കോവിഡ് അവബോധം നല്‍കാന്‍ കുടുംബശ്രീയുടെ 'ഒരു കുഞ്ഞുപരീക്ഷ' - കാല്‍ക്കൊല്ല പരീക്ഷ സംഘടിപ്പിച്ചു

Posted on Wednesday, November 3, 2021

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 32,627 ബാലസഭകളിലെ നാലര ലക്ഷം അംഗങ്ങള്‍ക്കിടയില്‍ കോവിഡ് പ്രതിരോധത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി സംഘടിപ്പിച്ചുവരുന്ന 'ഒരു കുഞ്ഞുപരീക്ഷ'യുടെ രണ്ടാം ഘട്ടം ഒക്ടോബര്‍ 30ന് നടത്തി. കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതോടൊപ്പം സ്വന്തം വീട്ടില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം നടപ്പാക്കുന്നു എന്ന് നിരന്തരം വിലയിരുത്തുന്നതിന് കുട്ടികളെ സജ്ജരാക്കുന്നതിനാണ് പരീക്ഷ  സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി 26,054 കുട്ടികളാണ് കാല്‍ക്കൊല്ല പരീക്ഷയില്‍ പങ്കെടുത്തത്.

  മോഡല്‍ പരീക്ഷ, കാല്‍ക്കൊല്ല പരീക്ഷ, അരക്കൊല്ല പരീക്ഷ, കൊല്ലപരീക്ഷ എന്നിങ്ങനെ നാലു ഘട്ടങ്ങളിലായി ഓണ്‍ലൈനായിട്ടാണ് 'ഒരു കുഞ്ഞു പരീക്ഷ' നടത്തുന്നത്. ആദ്യഘട്ടമെന്ന നിലയ്ക്ക് ജൂണ്‍ പത്തിന് സംഘടിപ്പിച്ച മോഡല്‍ പരീക്ഷയ്ക്ക് അംഗങ്ങള്‍ക്കിടയില്‍ നിന്നും ആവേശകരമായ പ്രതികരണം ലഭിച്ചിരുന്നു.  

  പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അതത് കുടുംബശ്രീ സി.ഡി.എസ് എ.ഡി.എസ് മുഖേന ഓരോ വാര്‍ഡിലുമുള്ള ബാലസഭാംഗങ്ങള്‍ക്ക് ലഭ്യമാക്കി. കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ച് ആകെ 25 ചോദ്യങ്ങളാണ് നല്‍കിയത്. രാവിലെ പത്തര മുതല്‍ രാത്രി പത്തര വരെയുള്ള ഏതു സമയത്തും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നു. നാല് പരീക്ഷകളില്‍ പങ്കെടുക്കുമ്പോള്‍ കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള മികച്ച അവബോധം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ. ശേഷിക്കുന്ന രണ്ട് പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.

  സംസ്ഥാനമൊട്ടാകെയുള്ള ബാലസഭാ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ബ്‌ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, എ.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയാണ് പരീക്ഷയില്‍ ബാലസഭാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നത്. സംസ്ഥാന ജില്ലാ മിഷനുകള്‍ ഇതിനാവശ്യമായ മേല്‍നോട്ടം വഹിക്കും. കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുന്നതിനായി കുടുംബശ്രീ നടത്തി വരുന്ന വിവിധ മാര്‍ഗങ്ങളുടെ തുടര്‍ച്ചയാണ് ബാലസഭാംഗങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന 'ഒരു കുഞ്ഞു പരീക്ഷ'യെന്ന ബോധവല്‍ക്കരണ പരിപാടി.

 

Content highlight
Kakkolla Pareeksha', the second phase of 'Kunju Pareeksha' to give awareness to Balasabha members on Covid-19 conductedml