‘കമ്മാടി’ ഹണി വിപണിയിലിറക്കി കാസര്‍ഗോഡ്

Posted on Thursday, August 26, 2021

കുടുംബശ്രീ പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ‘തേന്‍ ഗ്രാമം’ പദ്ധതിയുടെ ഉത്പന്നമായ ‘കമ്മാടി’ കാട്ടുതേന്‍ ബ്രാന്‍ഡ് പുറത്തിറക്കി കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ ടീം. ഓഗസ്റ്റ് 19ന് പനത്തടി പഞ്ചായത്തിലെ കമ്മാടി ഊരില്‍ വച്ചു നടത്തിയ ചടങ്ങില്‍ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് കമ്മാടി കാട്ടുതേന്‍ പുറത്തിറക്കല്‍ ഉദ്ഘാടനം ചെയ്തു. കമ്മാടി ഊരിലെ ജ്വാല, സ്‌നേഹ എന്നീ കുടുംബശ്രീ ഹണി യൂണിറ്റുകളിലെ 12 അംഗങ്ങളാണ് ‘കമ്മാടി’ കാട്ടുതേന്‍ തയാറാക്കുന്നത്. ഈ ഉത്പന്നം കുടുംബശ്രീ ബസാറിലും മറ്റ് കുടുംബശ്രീ വിപണന മേളകളിലും ലഭ്യമാക്കിയിട്ടുണ്ട്. 100% പ്രകൃതിദത്തമായ രീതിയില്‍ നിര്‍മിക്കുന്ന ‘കമ്മാടി’ കാട്ടുതേനിന് വിപണി സാധ്യതയും ഏറെയാണ്.

 

kammadi

ചടങ്ങില്‍ കമ്മാടി തേനിന്റെ ആദ്യ വില്‍പ്പന കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, പരപ്പ ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ രംഗത്തുമലയ്ക്ക് നല്‍കി നിര്‍വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണ ഗൗഡ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഏഴാം വാര്‍ഡ് മെമ്പര്‍ സൗമ്യ മോള്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ പ്രകാശന്‍ പാലായി, സി.എച്ച്. ഇക്ബാല്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ പി. രത്‌നേഷ്, ആനിമേറ്റര്‍ കോര്‍ഡിനേറ്റര്‍ മനീഷ്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മാധവി, ഊരു മൂപ്പന്‍ ബെള്ളിയപ്പ, അനിമേറ്റര്‍ പി. ലക്ഷ്മി, ജ്വാല, സ്‌നേഹ ഹണി യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Content highlight
Kudumbashree Kasaragod District Mission launched Kammadi Honey Brand as part of Kudumbashree's Sustainable Development Special Project for Scheduled Tribesml