തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിനിർവഹണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ മുന്നേറ്റത്തോടെ കേരളം ചരിത്രമെഴുതി. സംസ്ഥാനത്തെ 186 ഗ്രാമപഞ്ചായത്തുകളും 26 ബ്ലോക്ക് പഞ്ചായത്തുകളും 100 ശതമാനം പദ്ധതി വിഹിതവും ചെലവഴിച്ചു. 7 നഗരസഭകളും കൊല്ലം കോർപ്പറേഷനും മുഴുവൻ പദ്ധതി തുകയും ചെലവഴിച്ച് നൂറു ശതമാനം ലക്ഷ്യം കൈവരിച്ചു. 85.42 ശതമാനമാണ് ഈ വർഷത്തെ സംസ്ഥാന ശരാശരി. പെന്റിങ്ങ് ബില്ലുകൾ കൂടി ചേർത്താൽ ഇത് 90.10 ശതമാനമാകും. ഇത് സർവകാല റെക്കോർഡാണ്. 60.78 ശതമാനമായിരുന്നു മുൻ വർഷത്തെ ചെലവ്. വകയിരുത്തിയ 6194. 65 കോടി രൂപയിൽ 5581.33 കോടിയും ചെലവഴിച്ചാണ് ഈ അഭിമാനനേട്ടം.
ഗ്രാമപഞ്ചായത്തുകൾ 90.63 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകൾ 89.34 ശതമാനവും ജില്ലാപഞ്ചായത്തുകൾ 71.04 ശതമാനവും തുക ചെലവഴിച്ചു. 90.93 ശതമാനം തുക ചെലവഴിച്ച കൊല്ലം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. പെന്റിംഗ് ബില്ലുകൾ കൂടി ചേർത്താൽ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി ചെലവ് 96.07 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളുടേത് 88. 07 ശതമാനവും ജില്ലാ പഞ്ചായത്തുകളുടേത് 71.5 ശതമാനവും ആകും. സംസ്ഥാനത്തെ 287 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ 90 ശതമാനത്തിനു മുകളിൽ ചെലവു വരുത്തി. സാമ്പത്തിക വർഷാന്ത്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇത്ര ഉയർന്ന പദ്ധതി ചെലവ് രേഖപ്പെടുത്തുന്നത് ജനകീയാസൂത്രണത്തിന്റെ ചരിത്രത്തിൽ ഇതാദ്യമാണ്. 2014-15 ൽ 68. 21 - ഉം 15-16ൽ 73. 61 ഉം ശതമാനമായിരുന്നു പദ്ധതി ചെലവ്. 2016-17ൽ നോട്ട് നിരോധനം സൃഷ്ടിച്ച പ്രയാസങ്ങൾക്കിടയിലും ഇത് 67.08 ശതമാനത്തിൽ എത്തിക്കാൻ സംസ്ഥാനത്തിനായി. ഈ നേട്ടങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് 90.13 ശതമാനമെന്ന റെക്കോർഡ് നേട്ടം സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ കൈവരിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, പദ്ധതി നിർവഹണത്തിന് 10 മാസത്തോളം സമയം ലഭിച്ചു. പദ്ധതി രൂപീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ പ്രത്യേകം നിഷ്കർഷിച്ചു. കൃത്യമായ ഇടവേളകളിൽ മുഖ്യമന്ത്രി നേരിട്ട് നിർവഹണപുരോഗതി വിലയിരുത്തി. ചരിത്രത്തിൽ ആദ്യമായി, ഫെബ്രവരി മാസത്തെ പദ്ധതി നേട്ടം ഈ വർഷം 54. 38 ശതമാനത്തിൽ എത്തിയിരുന്നു. സാമ്പത്തികവർഷത്തിന്റെ അവസാനമാസം തിരക്കിട്ട് തുക ചെലവഴിക്കുന്ന രീതി രീതിക്ക് ഇതോടെ മാറ്റം വന്നിരിക്കുന്നു.
ഈ വർഷത്തെ റവന്യൂ പിരിവിന്റെ കാര്യത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മികച്ച നേട്ടമാണ് കൈവരിച്ചത്. 82 ഗ്രാമ പഞ്ചായത്തുകൾക്കും 47 മുനിസിപ്പാലിറ്റികൾക്കും റവന്യൂ കളക്ഷൻ ഇൻസന്റീവ് നേടാനായി. 814.77 കോടിയുടെ വസ്തു നികുതി ലക്ഷ്യമിട്ട താൽ 576.10 കോടിയും പിടിച്ചെടുത്തു. ഇത് 70.70 ശതമാനം വരും.
1200 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ 1147 എണ്ണവും 2018-19 ലെ വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനു സമർപ്പിച്ചു കഴിഞ്ഞു. ഇത് മറ്റൊരു സർവ്വകാല റെക്കോർഡാണ്. 7000 കോടി രൂപയുടെ വികസനഫണ്ടടക്കം 10779.59 കോടി രൂപയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഈ വർഷത്തെ ബഡ്ജറ്റ് വകയിരുത്തൽ. തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ തുകയും ഇതിനു പുറമേയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, വയനാട്, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളും വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് സമർപ്പിച്ചു കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായി, പുതിയ വർഷത്തെ പദ്ധതി നിർവ്വഹണം ഏപ്രിൽ മാസത്തിൽ ആരംഭിക്കും
- 1153 views