1,000 crore for Kudumbasree projects in Budget

Posted on Wednesday, February 6, 2019

തിരുവന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച 2019-20 വാര്‍ഷിക ബജറ്റില്‍ കുടുംബശ്രീക്ക് അഭിമാന നേട്ടം. കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ ഗുണപരമായ മാറ്റം വരുത്തുന്നതിനുമായി ആയിരം കോടി രൂപയാണ്   ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 258 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റ് വിഹിതവും നാനൂറ് കോടി രൂപ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങളില്‍ നിന്നും ബാക്കി തുക വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ നിന്നുമാണ് ലഭ്യമാകുക.

പ്രളയാനന്തര ജീവനോപാധി വികസനത്തിന്‍റെ ഭാഗമായി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് ബ്രാന്‍ഡ് അടിസ്ഥാനമാക്കിയുള്ള കേന്ദ്രീകൃത മാര്‍ക്കറ്റിംഗ് സംവിധാനം കൊണ്ടുവരുമെന്നതാണ് ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന്. ഇതിന്‍റെ ഭാഗമായി ന്യൂട്രിമിക്സ് പോഷക ഭക്ഷണം, മാരിക്കുട, സുഭിക്ഷ നാളികേര ഉല്‍പന്നങ്ങള്‍, ശ്രീ ഗാര്‍മെന്‍റ്സ്, കേരള ചിക്കന്‍, കയര്‍ കേരള, കരകൗശല ഉല്‍പന്നങ്ങള്‍, ഇനം തിരിച്ച തേന്‍ ബ്രാന്‍ഡുകള്‍, ഹെര്‍ബല്‍ സോപ്പുകള്‍, കറിപ്പൊടികള്‍, ഉണക്ക മത്സ്യം, ആദിവാസി ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ  പന്ത്രണ്ട് തരം വ്യത്യസ്ത ഉല്‍പന്നങ്ങള്‍  ബ്രാന്‍ഡ് ചെയ്ത് വിപണനം നടത്തും.  ഉല്‍പന്നങ്ങളുടെ വിപണനത്തിന് കുടുംബശ്രീയുടെ 200 ചെറു വിപണന കേന്ദ്രങ്ങളും ഹോംഷോപ്പ് ശൃംഖലയും കൂടുതല്‍ സജ്ജമാകും. കൂടാതെ സിവില്‍ സപ്ലൈസ് കണ്‍സ്യൂമര്‍ ഫെഡ്, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴിയും കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിപണനം ഊര്‍ജിതമാക്കും. നിലവില്‍ കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് വരുമാനമാര്‍ഗങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകമാകും. സംസ്ഥാനത്ത് വഴിയോരങ്ങളില്‍ വിശ്രമസൗകര്യവും ടോയ്ലറ്റ് സൗകര്യങ്ങളും ഉറപ്പാക്കുന്ന നൂറ് 'ടേക് എ ബ്രേക്' കേന്ദ്രങ്ങളും ആരംഭിക്കും. പെട്രോള്‍ പമ്പുകളില്‍ ഇതേ മാതൃകയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പെട്രോള്‍ കമ്പനികളുമായി കരാറിലേര്‍പ്പെടും. ഇതിലൂടെ നിരവധി അയല്‍ക്കൂട്ടവനിതകള്‍ക്ക് വരുമാന ലഭ്യത ഉറപ്പാക്കാനാകും.

സൂക്ഷ്മസംരംഭ ശൃംഖലയെയും സേവനമേഖലയേയും ശക്തിപ്പെടുത്തുന്നതിനും വനിതകള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനും സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലും കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള വനിതാ മേസ്തിരിമാരുടെ സംഘങ്ങള്‍ രൂപീകരിക്കുന്നതും ശ്രദ്ധേയമായ നേട്ടമാണ്. കുടുംബശ്രീയുടെ കീഴില്‍ നിലവിലുള്ള വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ക്ക് പുറമേയാണിത്. കൂടാതെ എല്ലാ സി.ഡി.എസുകളിലും ഇലക്ട്രിഫിക്കേഷന്‍, പ്ലബിംഗ്, ഗാര്‍ഹിക ഉപകരണങ്ങളുടെ റിപ്പയറിംഗ് എന്നിവ ഏറ്റെടുത്ത് ചെയ്യാന്‍ പ്രാപ്തിയുള്ള യൂട്ടിലിറ്റി സേവന സംഘങ്ങളും ഈവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകളും രൂപീകരിക്കും.

ഉല്‍പാദന മേഖലയ്ക്കു പുറമേ സേവന-സാമൂഹ്യസുരക്ഷാ മേഖലയിലും നിരവധി ശ്രദ്ധേയമായ പദ്ധതികള്‍ കുടുംബശ്രീ മുഖേന നടപ്പാക്കും. നിലവില്‍ കൊച്ചി മെട്രോ, റെയില്‍വേ എന്നിവയുമായി ചേര്‍ന്ന് മികച്ച രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ വയോജന സംരക്ഷണ മേഖലയില്‍ കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിന് 2000 ജെറിയാട്രിക് കെയര്‍ എക്സിക്യൂട്ടീവുകളെ പരിശീലിപ്പിച്ച് ഈ രംഗത്ത് വിന്യസിക്കും.
വയോജന സംരക്ഷണം ഉറപ്പു വരുത്തുന്നിന്‍റെ ഭാഗമായി സംസ്ഥാനത്ത് വയോജനങ്ങളുടെ ഇരുപതിനായിരം അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഓരോന്നിനും 5000 രൂപ വീതം നല്‍കും.  പഞ്ചായത്തുകളില്‍ പകല്‍വീടുകളില്‍ കഴിയുന്നവരുടെ മേല്‍നോട്ടവും കുടുംബശ്രീയെ ഏല്‍പിക്കും. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കായി നടപ്പാക്കുന്ന മഴവില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടങ്ങളും രൂപീകരിക്കുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ 65000 അയല്‍ക്കൂട്ടങ്ങള്‍ക്ക് നാലു ശതമാനം പലിശക്ക് 3500 കോടി രൂപ ബാങ്ക് വായ്പയും ലഭ്യമാക്കും. മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 100 ബഡ്സ് സ്കൂളുകള്‍ കൂടി ആരംഭിക്കും.

 കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീ നാട്ടുചന്തകളെ സ്ഥിരം വിപണന കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതാണ് മറ്റൊന്ന്. വൈവിധ്യങ്ങളായ നാടന്‍ ഇലക്കറികള്‍ക്കു വേണ്ടിയുള്ള കൂളര്‍ ചേമ്പര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളിലുണ്ടായിരിക്കും. 2019-20 വര്‍ഷം ഈ ഉപജീവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ  25000 സ്ത്രീകള്‍ക്ക് പ്രതിദിനം 400-600 രൂപ വരുമാനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മൃഗപരിപാലനത്തിനും ചെറുകിട സംരംഭള്‍ക്കും മറ്റും വായ്പയെടുത്ത് കടക്കെണിയിലായ സ്ത്രീ സംഘങ്ങള്‍ക്കായി പുനരുദ്ധാരണ പദ്ധതി ആവിഷ്ക്കരിക്കുന്നുണ്ട്. ഇതിന്  20 കോടി രൂപ അധികം വകയിരുത്തിയിട്ടുണ്ട്.

 

Content highlight
ഉല്‍പാദന മേഖലയ്ക്കു പുറമേ സേവന-സാമൂഹ്യസുരക്ഷാ മേഖലയിലും നിരവധി ശ്രദ്ധേയമായ പദ്ധതികള്‍ കുടുംബശ്രീ മുഖേന നടപ്പാക്കും.