ്രാവർത്തികമാക്കുന്നതിനുമുള്ള അവസരം ലഭ്യമാക്കുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
ഉദ്ഘാടന സമ്മേളനത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ പി.സുരേന്ദ്രൻ മാസ്റ്റർ, ചേളന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ, കുടുംബശ്രീ ഗവേണിങ്ങ് ബോഡി എക്സിക്യൂട്ടീവ് അംഗം കെ.കെ ലതിക, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ശ്യാം കുമാർ കെ.യു, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് അധ്യക്ഷ റീഷ്മ പി.കെ, സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇൻഡ്യ റീജിയണൽ മാനേജർ ബിജിത്ത് രാജഗോപാൽ എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കവിത പി.സി നന്ദി പറഞ്ഞു. സി.ഡി.എസ് അധ്യക്ഷമാരായ ചന്ദ്രമതി അമ്മ, കെ.പി ശ്യാമള, സൗമിനി സി.പി, രമണി എം.പി, ആർ.പി വത്സല, സുലോചന, യമുന രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന പരിപാടിക്കു ശേഷം 11.30 മുതൽ 3.30 വരെ ജില്ലകളുടെ വിഷയാവതരണവും 4.30 മുതൽ 5.30 വരെ ഒാപ്പൺ ഫോറവും സംഘടിപ്പിച്ചു.
- 654 views



