news

ജലസമൃദ്ധിയുടെ വീണ്ടെടുപ്പുമായി ഹരിതകേരളം

Posted on Thursday, December 6, 2018

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജനകീയ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകൊണ്ട് ഹരിതകേരളം മിഷന്‍ 2018 ഡിസംബര്‍ 8 ന് രണ്ടാം വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. കാര്‍ഷിക സമൃദ്ധിക്ക് അവിഭാജ്യ ഘടകമായ ജലസമൃദ്ധി ലക്ഷ്യമിട്ട് എല്ലാവരും ജലാശയങ്ങളിലേക്ക് എന്ന സന്ദേശവുമായാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ജനകീയ കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് പുഴ ശുചീകരണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടക്കുന്ന പരിപാടികളില്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എ മാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്കാരിക നായകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ വന്‍ ജനാവലി പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ പാണ്ടിവയല്‍ തോട് പുനരുജ്ജീവനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും കല്ലടയാര്‍ ശുചീകരണം വനംവകുപ്പ് മന്ത്രി കെ.രാജുവും ഉദ്ഘാടനം ചെയ്യും. പാലക്കാട് ജില്ലയിലെ മംഗലംപുഴയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നേതൃത്വം നല്‍കും. വയനാട് കബനീ നദിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലയിലെ കക്കാട് പുഴയില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, പി.കെ.ശ്രീമതി എം.പി എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇടുക്കി ജില്ലയിലെ പെരിയാര്‍ (മരിയാപുരം) ദേവിയാര്‍പുഴയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈദ്യുതി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. ജോയ്സ് ജോര്‍ജ്ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍ സീമ എന്നിവര്‍ പങ്കെടുക്കും. തിരുവനന്തപുരം ജില്ലയില്‍ വാമനപുരം നദിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ.എ.സമ്പത്ത് എം.പിയും ഡി.കെ മുരളി എം.എല്‍.എ യും കാട്ടാക്കട വിളപ്പില്‍ ശാലയില്‍ ഐ.ബി സതീഷ് എം.എല്‍.എ യും പത്തനംതിട്ട കോഴിത്തോട് വീണാജോര്‍ജ്ജ് എം.എല്‍.എ യും കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്കൂളിന് സമീപമുള്ള തോട് കോട്ടയം മുനിസിപ്പല്‍ ചെയര്‍മാനും തൃശൂര്‍ ജില്ലയിലെ ചാവക്കാട്, പെരിങ്ങാട് എന്നിവിടങ്ങളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും എടത്തിരുത്തി കനോലികനാല്‍ ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ യും മലപ്പുറത്ത് പുഴക്കാട്ടിരി പുഴ അഹമ്മദ് കബീര്‍ എം.എല്‍.എ യും കോഴിക്കോട് പെരുമണ്‍കടവ് തോട് വി.കെ.സി.മമ്മദ് കോയ എം.എല്‍.എ യും കാസര്‍ഗോഡ് ചിറ്റാരിപ്പുഴ ബി.കരുണാകരന്‍ എം.പി യും പുഴ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതിനു പുറമേ കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിപ്പുഴ, എറണാകുളം ജില്ലയിലെ ചങ്ങനാരിക്കല്‍, മലപ്പുറം ജില്ലയിലെ ചെറുപുഴ, കൊണ്ടോട്ടി, വാഴൂര്‍തോട്, കോഴിക്കോട് ജില്ലയിലെ കനോലികനാല്‍, ആലപ്പുഴ ജില്ലയിലെ കരിപ്പയില്‍തോട് തുടങ്ങി വിവിധയിടങ്ങളിലും പുഴ ശുചീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഓരോയിടത്തും നിശ്ചിത പ്രദേശങ്ങളില്‍ നിശ്ചിത ദൂരത്താണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വിവിധ പുഴകളിലും ജലാശയങ്ങളിലും ഡിസംബര്‍ 8 നും തുടര്‍ന്നുള്ള ദിവസങ്ങളിലുമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019-20 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം.

Posted on Wednesday, December 5, 2018

തിരുവനന്തപുരം ജില്ലയിലെ നാല് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2019-20 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. വിളപ്പിൽ, മുദാക്കൽ, മലയിൻകീഴ് ഗ്രാമ പഞ്ചായത്തുകളുടെയും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതി രേഖയ്ക്കാണ് അംഗീകാരം നൽകിയത്. ജില്ലാ പദ്ധതിയിൽ ഉയർന്ന  നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ ആസൂത്രണ സമിതി നിർദ്ദേശിച്ച സംയുക്ത പ്രോജക്ടുകളും ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്ത പ്രോജക്ടുകളും ഉൾപ്പെടെയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതിരേഖ അംഗീകാരത്തിനായി സമർപ്പിച്ചത്. അംഗീകാരം ലഭിച്ച പ്രോജക്ടുകളുടെ എണ്ണവും അടങ്കലും ചുവടെ ചേർക്കുന്നു.

