സര്‍ഗാത്മകതയുടെ വസന്തവും അനുഭവങ്ങളുടെ തീക്ഷ്ണതയും സമന്വയിച്ച 'സര്‍ഗം' ത്രിദിന സംസ്ഥാനതല സാഹിത്യ ശില്‍പശാലയ്ക്ക് സമാപനം. കേരള സാഹിത്യ അക്കാദമി സെക്രട്ടി സി.പി അബൂബക്കര്‍ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനവും ശില്‍പശാലയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു. കില അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.കെ.പി.എന്‍ അമൃത അധ്യക്ഷത വഹിച്ചു.
സര്‍ഗാത്മകതയെ പരിപോഷിപ്പിക്കാന്‍ അനുഭവങ്ങളും നിരന്തരമായ വായനയും പരിശീലനവും ആവശ്യമാണെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കര്‍ പറഞ്ഞു. എഴുത്തിന്‍റെ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ അന്തര്‍ലീനമായ കഴിവുകള്‍ക്കൊപ്പം പുതിയ അറിവുകളും ആര്‍ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള സാഹിത്യഅക്കാദമിയും കിലയുമായി സഹകരിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുത്ത കുടുംബശ്രീ വനിതകള്‍ക്ക് വേണ്ടിയാണ് മൂന്നു ദിവസത്തെ ശില്‍പശാല സംഘടിപ്പിച്ചത്. ശില്‍പശാലയില്‍ സാഹിത്യത്തിന്‍റെ വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു ക്ളാസുകള്‍. മലയാള കഥയും കവിതയും നാടകവും ഉള്‍പ്പെടെ രചനയുടെ മൗലിക ഭാവങ്ങളെ അടുത്തറിയാനും സ്വയം നവീകരിക്കപ്പെടാനും ശില്‍പശാല സഹായകമായെന്ന് ക്യാമ്പ് ഡയറക്ടര്‍ വി.എസ് ബിന്ദു പറഞ്ഞു.
സമാപന സമ്മേളനത്തില്‍ കേരള സാഹിത്യ അക്കാദമി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.എസ് സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. ക്യാമ്പ് അംഗങ്ങള്‍ ശില്‍പശാലാ അവലോകനം നടത്തി. എഴുത്തുകാരി കെ.രേഖ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. യു.സലില്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പി.ആര്‍.ഓ ഡോ.അഞ്ചല്‍ കൃഷ്ണ കുമാര്‍ നന്ദി പറഞ്ഞു. രാവിലെ നടന്ന വിവിധ സെഷനുകളില്‍ എഴുത്തുകാരായ കെ.രേഖ, കെ.വി സജയ് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.

- 16 views