തദ്ദേശീയ സമൂഹത്തിന്‍റെ നേര്‍കാഴ്ചകള്‍: കുട്ടികള്‍ തയ്യാറാക്കിയ നൂറ് ഹ്രസ്വ ചലച്ചിത്രങ്ങളുമായി കുടുംബശ്രീ 'കനസ് ജാഗ' ചലച്ചിത്രോത്സവം

Posted on Wednesday, October 23, 2024

തദ്ദേശീയ സമൂഹത്തിന്‍റെ നേര്‍കാഴ്ചകള്‍ ഒപ്പിയെടുത്ത നൂറു ഹ്രസ്വ ചലച്ചിത്രങ്ങളുമായി കുടുംബശ്രീയുടെ 'കനസ് ജാഗ' ചലച്ചിത്രോത്സവം ഒക്ടോബര്‍ 26,27 തീയതികളില്‍ എറണാകുളം സെന്‍റ്തെരേസാസ് കോളേജില്‍ അരങ്ങേറും. സംസ്ഥാനത്ത് പട്ടികവര്‍ഗ പ്രത്യേക പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളിലെ കുട്ടികള്‍ തയ്യാറാക്കിയ ഹ്രസ്വ ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. തദ്ദേശീയ മേഖലയിലെ കുട്ടികളുടെ നേതൃത്വത്തില്‍ ആശയ രൂപീകരണം, കഥ, തിരക്കഥ, ചിത്രീകരണം എന്നിവ ഉള്‍പ്പെടെ നിര്‍വഹിച്ചു കൊണ്ട് ഹ്രസ്വ ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതും രാജ്യത്ത് തന്നെ ഇതാദ്യമാണ്. കുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിച്ചു കൊണ്ട് സാമൂഹികവും സാംസ്കാരികമായും മുന്നേറാന്‍ പ്രാപ്തരാക്കുകയാണ് കുടുംബശ്രീ ഇതിലൂടെ  ലക്ഷ്യമിടുന്നത്.

 ചലച്ചിത്രോത്സവത്തിനോടൊപ്പം ഹ്രസ്വ ചലച്ചിത്ര നിര്‍മാണത്തിന്‍റെ ഭാഗമായി ഒമ്പത് പട്ടികവര്‍ഗ പ്രത്യേക പദ്ധതികളിലെ കുട്ടികള്‍ രചിച്ച കഥ, തിരക്കഥാ പുസ്തകങ്ങളുടെ പ്രകാശനം, തദ്ദേശീയ മേഖലയില്‍ കുടുംബശ്രീയുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന അനിമേറ്റര്‍മാര്‍, അനിമേറ്റര്‍ കോര്‍ഡിനേറ്റര്‍മാര്‍, കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ബ്രിഡ്ജ് കോഴ്സ് അധ്യാപകര്‍ എന്നിവരുടെ സംസ്ഥാനതല സംഗമവും നടക്കും. ഇതില്‍ ഐക്യ രാഷ്ട്ര സംഘടന, ടാലന്‍റ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സ് എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനങ്ങള്‍, സാമൂഹിക പ്രശ്നങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രമേയങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഓരോ ചിത്രത്തിന്‍റെയും നിര്‍മാണം. മൊബൈല്‍ ഫോണില്‍ കുട്ടികള്‍ തന്നെയാണ് സിനിമ ചിത്രീകരിച്ചത്. എഡിറ്റിങ്ങിനു മാത്രമാണ് പുറമേ നിന്നുളള സാങ്കേതിക സഹായം തേടിയത്.

ആകെ അഞ്ചു വേദികളിലായായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ നാലു വേദികളില്‍ ഹ്രസ്വചലച്ചിത്ര പ്രദര്‍ശനവും ഒരു വേദിയില്‍ സെമിനാറും സംഘടിപ്പിക്കും. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ സെമിനാറുകളില്‍ പങ്കെടുക്കും. ഹ്രസ്വ ചലച്ചിത്രങ്ങള്‍ ആസ്വദിക്കുന്നതിനും സെമിനാറുകളില്‍ പങ്കെടുക്കുന്നതിനും പൊതു ജനങ്ങള്‍ക്കും അവസരമുണ്ട്. ഹ്രസ്വ ചലച്ചിത്രങ്ങള്‍ തയ്യാറാക്കിയ അഞ്ഞൂറോളം കുട്ടികളും അനിമേറ്റര്‍മാര്‍, ബ്രിഡ്ജ് സ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ രണ്ടായിരത്തോളം പേര്‍ ഇതിന്‍റെ ഭാഗമാകും.

ഹ്രസ്വ ചലച്ചിത്ര നിര്‍മാണത്തിന്‍റെ മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട് മുപ്പത് മുതല്‍ അമ്പത് വരെ കുട്ടികളെ ഉള്‍പ്പെടുത്തി നൂറോളം പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഓരോ ബാച്ചില്‍ നിന്നും ഓരോ ഹ്രസ്വചിത്രം വീതം തയ്യാറാക്കി. കഥ, തിരക്കഥാ രചന എന്നിവയ്ക്ക് ഈ രംഗത്തെ വിദഗ്ധരുടെ പിന്തുണയും പരിശീലന പരിപാടിയില്‍ ലഭ്യമാക്കിയിരുന്നു.

Content highlight
KANAS JAGA