കുന്നംകുളം : വ്യത്യസ്ത സംസ്കാരങ്ങളെ ഒരു കുടക്കീഴിലൊതുക്കി കുടുംബശ്രീ സംഘടിപ്പിക്കുന്ന സരസ് മേള 2019ന് തിരി തെളിഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച വിപണന കലാ സാംസ്കാരിക മേളയാണ് സരസ് മേള. ചെറുവത്തൂർ ഗ്രൗണ്ടിൽ ജില്ലാ മിഷൻ കോഡിനേറ്റർ കെ.വി. ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തിൽ ജില്ലയിലെ നൂറോളം സി.ഡി.എസ് ചെയർപേഴ്സൺമാർ ഒരുമിച്ച് തിരി തെളിയിച്ചാണ് മേളക്ക് ഔപചാരിക തുടക്കം കുറിച്ചത്. കൂടാതെ മേളയുടെ പ്രധാന ആകർഷണമായ ഭക്ഷ്യമേളയോട് അനുബന്ധിച്ച് ഇൻഡ്യ ഇൻ വൺ പ്ലേറ്റിന്റെ ഭാഗമായി മിനി ബുഫെയും സംഘടിപ്പിച്ചു.
കേരളമുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ സംരംഭകരെ വാദ്യമേളാദികളുടെ അകമ്പടിയോടെ ആനയിച്ചു കൊണ്ടാണ് മേളയുടെ ആദ്യ ദിനത്തിന് നാന്ദി കുറിച്ചത്. ഉച്ചയ്ക്ക് 3 മണിക്ക് കുന്നംകുളം ടൗൺ ഹാളിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ദഫ് മുട്ട്, കുതിര കളി , നാടൻപാട്ട്, മോഹിനിയാട്ടം, തെയ്യം, ശിങ്കാരിമേളം തുടങ്ങിയ കലാരൂപങ്ങളാൽ പ്രൗഢഗംഭീരമായി. കുന്നംകുളം സി.ഡി.എസിലെ കുടുംബശ്രീ പ്രവർത്തകർ അണിനിരന്ന തിരുവാതിരക്കളിയും ആദ്യ ദിനത്തെ ആസ്വാദകരമാക്കി. തുടർന്ന് കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തശില്പവും കലാഭവൻ പ്രമോദ് നയിച്ച മെഗാഷോയും സരസ് മേള ഉത്സവ ലഹരിക്ക് മാറ്റു കൂട്ടി.
- 184 views
Content highlight
കേരളമുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ സംരംഭകരെ വാദ്യമേളാദികളുടെ അകമ്പടിയോടെ ആനയിച്ചു കൊണ്ടാണ് മേളയുടെ ആദ്യ ദിനത്തിന് നാന്ദി കുറിച്ചത്