'ഹരിതസമൃദ്ധി' ക്യാമ്പയിന്‍: സംസ്ഥാനത്തുടനീളം 1981.04 ഹെക്ടറിലായി കുടുംബശ്രീയുടെ ശീതകാല പച്ചക്കറി കൃഷി

Posted on Monday, December 2, 2024
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒക്ടോബറില്‍ ആരംഭിച്ച 'ഹരിതസമൃദ്ധി' ശീതകാല പച്ചക്കറി കൃഷി ക്യാമ്പയിന്‍ സംസ്ഥാനത്തുടനീളം ഊര്‍ജിതമാകുന്നു. നിലവില്‍ 1981.04 ഹെക്ടറിലാണ് ക്യാമ്പയിന്‍റെ ഭാഗമായി കൃഷി പുരോഗമിക്കുന്നത്. പ്രാദേശികതലത്തില്‍ ശീതകാല പച്ചക്കറി കൃഷിയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനൊപ്പം കര്‍ഷകരുടെ വരുമാന വര്‍ധനവും പോഷകാഹാര ലഭ്യതയും ഇതിലൂടെ ലക്ഷ്യമിടുന്നു. ജനുവരി വരെയാണ് ക്യാമ്പയിന്‍.  
 
നിലവില്‍ എല്ലാ ജില്ലകളിലുമായി 6073 വാര്‍ഡുകളില്‍ ശീതകാല പച്ചക്കറി കൃഷി സജീവമാണ്. ക്യാരറ്റ്, മുള്ളങ്കി, കോളി ഫ്ളവര്‍, കാബേജ് തുടങ്ങിയ ശീതകാല വിളകള്‍ക്കൊപ്പം വിവിധ വെളളരിവര്‍ഗങ്ങള്‍, പയര്‍, വെണ്ട, തക്കാളി, വഴുതന, ചീര, മുളക്, തണ്ണിമത്തന്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വലിയ മുതല്‍മുടക്കില്ലാതെ ആദായകരമായി ചെയ്യാവുന്ന ഹ്രസ്വകാല വിളകള്‍ എന്നതാണ് കര്‍ഷകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. നിലവില്‍ 14977 വനിതാ കര്‍ഷക സംഘങ്ങളിലായി 68474 വനിതകള്‍ ശീതകാല പച്ചക്കറി കൃഷി വിജയകരമായി നടത്തുന്നു.

 പദ്ധതിയുടെ ഭാഗമായി വിപണി ലഭ്യതയും ഉറപ്പു വരുത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി വിളവെടുക്കുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ കുടുംബശ്രീയുടെ തന്നെ നാട്ടുചന്ത, അഗ്രി കിയോസ്കുകള്‍, വിവിധ മേളകള്‍ എന്നിവ വഴിയാകും വിറ്റഴിക്കുക. കൂടാതെ ഉപഭോക്താക്കള്‍ക്ക് നേരിട്ടും വിപണനം നടത്തും.

ഹരിതസമൃദ്ധി ക്യാമ്പയിന്‍റെ ഭാഗമായി കര്‍ഷകര്‍ക്കാവശ്യമായ വിവിധ പിന്തുണകളും കുടുംബശ്രീ  ലഭ്യമാക്കുന്നുണ്ട്. പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവനുകള്‍ മുഖേന കൃഷി ചെയ്യാന്‍ ആവശ്യമായ പച്ചക്കറി തൈകള്‍ ലഭ്യമാക്കുന്നു. കൂടാതെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍-കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്ര സ്ഥാപനവുമായി സഹകരിച്ചു കൊണ്ട് നടീല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ എല്ലാ പരിശീലനങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു. ഇതുവരെ 152 ബ്ളോക്കുകളിലായി 5631 പരിശീലന പരിപാടികളാണ് കര്‍ഷകര്‍ക്കായി സംഘടിപ്പിച്ചത്. ശീതകാല പച്ചക്കറി കൃഷിക്ക് തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണവും ലഭിക്കുന്നുണ്ട്. ക്യാമ്പയിന് ലഭിച്ച മികച്ച സ്വീകാര്യത കണക്കിലെടുത്ത് അടുത്ത വര്‍ഷം കൂടുതല്‍ സ്ഥലത്ത് ശീതകാല പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും കുടുംബശ്രീ ലക്ഷ്യമിടുന്നു.
 
 
gj

 

Content highlight
haritha samrudhi progressing