news

2018-19 വാര്‍ഷിക പദ്ധതി ഭേദഗതി –30.09.2018 വരെയായി ദീര്‍ഘിപ്പിക്കുന്നു

Posted on Friday, September 14, 2018

ജനകീയാസൂത്രണം 2018-19 വാര്‍ഷിക പദ്ധതി ഭേദഗതി –സമയം ദീര്ഘിപ്പിക്കുന്നത് സംബന്ധിച്ച് : തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2018-19 ലെ വാര്‍ഷിക പദ്ധതിയില്‍ അനിവാര്യമായ ഭേദഗതി ചെയ്ത് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാനുള്ള അവസാന തിയതി 15.09.2018 ല്‍ നിന്ന് 30.09.2018 വരെയായി ദീര്‍ഘിപ്പിക്കുന്നു.ഈ കാല പരിധിക്കകം എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും മുന്‍ നിര്‍ദേശങ്ങളിലെ മാനദണ്ഡം പാലിച്ച് ആവശ്യമായ ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കേണ്ടതാണ്

10/18/SRG/LSGD/CC  dated 14.09.2018

പ്രളയസ്ഥലങ്ങളിലെ കിണര്‍ വെള്ളപരിശോധന 96% പൂര്‍ത്തിയായി

Posted on Wednesday, September 12, 2018

പ്രളയസ്ഥലങ്ങളിലെ പൈലറ്റ് അടിസ്ഥാനത്തിലുള്ള കിണര്‍ വെള്ളപരിശോധന 96 ശതമാനം പൂര്‍ത്തിയായി:ഹരിതകേരളം മിഷന്‍റെയും തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും നേതൃത്വത്തില്‍ സെപ്തംബര്‍ 8, 9 തീയതികളില്‍ പ്രളയബാധിത ജില്ലകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടത്തിയ കുടിവെള്ള ഗുണനിലവാര പരിശോധന 96 ശതമാനം കിണറുകളില്‍ പൂര്‍ത്തിയായി. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍റ് എന്‍വയോണ്‍മെന്‍റ് സെന്‍റര്‍ വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തിയാണ് പരിശോധനാ വിവരങ്ങളുടെ ഡാറ്റാബേസ് തയ്യാറാക്കിയത്. ഭാവിയില്‍ ഉപയോഗിക്കാവുന്നവിധത്തില്‍ കിണറുകളുടെ ചിത്രം, ലൊക്കേഷന്‍ തുടങ്ങിയവയും ഈ ആപ്ലിക്കേഷനില്‍ ശേഖരിക്കുന്നുണ്ട്. സംസ്ഥാന എന്‍.എസ്.എസ് സെല്ലിന്‍റെ നേതൃത്വത്തില്‍ വിവിധ കോളേജുകളിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാരാണ് കിണറുകള്‍ സന്ദര്‍ശിച്ച് സാമ്പിളുകള്‍ ശേഖരിക്കുകയും ഡാറ്റാബേസ് തയ്യാറാക്കുകയും ചെയ്തത്. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റും കേരള വാട്ടര്‍ അതോറിറ്റിയും സംരംഭത്തില്‍ പങ്കാളികളായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആദ്യ ഘട്ടമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, വയനാട്, ജില്ലകളില്‍ 6 ഗ്രാമ പഞ്ചായത്തുകളുടെയും ആറ് നഗരസഭകളുടെയും പരിധിയില്‍ വരുന്ന ശുചീകരിച്ച കിണറുകളിലെ വെള്ളമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. റാന്നി-അങ്ങാടി, തിരുവാര്‍പ്പ്, കാലടി, മാള, പടിഞ്ഞാറേത്തറ ഗ്രാമപഞ്ചായത്തുകളിലും തിരുവല്ല, ചെങ്ങന്നൂര്‍, വൈക്കം, നോര്‍ത്ത് പറവൂര്‍, ചാലക്കുടി, കല്‍പ്പറ്റ നഗരസഭകളിലുമുള്ള പ്രദേശങ്ങളിലെ 16,232 കിണറുകളിലെ വെള്ളം പരിശോധിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അതില്‍ 15,631 (96ശതമാനം) കിണറുകളുടെ പരിശോധന പൂര്‍ത്തിയായി. പരിശീലനം നേടിയ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ കിണറുകള്‍ സന്ദര്‍ശിച്ച് ശേഖരിച്ച വെള്ളത്തിന്‍റെ സാമ്പിള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേകമായി സജ്ജീകരിച്ച ബൂത്തുകളിലെ ലാബുകളിലെത്തിച്ചാണ് പരിശോധന നടത്തിയത്. ബഹു.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി.ശ്രീ.എ.സി മൊയ്തീന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം പ്രളയം ബാധിച്ച മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ശുചീകരിച്ച കിണര്‍ പരിശോധിക്കുന്നതിനുള്ള കര്‍മ്മ പരിപാടി തയ്യാറാക്കും.

