· 35 പരിശീലന ഏജന്‍സികളുമായി ധാരണയിലെത്തി
· എട്ടാം ക്ലാസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മുതല്‍ പരിശീലനത്തില്‍ പങ്കെടുക്കാം
തിരുവനന്തപുരം: കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ (എന്‍യുഎല്‍എം) ഭാഗമായി നഗരപ്രദേശങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതീയുവാക്കള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നല്‍കുന്ന എംപ്ലോയ്‌മെന്റ് ത്രൂ സ്‌കില്‍ ട്രെയ്‌നിങ് ആന്‍ഡ് പ്ലേസ്‌മെന്റ് (ഇഎസ്ടിപി) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൂന്നാം ഘട്ട ത്തില്‍ 93 നഗരങ്ങളിലെ 12000 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിനായി 35 പരിശീലന ഏജന്‍സികളുമായി കുടുംബശ്രീ ധാരണയിലെത്തി. കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
2016ലാണ് എന്‍യുഎല്‍എമ്മിന്റെ ഭാഗമായി കുടുംബശ്രീ നൈപുണ്യ പരിശീലനം നല്‍കി തുടങ്ങിയത്. ഇതുവരെ 16000 പേര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. എട്ടാം ക്ലാസ്സ് മുതല്‍ ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമായി വിവിധ കോഴ്‌സുകളില്‍ പരിശീലനം നേടാനാകും. മൂന്ന് മാസം മുതല്‍ എട്ടരമാസം വരെ കാലാവധിയുള്ള കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍എസ്ഡിസി (നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍) സര്‍ട്ടിഫിക്കറ്റാകും ലഭിക്കുക. 12000ത്തില്‍ 5300 പേര്‍ക്ക് റസിഡന്‍ഷ്യല്‍ രീതിയില്‍ പരിശീലനം നേടാനാകും. താമസവും ഭക്ഷണവും സൗജന്യമാണ്.
അതാത് നഗരസഭകളിലെ കുടുംബശ്രീയുടെ സിഡിഎസ് ഓഫീസുകളില്‍ നിന്നോ കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം ഓഫീസില്‍ നിന്നോ 155330 എന്ന ടോള്‍ഫ്രീ നമ്പരില്‍ (കുടുംബശ്രീ എന്‍യുഎല്‍എം നൈപുണ്യ പരിശീലനത്തിനായുള്ള പ്രത്യേക നമ്പര്‍) നിന്നോ വിശദ വിവരങ്ങള്‍ ലഭിക്കും. വിവരസാങ്കേതിക വിദ്യ, ടെലികോം, ഓട്ടോമോട്ടീവ്, ടൂറിസം, അക്കൗണ്ടിങ്, ഇലക്ട്രോണി ക്‌സ്, ആയുര്‍വേദം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ കോഴ്‌സുകളുണ്ട്. അക്കൗണ്ടന്റ്, ഫീല്‍ഡ് എഞ്ചിനീയര്‍- ഇലക്ട്രോണിക്‌സ്, ആയുര്‍വേദ സ്പാ തെറാപ്പിസ്റ്റ്, ജൂനിയര്‍ സോഫ്ട്‌വെയര്‍ ഡെവല പ്പര്‍, ഫാഷന്‍ ഡിസൈനര്‍, കാഡ് ടിസൈനര്‍ തുടങ്ങിയ 54 കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നു.
ചടങ്ങില്‍ എന്‍യുഎല്‍എം പ്രൊജക്ട് അസിസ്റ്റന്റ് അഞ്ജു ആനന്ദ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ സ്‌റ്റേറ്റ് മിഷന്‍ മാനേജര്‍മാരായ പി. രാജേഷ് കുമാര്‍, എസ്. മേഘ്‌ന എന്നിവര്‍ സംസാരിച്ചു. പ്രൊജക്ട് അസിസ്റ്റന്റ് അദിതി മോഹന്‍ നന്ദി പറഞ്ഞു.
- 597 views