സര്‍ഗ്ഗാത്മകത ആഘോഷമാക്കാന്‍ അരങ്ങ്

Posted on Thursday, November 14, 2019
  • കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങിന് പാലക്കാട് വേദിയാകും
  • നവംബര്‍ 1 മുതല്‍ 3 വരെ
  • ആറ് പ്രധാനവേദികള്‍

അയല്‍ക്കൂട്ട വനിതകളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ മാറ്റുരയ്ക്കുന്ന അരങ്ങ് സംസ്ഥാന കലോത്സവം നവംബര്‍ 1 മുതല്‍ 3 വരെ പാലക്കാട് നടക്കും. തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, പാലക്കാട് വിക്ടോറിയ കോളേജിലെ പ്രധാനവേദിയില്‍ നവംബര്‍ ഒന്നിന് വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങില്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ഈ കലോത്സവം കുടുംബശ്രീ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മൂവായിരത്തോളം അയല്‍ക്കൂട്ട വനിതകള്‍ അണിനിരക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്രയും നടക്കും. വിക്ടോറിയ കോളേജ് കൂടാതെ ഫൈന്‍ ആര്‍ട്‌സ് ഹാള്‍, ഗവണ്‍മെന്റ് മോയന്‍ എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലും മത്സരവേദികളുണ്ട്.

  സ്റ്റേജ്, സ്റ്റേജിതരങ്ങളിലായി 34 ഇനങ്ങളില്‍ ജൂനിയര്‍, സീനിയര്‍ തലങ്ങളില്‍ മത്സരങ്ങളുണ്ട്. 18 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ ജൂനിയര്‍ വിഭാഗത്തിലും 35 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ സീനിയര്‍ തലത്തിലുമാണ് മത്സരിക്കുക. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള അയല്‍ക്കൂട്ട അംഗങ്ങളായ 2000ത്തോളം സ്ത്രീകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോആക്ട്, മിമിക്രി, നാടോടിനൃത്തം, സംഘനൃത്തം, സംഘഗാനം, തിരുവാതിര, ഒപ്പന, മാര്‍ഗംകളി, മൈം, കാര്‍ട്ടുണ്‍, കഥാരചന, കവിതാ രചന എന്നിങ്ങനെയുള്ള ഇനങ്ങളില്‍ മത്സരങ്ങളുണ്ട്. സി.ഡി.എസ്, താലൂക്ക്, ജില്ലാതലങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ വിജയിച്ചെത്തുന്നവരാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നത്.

  നവംബര്‍ മൂന്നിന് വൈകിട്ട് നാലിന് വിക്ടോറിയ കോളേജിലെ പ്രധാനവേദിയില്‍ സമാപന സമ്മേളനം നടക്കും. എല്ലാ ദിവസവും വിക്ടോറിയ കോളേജിലെ വേദിയില്‍ ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കും.

സ്ത്രീകഥാപാത്രങ്ങളുടെ പേരില്‍ വേദികള്‍
കറുത്തമ്മ, ഇന്ദുലേഖ, സുഹറ, നാണിമിസ്ട്രസ്, സുമിത്ര, ചെമ്മരത്തി. അരങ്ങ് കലോത്സവത്തിന്റെ ആറ് വേദികള്‍. മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ നോവലുകളിലെ പ്രധാന കഥാപാത്രങ്ങളുടെ പേരുകളാണ് ഈ ആറ് വേദികള്‍ക്കും നല്‍കിയിരിക്കുന്നത്. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീനിലെ നായികാ കഥാപാത്രമായ കറുത്തമ്മയുടെ പേരിലുള്ള വേദി വിക്ടോറിയ കോളേജില്‍. ഒ. ചന്തുമേനോന്റെ ഇന്ദുലേഖ എന്ന കഥാപാത്രത്തിന്റെ പേരിലുള്ള വേദി ഗവണ്‍മെന്റ് മോയന്‍ എല്‍പിഎസില്‍. വിക്ടോറിയ കോളേജ് ഓഡിറ്റോറിയത്തിലെ രണ്ട് വേദികള്‍ക്ക് യഥാക്രമം നാണിമിസ്ട്രസ് (ചെറുകാടിന്റെ മുത്തശ്ശിയിലെ കഥാപാത്രം), സുമിത്ര (എംടി വാസുദേവന്‍ നായരുടെ കാലത്തിലെ കഥാപാത്രം) എന്നിങ്ങനെ പേരുകള്‍ നല്‍കിയിരിക്കുന്നു. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയിലെ വേദിക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയിലെ കഥാപാത്രമായ സുഹറയുടെ പേരും. വിക്ടോറിയ കോളേജ് ഗ്രൗണ്ടിലെ വേദിക്ക് എന്‍. പ്രഭാകരന്റെ ഏഴിനു മീതേയിലെ ചെമ്മരത്തി എന്ന കഥാപാത്രത്തിന്റെ പേരും.

സ്വാതന്ത്ര്യവും സമത്വവും പങ്കാളിത്തവും
എറണാകുളം, ആലുവ അസറുല്‍ ഉലൂം ഇസ്ലാമിക് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മത് സഫുവന്‍ രൂപകല്‍പ്പന ചെയ്ത ലോഗോയാണ് അരങ്ങ് കലോത്സവ ലോഗോയായി തെരഞ്ഞെടുത്തത്. ലോഗോ രൂപകല്‍പ്പന ചെയ്യുന്നതിന് സംഘടിപ്പിച്ച മത്സരത്തില്‍ ലഭിച്ച 13 അപേക്ഷകളില്‍ നിന്നാണ് മുഹമ്മദിന്റെ ലോഗോ തെരഞ്ഞെടുത്തത്. സ്വാതന്ത്ര്യം, സമത്വം, പങ്കാളിത്തം എന്നീ മൂന്ന് ആശയങ്ങള്‍ അടിസ്ഥാനമാക്കിയാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.

 

Content highlight
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മൂവായിരത്തോളം അയല്‍ക്കൂട്ട വനിതകള്‍ അണിനിരക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്രയും നടക്കും.