  • വിളപ്പിൽ ഗ്രാമ പഞ്ചായത്ത് - 199 ; 815.25 ലക്ഷം, 
  • മുദാക്കൽ ഗ്രാമ പഞ്ചായത്ത് - 141; 899.38 ലക്ഷം, 
  • മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് - 186; 843.75 ലക്ഷം, 
  • നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് - 61; 777.39 ലക്ഷം.

ദേശീയപാത നിര്‍മാണം- ഭൂമി ഏറ്റെടുത്തു നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറി നല്‍കുന്നതിനു ബന്ധപ്പെട്ട ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ഉത്തരവ്

Posted on Friday, November 30, 2018

സ.ഉ(എം.എസ്) 175/2018/തസ്വഭവ Dated 24/11/2018

ദേശീയ പാത നിര്‍മാണത്തിന് ആവശ്യമായി വരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ അധീനതയില്‍ ഉള്ള റോഡ്‌ /തോട് പുറമ്പോക്ക് ഭൂമി എന്നിവ ഏറ്റെടുത്തു നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ക്ക് കൈമാറി നല്‍കുന്നതിനു ബന്ധപ്പെട്ട ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ഉത്തരവ് .

നവകേരളം ശിൽപശാല - നാല് മിഷനുകളുടെ ഭാവിപരിപാടികൾ ചിട്ടപ്പെടുത്തി ആദ്യ ദിന ശിൽപശാല

Posted on Wednesday, November 28, 2018

നവകേരളം ശിൽപശാല മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു.പുതിയ കേരളം സൃഷ്ടിക്കാനുള്ള അഭിമാന പദ്ധതികൾ വിലയിരുത്തിയും കൂടുതൽ കർമോത്സുകമാക്കാനുള്ള ആശയങ്ങൾ പങ്കിട്ടും നവകേരളം കർമ പദ്ധതി ശിൽപശാലക്ക് തുടക്കം കുറിച്ചു.വിഷയാവതരണം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തി .സംസ്ഥാനത്തെ മുഴുവൻ ഗ്രാമ‐ബ്ലോക്ക‌് ‐ജില്ലാ പഞ്ചായത്ത‌് അധ്യക്ഷരും മുനിസിപ്പൽ ചെയർമാൻമാരും മേയർമാരും പദ്ധതിയുടെ രണ്ടുവർഷത്തെ അനുഭവങ്ങൾ പങ്കിട്ടു. ചര്‍ച്ചയില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു . കേരളത്തെ ഹരിതാഭമാക്കാനുളള ഹരിതകേരളം, വിദ്യാഭ്യാസ ഉന്നതിക്കുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, പാവപ്പെട്ടരുടെ പാര്‍പ്പിട സ്വപ്നം സഫലമാക്കുന്ന ലൈഫ്, ആരോഗ്യസമ്പുഷ്ട സമൂഹത്തെ സൃഷ്ടിക്കുന്ന ആര്‍ദ്രം എന്നീ നാല് മിഷനുകളുടെ ഭാവിപരിപാടികൾ ചിട്ടപ്പെടുത്തുന്നതായിരുന്നു ആദ്യ ദിന ശിൽപശാലയുടെ ആകര്‍ഷണം .

നവകേരളം കർമ്മപദ്ധതി ദ്വിദിന ശില്പശാല

Posted on Monday, November 26, 2018

സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളുടെ പ്രവർത്തനം നടന്നുവരികയാണല്ലോ. ഈ മിഷനുകളുടെ വാർഷിക അവലോകനത്തിനും ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനും 2018 നവംബര്‍ 27, 28 തീയതികളില്‍ ഒരു ദ്വിദിന ശില്പശാല തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ശില്പശാലയില്‍ മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, വകുപ്പുമേധാവികള്‍, വിവിധ മിഷന്‍ പ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാവിപരിപാടികൾ ചിട്ടപ്പെടുത്തുന്ന ശില്പശാലയിൽ പ്രതിനിധികളുടെ സജീവ സാന്നിദ്ധ്യം മുഴുവന്‍ സമയവും ഉണ്ടായിരിക്കുന്നതാണ്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ 21000 ത്തോളം ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശില്പശാല കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി തത്സമയം കാണുന്നതിന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സൗകര്യമുണ്ടായിരിക്കും. പ്രേക്ഷകര്‍ക്കുണ്ടാകുന്ന അഭിപ്രായങ്ങളും സംശയങ്ങളും തത്സമയം ശില്പശാലയിലേക്ക് അറിയിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

Content highlight

കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 26.11.2018 ന് നടത്താനിരുന്ന യോഗം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Posted on Monday, November 26, 2018

കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 26.11.2018 ന് നടത്താനിരുന്ന യോഗം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്