ഹരിതകേരളം മിഷന്‍

സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കല്‍ ആദ്യ അദാലത്ത് പറവൂര്‍ താലൂക്കിലെ കുന്നുകര പഞ്ചായത്തില്‍

Posted on Tuesday, September 11, 2018

പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ വീണ്ടെടുത്ത് നല്‍കുന്നതിനുള്ള അദാലത്ത് സെപ്തം 11ന് തുടക്കം കുറിക്കും. പറവൂര്‍ താലൂക്കിലെ കുന്നുകര പഞ്ചായത്ത് ഓഫീസിലാണ് പൈലറ്റ് പദ്ധതിയായി ആദ്യ അദാലത്ത് സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് അദാലത്ത്. കുന്നുകരയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ് സ്ഥലങ്ങളിലും അദാലത്ത് സംഘടിപ്പിക്കും. സംസ്ഥാന ഐ.ടി മിഷനും ഐഐഐടിഎം കേരളയും ചേര്‍ന്ന് തയാറാക്കിയ ആപ്ലിക്കേഷന്‍ വഴിയാണ് സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ വീണ്ടെടുക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഫീസ് ഈടാക്കില്ലെന്ന് ഐ.ടി മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ്, മോട്ടോര്‍ വാഹന ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, ആര്‍എസ്ബിവൈ, ചിയാക് കാര്‍ഡുകള്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ഈ പദ്ധതിയില്‍ ലഭ്യമാകും.

പ്രളയ സ്ഥലങ്ങളിലെ കിണര്‍വെള്ളത്തിന്‍റെ ഗുണനിലവാര പരിശോധന 08.09.2018 ന് തുടക്കം കുറിക്കും

Posted on Friday, September 7, 2018

പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ളത്തിന്‍റെ ഗുണനിലവാര പരിശോധന 08.09.2018 ആരംഭിക്കും. ഹരിതകേരളം മിഷന്‍റെയും തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും നേതൃത്വത്തിലാണ് രണ്ടു ദിവസങ്ങളിലായി(08.09.2018,  09.09.2018)  നടക്കുന്ന കിണര്‍വെള്ള ഗുണ പരിശോധന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റും കേരള വാട്ടര്‍ അതോറിറ്റിയും സംരംഭത്തില്‍ പങ്കാളികളാണ്. ആദ്യഘട്ടമായി പൈലറ്റ് അടിസ്ഥാനത്തില്‍ പ്രളയക്കെടുതി നേരിട്ട 6 ജില്ലകളിലെ ഒരു മുനിസിപ്പാലിറ്റിയിലെയും ഒരു പഞ്ചായത്തിലെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ കിണര്‍വെള്ളമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ചെങ്ങന്നൂര്‍, തിരുവല്ല, വൈക്കം, നോര്‍ത്ത് പറവൂര്‍, ചാലക്കുടി, കല്‍പ്പറ്റ എന്നീ മുനിസിപ്പാലിറ്റികളും തലവടി, റാന്നി-അങ്ങാടി, തിരുവാര്‍പ്പ്, കാലടി, മാള, പടിഞ്ഞാറത്തറ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്നും 16,232 കിണറുകളിലെ കുടിവെള്ളമാണ് പരിശോധിക്കുന്നത്. തിരുവല്ലയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് പരിപാടിക്ക് തുടക്കം കുറിക്കും. സജി ചെറിയാന്‍ എം.എല്‍.എ, രാജൂ അബ്രഹാം എം.എല്‍.എ, സി.കെ ആശ എം.എല്‍.എ, ബി.ഡി ദേവസ്യ എം.എല്‍.എ, വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ, സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ തുടങ്ങിയവര്‍ മറ്റു ജില്ലകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പരിശോധന പരിപാടിക്ക് തുടക്കം കുറിക്കും. ബന്ധപ്പെട്ട ജില്ലകളിലെ എന്‍.എസ്.എസ് യൂണിറ്റുകളില്‍ നിന്നുള്ള പരിശീലനം നേടിയ വോളണ്ടിയര്‍മാരാണ് പരിശോധനയ്ക്കെത്തുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് പരിശോധനയ്ക്കാവശ്യമായ കിറ്റ് ലഭ്യമാക്കിയതും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരിശോധനാ ലാബ് സജ്ജമാക്കിയതും. പരിശോധനാഫലം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കും. പ്രളയത്തെത്തുടര്‍ന്ന് മലിനമായ എല്ലാ കിണറുകളിലെയും ജലം പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പൈലറ്റ് അടിസ്ഥാനത്തിലുള്ള കിണര്‍വെള്ള ഗുണനിലവാര പരിശോധന സംബന്ധിച്ച് ഈ മാസം 10 ന് മന്ത്രി. എ.സി. മൊയ്തീന്‍റെ അധ്യക്ഷതയില്‍ വിലയിരുത്തി തുടര്‍ നടപടികള്‍ തീരുമാനിക്കും.

