കുടുംബശ്രീ മാതൃക കേരളത്തിനും ഇന്ത്യയ്ക്കും പുറത്തേക്ക് വ്യാപിപ്പിക്കുന്ന കുടുംബശ്രീയുടെ മറ്റൊരു പ്രവര്‍ത്തനം കൂടി ഫലവത്താകുന്നു. അസര്‍ബയ്ജാനും കുടുംബശ്രീയും തമ്മിലുള്ള കൂട്ടുകെട്ടാണ് കാതലായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത്. ഗ്രാമീണമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയും ഉപജീവന പദ്ധതികള്‍ക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന അസര്ബെയ്ജാന് റൂറല്‍ ഇന്‍വസ്റ്റ്മെന്റ് പ്രോജക്ടിന്റെ (AZRIP) ഭാഗമായാണ് കുടുംബശ്രീ അസര്ബയ്ജാനില് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2005 മുതല്‍ അസര്ബെയ്ജാനില് ലോക ബാങ്കിന്റെ സഹായത്തോടെ നടക്കുന്ന പ്രോജക്ടാണിത്.
ലോക ബാങ്കിന്റെ റീജ്യണല്‍ ഡയറക്ടര്‍ സെബാസ്റ്റിയന് മോളിന്യൂസ്, കുടുംബശ്രീ പ്രതിനിധികള്‍ പരിശീലനം നല്കിയ അസര്‍ബയ്ജാനിലെ മസാലി സന്ദര്‍ശിച്ച് അവിടെയുണ്ടായ മാറ്റങ്ങളെക്കുറിച്ച് സ്വന്തം ട്വിറ്റര്‍ അക്കൗണ്ട് വഴി പുറംലോകത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഇതുവരെ അസര്‍ബെയ്ജാനിലെ മസാലിയില്‍ മാത്രം 468 സ്ത്രീകളുടെ പങ്കാളിത്തത്തോടെ 38 സംരംഭ യൂണിറ്റുകള്‍ തുടങ്ങിക്കഴിഞ്ഞു. നൂറിലധികം സംരംഭങ്ങള്‍ ഇവരുടെ കൂട്ടായ്മയിലൂടെ പ്രവര്‍ത്തിക്കുകയാണ്. ഇത് കൂടാതെ അസര്‍ബെയ്ജാനിലെ സ്ത്രീകളുടെ ഈ സംരംഭ ഗ്രൂപ്പുകളുടെ ഫെഡറേഷനായ അസര്ബെയ്ജാന് ഗ്രാമീണ വനിതാ അസോസിയേഷന് സംരംഭ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അസര്ബെയ്ജാന് ഗവണ്മെന്റിന്റെ പ്രത്യേക അവാര്‍ഡ് ഇവര്‍ക്ക് ലഭിച്ചപ്പോള്‍ കുടുംബശ്രീയുടെ നേതൃത്വത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.
2017ല്‍ AZRIP ടീം സ്ത്രീകളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് പ്രത്യേക പൈലറ്റ് പ്രോജക്ട് നടപ്പാക്കാന്‍ ലക്ഷ്യമിടുകയും ഇതിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മാതൃകകള്‍ പഠിക്കുകയും ചെയ്തു. ഇതില്‍ മികച്ച രീതിയില്‍ സംയോജന സാധ്യതയുള്ളത് കുടുംബശ്രീയിലൂടെ മാതൃകയാണെന്ന് മനസ്സിലാക്കി കുടുംബശ്രീയെ അസര്ബെയ്ജാനിലേക്ക് ക്ഷണിക്കുകയായിരുന്നു. 2018 മാര്‍ച്ചില്‍ നാല് കുടുംബശ്രീ പ്രതിനിധികള്‍ പത്ത് ദിവസത്തെ ആദ്യഘട്ട പരിശീലനം അസര്‍ബെയ്ജാനിലെത്തി നല്കി. അസ്റിപ് (AZRIP) പ്രോജക്ടിലെ മാസ്റ്റര്‍ ട്രെയിനികള്‍ക്കാണ് അവര്‍ പരിശീലനം നല്‍കിയത്. അവരിലൂടെ അസര്‍ബെയ്ജാനിലെ മറ്റ് സ്ത്രീകളെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തിലൂന്നിയായിരുന്നു ഈ പരിശീലനം.
മാസാലിയിലെ സെപരാഡി, ലങ്കാരണിലെ ചക്രിലി, ബലാക്കാനിലെ ഗൈസ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി ഫീല്‍ഡ് തലത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കിയാണ് പരിശീലനം ചിട്ടപ്പെടുത്തിയത്. കുടുംബശ്രീയുടെ മാതൃകയെക്കുറിച്ചും അയല്‍ക്കൂട്ടങ്ങളും പ്രവര്‍ത്തന ഗ്രൂപ്പുകളും രൂപീകരിക്കുന്നതിനെക്കുറിച്ചും ഉപജീവന പദ്ധതികളെക്കുറിച്ചും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു പ്രധാനമായും മാസ്റ്റര്‍ ട്രെയിനി ടീമിനെ പരിശീലിപ്പിച്ചത്. അസ്റിപ് (AZRIP) പ്രോജക്ടിലെ കമ്മ്യൂണിറ്റി മൊബിലൈസര്‍മാരും ഉപജീവന സ്പെഷ്യലിസ്റ്റുകളും ഉള്‍പ്പെടെ 16 പേര് പങ്കെടുത്ത ഈ പരിശീലനത്തിന്റെ സമയത്തുതന്നെ 56 സ്ത്രീകള്‍ 4 സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കാന്‍ മുന്നോട്ടുവരികയും ചെയ്തു.
ലോക ബാങ്കിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പ്രോജക്ടിന്റെ വിജയം കുടുംബശ്രീയുടെ ഒരു അന്താരാഷ്ട്രതലത്തിലുള്ള ഇടപെടലിന്റെ വിജയം കൂടിയാണ്.
- 19 views