കേരളത്തിലെ കോർപ്പറേഷനുകൾ, നഗര പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവയുടെ വാർഡ് ഡിലിമിറ്റേഷൻ നോട്ടിഫിക്കേഷനും അതിന്റെ ഭാഗമായ ഡിജിറ്റൽ ഭൂപടവും ഡിലിമിറ്റേഷൻ കമ്മീഷൻ്റെ വെബ്സൈറ്റിലും, https://wardmap.ksmart.live എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
ഡിലിമിറ്റേഷൻ കമ്മീഷൻ്റെ നിർദ്ദേശപ്രകാരം, ഇൻഫർമേഷൻ കേരള മിഷൻ്റെ സാങ്കേതിക സഹായത്തോടെ മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് തദ്ദേശ സ്ഥാപനങ്ങൾ വാർഡ് പുനർനിർണ്ണയ നടപടികൾ പൂർത്തിയാക്കിയത്. പൂർണ്ണമായും ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ജീവനക്കാർക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിൽ അനുയോജ്യമായ പരിശീലനം നൽകി. സ്മാര്‍ട്ട് ഫോണിൽ മൊബൈല്‍ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം, ഫീൽഡ് സർവേ നടത്തി ഓൺലൈനായാണ് അതിർത്തികൾ അടയാളപ്പെടുത്തിയത്. നെറ്റ്വര്‍ക്ക് സൗകര്യം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ഓഫ്ലൈൻ മോഡിലും അതിർത്തികൾ രേഖപ്പെടുത്തുന്നതിനായി ആപ്പിൽ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.
ആപ്പ് ഉപയോഗിക്കുന്നതിൽ വിശദമായ പരിശീലനം സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഡിലിമിറ്റേഷൻ കമ്മീഷൻ്റെ നേതൃത്വത്തിൽ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് പൂർത്തിയാക്കി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തന സജ്ജമായ കൺട്രോൾ റൂം ഐ.കെ.എമ്മിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു.
ഡിലിമിറ്റേഷൻ കമ്മീഷൻ്റെ നിർദ്ദേശപ്രകാരം, ഒക്ടോബർ ഒൻപതാം തീയതി സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും സെക്രട്ടറിമാർക്ക് മൊബൈല്‍ ആപ്പ് പ്രവർത്തനത്തിന് ആവശ്യമായ Authentication ഫയലും പ്രോജക്റ്റ് ഫയലും കൺട്രോൾ റൂമിൽ നിന്ന് നേരിട്ട് അയച്ചു നൽകി. പിന്തുണയ്ക്കുന്നതിനായി കൺട്രോൾ റൂമിന്റെ കീഴിൽ പ്രത്യേക വാട്ട്സാപ്പ് ഗ്രൂപ്പും ആരംഭിച്ചു, ഇത് ജീവനക്കാരുടെ പരാതികളും സംശയങ്ങളും അടിയന്തിരമായി പരിഹരിച്ചു.
കമ്മീഷൻ്റെ നിർദ്ദേശപ്രകാരം പൂർത്തിയാക്കിയ മാപ്പുകൾ ലോക്കുചെയ്തും, തിരുത്തലുകൾ വരുത്തേണ്ട സമയത്ത് മാനദണ്ഡങ്ങൾ പാലിച്ച് അൺലോക്ക് ചെയ്തും നൽകി.
ഒരു സംസ്ഥാനത്തിന്റെ മുഴുവൻ വാർഡ് വിഭജന നടപടികളും മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ഫീൽഡ് പ്രവർത്തനം നടത്തിയും 20 ദിവസത്തിനകം പൂർത്തിയാക്കുന്നത് രാജ്യത്തെ ഡിലിമിറ്റേഷൻ പ്രക്രിയകളുടെ ചരിത്രത്തിൽ സവിശേഷമായ നാഴികക്കല്ലാണ്.
പൂർത്തിയാക്കിയ മാപ്പുകൾ ഓണ്‍ലൈനായി വിശകലനം ചെയ്യാനും പ്രിന്റ് എടുക്കാനുമാണ് ഈ വെബ്സൈറ്റ് ഉപയോഗിക്കുക.
- 2376 views