ഹരിതകേരളം മിഷന്‍

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പട്ടികയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് നിര്‍ദേശം

Posted on Friday, September 7, 2018

G.O.(Rt) 2391/2018/തസ്വഭവ Dated 07/09/2018

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളിലെ അനര്‍ഹരെ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടികയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് നിര്‍ദേശം

പ്രളയനാശനഷ്ടം: വിവരശേഖരണത്തിന് 'റീബില്‍ഡ് കേരള' ആപ്പ്

Posted on Wednesday, September 5, 2018

പ്രളയനാശനഷ്ടം: വിവരശേഖരണത്തിന് 'റീബില്‍ഡ് കേരള' ആപ്പ്

പ്രളയദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണത്തിന് 'റീബില്‍ഡ് കേരള' മൊബൈല്‍ ആപ്പ് .ഐ.ടി മിഷന്‍ രൂപകല്‍പന ചെയ്ത ആപ്പ് വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി തകര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്.സാങ്കേതിക വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും തങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന മേഖല രേഖപ്പെടുത്താനും www.volunteers.rebuild.kerala.gov.in എന്ന പോര്‍ട്ടലില്‍ സൗകര്യമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വോളണ്ടിയര്‍മാരെ ബന്ധപ്പെട്ട ഇടങ്ങളില്‍ വിന്യസിക്കാനാകും. ഇവര്‍ക്ക് മാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയൂ. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍, വീടും പുരയിടവും നഷ്ടമായവര്‍, വീട് ഭാഗികമായി കേടുപാടുണ്ടായവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി വിവരങ്ങള്‍ രേഖപ്പെടുത്താനാകും. ഒപ്പം, ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ ജിയോ ടാഗിംഗിലൂടെ സ്ഥലത്തിന്റെ ലൊക്കേഷനും ഫോട്ടോയും അപ്‌ലോഡ് ചെയ്യാം. ഭാഗികമായി തകര്‍ന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവര്‍, 16-30 ശതമാനം, 31-50 ശതമാനം, 51-75 ശതമാനം എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്.75 ശതമാനത്തില്‍ കൂടുതലുള്ള നഷ്ടത്തെ പൂര്‍ണ നഷ്ടമായി കണക്കാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ലെയ്‌സണ്‍ ഓഫീസര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും. നിര്‍മാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനും ആപ്പിലൂടെ കഴിയും. ഗൂഗില്‍ പ്ലേ സ്‌റ്റോറില്‍ 'റീബില്‍ഡ് കേരള ഐ.ടി മിഷന്‍' എന്ന് തിരഞ്ഞാല്‍ ആപ്പ് ലഭിക്കും

 

 

source:prd.

സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഉത്സവ ആഘോഷ പരിപാടികള്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി കൊണ്ട് ഉത്തരവ്

Posted on Tuesday, September 4, 2018

G.O.(MS) 195/2018/പൊഭവ Dated 04/09/2018

സംസ്ഥാനത്തെ പ്രളയക്കെടുതി പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഉത്സവ ആഘോഷ പരിപാടികള്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി കൊണ്ട് ഉത്തരവ്