കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായി സംസ്ഥാനത്ത് തിരികെയെത്തിയവരും നാട്ടില്‍ എത്തിയശേഷം മടങ്ങിപ്പോകാന്‍ കഴിയാത്തവരുമായ മലയാളി പ്രവാസികളുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് നോര്‍ക്ക റൂട്ട്‌സ് ആവിഷ്‌ക്കരിച്ച നോര്‍ക്ക- പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കുടുംബശ്രീയിലൂടെ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ രണ്ട് ലക്ഷം രൂപ വരെ പലിശരഹിത വായ്പയും സംരംഭകത്വ പരിശീലനമുള്‍പ്പെടെയുള്ള പിന്തുണയുമാണ് പ്രവാസി ഭദ്രത നാനോ എന്റര്‍പ്രൈസ് അസിസ്റ്റന്റ് പദ്ധതി (പേള്‍ - പ്രവാസി എന്റര്‍പ്രണര്‍ഷിപ്പ് ഓഗ്മെന്റേഷന്‍ ആന്‍ഡ് റീഫോര്‍മേഷന്‍ ഓഫ് ലൈവ്‌ലിഹുഡ്) മുഖേന ലഭിക്കുന്നത്. ഓഗസ്റ്റ് 26ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇത് സംബന്ധിച്ച ധാരണാപത്രം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും കൈമാറി.
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനായ ചടങ്ങില്‍ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തി. വ്യവസായം- നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍ സ്വാഗതം ആശംസിച്ചു.
കുടുംബശ്രീ ജില്ലാ മിഷനുകള്‍ വഴിയാകും പ്രവാസികളുടെ സാമ്പത്തിക സുരക്ഷാ പദ്ധതിമുഖേന വായ്പയും മറ്റ് സഹായങ്ങളും ലഭ്യമാക്കുന്നത്. തൊഴില്‍ നഷ്ടമായി നാട്ടിലെത്തിയ പ്രവാസികളില്‍ നല്ലൊരു വിഭാഗം വിദേശത്ത് അവിദഗ്ധ മേഖലകളില്‍ കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. അവര്‍ക്ക് കുടുംബശ്രീ വഴി നല്‍കുന്ന വായ്പാ പദ്ധതി ഏറെ ഗുണകരമാകും. കുടുംബശ്രീയുടെ ഭാഗമായി പുതുതായി രൂപം കൊള്ളുന്ന യുവതീ ഗ്രൂപ്പിലെ അംഗങ്ങള്‍, അവരോ അവരുടെ കുടുംബാംഗങ്ങളോ തൊഴില്‍രഹിതരായ പ്രവാസികളാണെങ്കില്‍ ഈ പദ്ധതിയിലൂടെ സംരംഭങ്ങള്‍ ആരംഭിക്കാനുന്നതിനുള്ള സാമ്പത്തിക സഹായം ലഭിക്കും. തൊഴില്‍രഹിതരായ പ്രവാസികളുടെ അരക്ഷിതാവസ്ഥ ലഘൂകരിക്കുക, തൊഴില്‍രഹിതരായി നാട്ടില്‍ തിരികെയെത്തിയ പ്രവാസികള്‍ക്ക് വരുമാനദായക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പലിശരഹിത വായ്പ ലഭ്യമാക്കുക. സംരംഭം തുടങ്ങുന്നതിനാവശ്യമായ നൈപുണ്യ പരിശീലനം ലഭ്യമാക്കുക. തൊഴില്‍രഹിതരായ പ്രവാസികള്‍ക്ക് സ്ഥിരവരുമാനം ലഭിക്കുന്നതിലൂടെ സാമ്പത്തിക സ്വാശ്രയത്വം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പ്രവാസി ഭദ്രത- നാനോയ്ക്കുള്ളത്.
പ്രവാസി ഭദ്രത മൈക്രോ, കെ.എസ്.ഐ.ഡി.സിയുമായി ചേര്‍ന്ന് പ്രവാസി ഭദ്രതാ- മെഗാ എന്നീ പദ്ധതികളും നോര്‍ക്ക റൂട്ട്‌സ് നടപ്പിലാക്കുന്നുണ്ട്. ഇത് സംബന്ധിച്ച ധാരണാപത്രം കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം ഐ.എ.എസും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും കൈമാറി. നോര്‍ക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ ചടങ്ങില്‍ ആശംസ പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി കൃതജ്ഞത അറിയിച്ചു
- 636 views