തിരുവനന്തപുരം: കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ ഉള്‍പ്പെട്ട 'മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി' പ്രകാരം, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ സംസ്ഥാനത്തെ വിവിധ ബാങ്കുകളിലായി ഇതുവരെ സമര്‍പ്പിച്ചത് 1562 കോടി രൂപയ്ക്കുള്ള വായ്പാ അപേക്ഷകള്‍. അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച 1,70,943 അപേക്ഷകളിലാണ് ഇത്രയും തുകയുടെ ആവശ്യം. വായ്പ അനുവദിക്കുന്നതോടെ ഈ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളായ 19 ലക്ഷത്തിലേറെ കുടുംബശ്രീ വനിതകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഇതുവരെ സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച ആകെ അപേക്ഷകളില്‍ നിന്നും 23459 അയല്‍ക്കൂട്ടങ്ങള്‍ക്ക് 212 കോടി രൂപ വായ്പയും അനുവദിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ചത് കോഴിക്കോട് ജില്ലയിലാണ്. 90 കോടി രൂപ. അപേക്ഷ സമര്‍പ്പിച്ച ബാക്കി അയല്‍ക്കൂട്ടങ്ങള്‍ക്കും വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവിധ ബാങ്കുകളില്‍ പുരോഗമിക്കുകയാണ്.
സംസ്ഥാനത്താകെ കുടുംബശ്രീയുടെ കീഴിലുള്ള 2,83,934 അയല്‍ക്കൂട്ടങ്ങളില്‍ 231207 എണ്ണവും മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ആകെയുള്ള അയല്‍ക്കൂട്ടങ്ങളുടെ 81 ശതമാനം വരും. ഇത്രയും അയല്‍ക്കൂട്ടങ്ങളില്‍ 292492 വനിതകളുമുണ്ട്. ഈ അയല്‍ക്കൂട്ടങ്ങള്‍ക്കു മുഴുവന്‍ വായ്പ ലഭ്യമാക്കുന്നതോടെ 30 ലക്ഷത്തോളം സ്ത്രീകള്‍ക്കാണ് പദ്ധതി വഴി സഹായം ലഭിക്കുന്നത്. നിലവില്‍ സിഡിഎസുകളില്‍ ലഭിച്ച അപേക്ഷകള്‍ വിശദമായ പരിശോധന കഴിഞ്ഞ് സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ വായ്പക്കായി സമര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ബാങ്കുകള്‍ മുഖേന കൂടുതല്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടവും അതിലൂടെ സാധാരണക്കാര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന കഷ്ടതകളും കണക്കിലെടുത്താണ് 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന നിലയ്ക്ക് ഈ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. അതത് ജില്ലാമിഷനുകളുടെ മേല്‍നോട്ടത്തിലാണ് വായ്പാ വിതരണവുമായി ബന്ധപ്പെട്ട സിഡിഎസിന്റെ പ്രവര്‍ത്തനങ്ങള്‍.
- 505 views