പ്രതിസന്ധികള്‍ നീന്തിക്കയറിയ സുചിത്ര ഞങ്ങള്‍ക്ക് അഭിമാനമാകുമ്പോള്‍...

Posted on Tuesday, September 27, 2022
 
കുടുംബശ്രീയുടെ ആഭിമുഖ്യത്തില് നടത്തുന്ന നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി (അര്ബന് പോവര്ട്ടി റിഡക്ഷന് പ്ലാന്- യു.പി.ആര്.പി) പ്രവര്ത്തനങ്ങള്ക്ക് വേണ്ടി മാസ്റ്റര് പരിശീലകര്ക്കായി സെപ്റ്റംബര് 19,20 തീയതികളില് സംഘടിപ്പിച്ച സംസ്ഥാനതല പരിശീലന പരിപാടിക്കിടെ കുടുംബശ്രീയ്ക്ക് വേണ്ടി ഒരു ആദരിക്കല് ചടങ്ങും നടന്നു. തിരുവനന്തപുരത്ത് മണ്വിള അഗ്രികള്ച്ചറല് കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ടില് സംഘടിപ്പിച്ച പരിശീലന പരിപാടിക്കിടെ ആദരവ് നേടിയ ആള് അത്ര ചില്ലറക്കാരിയല്ല.
ആസ്തമയടക്കമുള്ള പ്രതിസന്ധികളും നദികളോടും പുഴകളോടുമുള്ള പരിചക്കുറവുമൊന്നും വകവയ്ക്കാതെ പെരിയാര് നീന്തിക്കടന്ന് ശ്രദ്ധ നേടിയ സുചിത്ര. കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം (എന്.യു.എല്.എം) പദ്ധതിക്ക് കീഴില് ആലുവയില് കമ്മ്യൂണിറ്റി ഓർഗനൈസറായി പ്രവര്ത്തിച്ചുവരികയാണ് സുചിത്ര.
 
ചെറുപ്പത്തിലെ ആസ്തമ ബാധിതയായ സുചിത്ര വിവാഹശേഷമാണ് വ്യായാമമെന്ന നിലയില് നീന്തല് പഠിക്കാനായി പോയിത്തുടങ്ങുന്നത്. വെറും 40 ദിവസം നീണ്ട പരിശീലനത്തിന് ശേഷം സാക്ഷാൽ പെരിയാര് നദി നീന്തിക്കടന്നു സുചിത്ര. തീരെ പരിചയമില്ലാത്ത ഒരു പരിസ്ഥിതിയില് പ്രതിസന്ധികളെ മറികടന്ന് പരിശ്രമം ഒന്ന് കൊണ്ട് മാത്രം കൈവരിച്ച ഈ നേട്ടം ഏവര്ക്കും പ്രചോദനമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുചിത്ര.
 
സംസ്ഥാനതല പരിശീലന പരിപാടിയുടെ ഭാഗമായി 151 മാസ്റ്റര് പരിശീലകര് യു.പി.ആര്.പി പരിശീലനം നേടി. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയിലെ 'സാമൂഹ്യ സംഘാടനവും സ്ഥാപന വികസനവും' എന്ന ഘടകത്തിന്റെ ഭാഗമായി കുടുംബശ്രീ ആവിഷ്‌ക്കരിച്ച പുതിയ പരിപാടിയാണ് നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി.
കേരളത്തിലെ നഗരപ്രദേശങ്ങളില് സമഗ്ര വികസനം സാധ്യമാക്കാന് ഉപകരിക്കുന്ന വിധത്തില് കര്മ്മ പദ്ധതി തയ്യാറാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനങ്ങളുടെ നേതൃത്വത്തിലാണ് ഈ പ്രവര്ത്തനങ്ങള് നടത്തുന്നത്.
 
suchithra

 

Content highlight
suchithra making Kudumbashree proud