പ്രതികൂല കാലാവസ്ഥയിലും പൊലിമ കുറയാതെ 'പൊലിമ പുതുക്കാട്'

Posted on Friday, July 21, 2023
വിഷഹരിതമായ, സുരക്ഷിത പച്ചക്കറികളുടെ ഉത്പാദനമെന്ന ലക്ഷ്യത്തോടെ തൃശ്ശൂരിലെ പുതുക്കാട് നിയോജകമണ്ഡലത്തില് നടപ്പിലാക്കുന്ന പൊലിമ പുതുക്കാട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കം. തദ്ദേശ സ്ഥാപനങ്ങള്, കുടുംബശ്രീ, കൃഷിവകുപ്പ്, സഹകരണ സ്ഥാപനങ്ങള്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഫലപ്രദമായ സംയോജനം വഴി നടപ്പിലാക്കുന്ന പദ്ധതി ഭക്ഷ്യോത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയെന്ന സംസ്ഥാന സര്ക്കാരിന്റെ ആശയം പ്രാവര്ത്തികമാക്കുന്നതിന് വേണ്ടിയാണ് തുടക്കമിട്ടത്. കുടുംബശ്രീയുടെ അഗ്രി ന്യൂട്രിഗാര്ഡന് പദ്ധതി മുഖേനയുള്ള സഹായങ്ങളും പദ്ധതിയുടെ ഭാഗമാകുന്നവര്ക്ക് നല്കിവരുന്നു.
 
പുതുക്കാട് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ 2411 അയല്ക്കൂട്ടങ്ങളില് അംഗങ്ങളായ 40,000 കുടുംബശ്രീ വനിതകള് മുഖേന 29 ഹെക്ടര് സ്ഥലത്ത് 120 ടണ് പച്ചക്കറിയാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില് വിളവെടുത്തത്. രണ്ടാം ഘട്ടത്തില് മികച്ച രീതിയില് കാര്ഷികവൃത്തിയിലേര്പ്പെട്ട അയല്ക്കൂട്ടങ്ങള്ക്കുള്ള പുരസ്‌ക്കാര വിതരണവും മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും ജൂണ് 27 ന് കൊടകര ബ്ലോക്ക് ഹാളില് സംഘടിപ്പിച്ച ചടങ്ങില് പുതുക്കാട് എം.എല്.എ കെ.കെ. രാമചന്ദ്രന് നിര്വഹിച്ചു.
 
സി.ഡി.എസ്തല വിജയികളായ അയല്ക്കൂട്ടങ്ങള്
1. നന്മ (മറ്റത്തൂര് പഞ്ചായത്ത്)
2. അനശ്വര (വല്ലച്ചിറ)
3. ദേവശ്രീ (അളഗപ്പാ നഗര്)
4. ഐശ്വര്യ ലക്ഷ്മി (പുതുക്കാട്)
5. പ്രതിഭ (നെന്മണിക്കര)
6. സൗഹൃദ (വരന്തരപ്പിള്ളി)
7. ഫ്രണ്ട്‌സ് കൂട്ടായ്മ (തൃക്കൂര്)
8. കരുണശ്രീ (പറപ്പൂക്കര)
 
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത് അദ്ധ്യക്ഷത വഹിച്ച യോഗത്തില് ചേര്പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണന് മാസ്റ്റര്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, അജിത സുധാകരന്, സൈമണ് നമ്പാടന്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ഡോ. കവിത. എ, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര് പി.ആര്. അജയഘോഷ്, പുതുക്കാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ചെയര്പേഴ്‌സണ് അമ്പിളി ഹരി തുടങ്ങിയവര് ആശംസകള് നേര്ന്നു. മറ്റത്തൂര് കൃഷി ഓഫീസര് ഉണ്ണികൃഷ്ണന് ശാസ്ത്രീയപച്ചക്കറി കൃഷിയെ കുറിച്ച് ക്ലാസ്സെടുത്തു.
 
polima

 

Content highlight
polima puthukkad 3rd stage starts