കുടുംബങ്ങളിലെ സന്തോഷ സൂചിക ഉയര്‍ത്തുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഹാപ്പിനെസ് സെന്റര്‍' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ശില്പശാല സമാപിച്ചു. പദ്ധതിയുടെ പ്രവര്‍ത്തനരീതി, മാര്‍ഗരേഖ എന്നിവ തയ്യാറാക്കുന്നതിനുള്ള ആശയരൂപീകരണവുമായി ബന്ധപ്പെട്ടായിരുന്നു ശില്പശാല. ഓഗസ്റ്റ് 17ന് 168 സി.ഡി.എസുകളില്‍ പദ്ധതിക്ക് തുടക്കമിടുകയാണ് ലക്ഷ്യം.
തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, ശുചിത്വം, കലയും സാഹിത്യവും സ്പോര്‍ട്സ്, മാനസികാരോഗ്യം, പോഷകാഹാരം, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ഗ്രൂപ്പ് ചര്‍ച്ചകളില്‍ നിന്നാണ് ആശയരൂപീകരണം നടത്തിയത്. ഇതു പ്രകാരം ഓരോ പഞ്ചായത്തിലും ഹാപ്പിനെസ് സമിതികള്‍ രൂപീകരിക്കല്‍, വ്യക്തികളുടെ മാനസിക ശാരീരിക ആരോഗ്യ സംരക്ഷണം, പരിസര സൗഹൃദ കുടുംബാന്തരീക്ഷം സൃഷ്ടിക്കല്‍, കലാ കായിക സാംസ്കാരിക രംഗത്തെ പങ്കാളിത്തം, കുടുംബങ്ങളില്‍ മികച്ച ആശയവിനിമയം, ഫലപ്രദമായ സാമ്പത്തിക മാനേജ്മെന്റ്, ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളും ഇന്‍ഡ്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഇതരമൂല്യങ്ങളും എന്നിങ്ങനെ വ്യക്തികളെയും കുടുംബങ്ങളെയും ആരോഗ്യപരമായി കൂട്ടിയിണക്കാന്‍ കഴിയുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ ശില്പശാലയില് ലഭ്യമായി. ഇനി ഇവ ക്രോഡീകരിച്ച് പ്രവര്‍ത്തനരീതിയും മാര്‍ഗരേഖയും തയ്യാറാക്കും. ഇതു പൂര്‍ത്തിയാകുന്നതോടെ ഓരോ കുടുംബത്തിനും ആവശ്യമായ സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്യുന്നതിനുള്ള വിവരങ്ങള്‍ സര്‍വേ മുഖേന കണ്ടെത്തും. തുടര്‍ന്ന് വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ സൂക്ഷ്മതല പദ്ധതി വിലയിരുത്തിയ ശേഷം കേരളീയ സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസൃതമായ വിധത്തില്‍ സന്തോഷ സൂചിക തയ്യാറാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംവിധാനമാണ് കുടുംബശ്രീ ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി 168 മാതൃകാ സി.ഡി.എസിലും ഹാപ്പിനെസ് ഫോറം രൂപീകരിക്കുന്നതോടൊപ്പം ഓരോ റിസോഴ്സ് പേഴ്സണെയും നിയമിക്കും. പദ്ധതി നടപ്പാക്കുന്ന ഓരോ സി.ഡി.എസിലും പത്തു മുതല്‍ നാല്‍പ്പത് വരെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി 'ഇടം' എന്ന പേരില്‍ വാര്‍ഡുതല കൂട്ടായ്മകളും രൂപീകരിക്കുന്നുണ്ട്. ആരോഗ്യ വിദ്യാഭ്യാസ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാക്കുന്നതിനൊപ്പം സാമൂഹിക ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണിത്
ഫലപ്രദമായ പദ്ധതി നടത്തിപ്പിന് സംസ്ഥാന ജില്ലാതലത്തില്‍ റിസോഴ്സ് ഗ്രൂപ്പുകളും രൂപീകരിക്കും. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍, അതത് തദ്ദേശ സ്ഥാപനത്തിലെയും കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെയും പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രാദേശികതലത്തിലും വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാമുള്ള പരിശീലനം ജൂലൈ 30നകം പൂര്‍ത്തിയാകും. ഓഗസ്റ്റ് ഒന്നു മുതല്‍ എ.ഡി.എസ് അംഗങ്ങള്‍ക്കുള്ള വാര്‍ഡുതല പരിശീലനവും ആരംഭിക്കും.
പദ്ധതി നടത്തിപ്പില്‍ തദ്ദേശ വകുപ്പ് മുഖ്യപങ്കാളിയാകും. കൂടാതെ ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശുവികസനം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, വനം തുടങ്ങി വിവിധ വകുപ്പുകളുമായും കൈകോര്‍ക്കും. ഇപ്രകാരം സംയോജന പ്രവര്‍ത്തനങ്ങളുടെ മുഖ്യവേദിയായും ഹാപ്പിനെസ് സെന്ററുകള്‍ മാറും. ഹാപ്പിനെസ് ഇന്‍ഡക്സില്‍ മികച്ച നേട്ടം കൈവരിക്കുന്നതോടൊപ്പം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ശില്പശാലയിലൂടെ ലഭിച്ച ആശയങ്ങളും നിര്‍ദേശങ്ങളും കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍, വയോജനങ്ങള്‍ തുടങ്ങി സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ക്രിയാത്മകവും സജീവവുമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാകുമെന്നാണ് പ്രതീക്ഷ.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. ഡോ.അബ്ബാസ് അലി ടി.കെ, ഡോ.റസീന പദ്മം എം.എസ്, ഡോ. എസ്. ശാന്തി, ഡോ.പീജാ രാജന്, ഡോ. ഉണ്ണിമോള്, ഡോ.ശ്രീലേഖ ടി.ജെ, ഡോ. രമേഷ് കെ, ഡോ. സി. സ്വരാജ്, ഡോ.പി സത്യനേശന്, സതീഷ് കുമാര്‍ കെ., രാജീവ് ആര്, റാഫി പി, സുനിത എന്നിവര്‍ ശില്പശാലയില് വിവിധ ആശയങ്ങള്‍ അവതരിപ്പിച്ചു. കുടുംബശ്രീ കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ പ്രീത സ്വാഗതവും സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണകുമാരി ആര്.നന്ദിയും പറഞ്ഞു. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷന് ഭാരവാഹികള്‍ പങ്കെടുത്തു.
- 76 views