പി.എം.എഫ്.എം.ഇ സ്‌കീം സീഡ് ക്യാപ്പിറ്റല്‍ വിതരണത്തിന് തുടക്കം

Posted on Thursday, October 21, 2021

ഭക്ഷ്യസംസ്‌ക്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് പിന്തുണയേകുന്നതിനായുള്ള പി.എം.എഫ്.എം.ഇ സ്‌കീമിന്റെ (പ്രധാനമന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റര്‍പ്രൈസസ് സ്‌കീം – ഭക്ഷ്യ സംസ്‌ക്കരണ സംരംഭങ്ങളുടെ രൂപവത്ക്കരണ പദ്ധതി) ഭാഗമായുള്ള സീഡ് ക്യാപ്പിറ്റല്‍ ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി  പി. രാജീവ് 18ാം തീയതി നിര്‍വഹിച്ചു.

കേന്ദ്ര ഭക്ഷ്യസംസ്‌ക്കരണ വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച്, കേരളത്തില്‍ വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കുന്ന  ഈ പദ്ധതി വഴി 14 ജില്ലകളില്‍ നിന്നുള്ള 1440 കുടുംബശ്രീ സംരംഭകര്‍ക്ക് 4,30,51,096 രൂപ നല്‍കാനുള്ള അനുമതി ലഭിച്ചിരുന്നു. എറണാകുളത്ത് സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ ഈ തുക കുടുബശ്രീയ്ക്ക് വേണ്ടി എറണാകുളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. രഞ്ജിനിയും കുടുംബശ്രീ സംരംഭകരും ചേര്‍ന്ന് മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

pmfme

അതാത് സി.ഡി.എസുകള്‍ മുഖേന സംരംഭകര്‍ക്ക് പലിശരഹിത വായ്പയായാണ് ധനസഹായം നല്‍കുന്നത്. പദ്ധതി പ്രകാരം ഭക്ഷ്യസംസ്‌ക്കരണ മേഖലയിലുള്ള വ്യക്തിഗത- സൂക്ഷ്മ സംരംഭങ്ങള്‍ക്ക് സീഡ് ഫണ്ട്, ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന ഗ്രാന്റ്, പൊതു അടിസ്ഥാന സൗകര്യങ്ങള്‍, ബ്രാന്‍ഡിങ്ങ്-  വിപണനം എന്നിങ്ങനെ നാല് പ്രധാന ഘടകങ്ങള്‍ക്ക് സഹായം ലഭിക്കും.

കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി. രാജമാണിക്യം ഐ.എ.എസ് സ്വാഗതം ആശംസിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ ഇന്‍ഡസ്ട്രീസ് സെന്റര്‍ ജനറല്‍ മാനേജര്‍ ബിജു പി. എബ്രാഹം നന്ദി പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം മൂല്യവര്‍ധനവിനെക്കുറിച്ച് സംരംഭകര്‍ക്ക് വിദഗ്ധ ക്ലാസുകളും നല്‍കി.

Content highlight
പി.എം.എഫ്.എം.ഇ സ്‌കീം സീഡ് ക്യാപ്പിറ്റല്‍ വിതരണത്തിന് തുടക്കം