ഓഗസ്റ്റ് 16-ലെ ബഡ്‌സ് ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികള്‍ ആഘോഷമാക്കി. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയോജിച്ച് നടത്തുന്നതാണ് ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളും (18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി).
2004-ല്‍ സംസ്ഥാനത്തെ ആദ്യ ബഡ്‌സ് സ്‌കൂള്‍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ദിനമാണ് ഓഗസ്റ്റ് 16. ബഡ്സ് സ്ഥാപനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക, പരിശീലനാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വളര്‍ത്തിക്കൊണ്ടുവരിക, ബഡ്‌സ് സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ഉള്‍ച്ചേര്‍ക്കുക, രക്ഷിതാക്കള്‍ക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളും ബഡ്‌സ് ദിനം ആഘോഷിക്കുന്നതിന് പിന്നിലുണ്ട്.
ബഡ്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി ബഡ്‌സ് വാരാചരണവും സംഘടിപ്പിച്ചിരുന്നു. സ്ഥാപനങ്ങളിലേക്ക് എത്താന്‍ കഴിയാത്ത സഹ പരിശീലനാര്‍ത്ഥികളുടെ വീടുകളിലേക്ക് ഭവനസന്ദര്‍ശം, രക്ഷാകര്‍ത്താക്കള്‍ക്കുള്ള ബോധവത്ക്കരണം, പൊതുഇട സന്ദര്‍ശനം, സിനിമാ പ്രദര്‍ശനം, വിനോദയാത്ര, കലാപരിപാടികള്‍ എന്നിങ്ങനെ നിരവധി പരിപാടികളാണ് വിവിധ ബഡ്‌സ് സ്ഥാപനങ്ങള്‍ ബഡ്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. നിലവിലുള്ള 361 സ്ഥാപനങ്ങളിലായി (ബഡ്‌സ് സ്‌കൂളുകളും ബി.ആര്‍.സികളും) 11847 പരിശീലനാര്‍ത്ഥികളുണ്ട്.