കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന സാഗര്‍മാല പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കും. തീരദേശ വാസികളായ യുവതീയുവാക്കള്‍ക്ക് മികച്ച നൈപുണ്യ പരിശീലനം നല്‍കി തുറമുഖ വികസനവുമായും തീരദേശ മേഖലയുമായും ബന്ധപ്പെട്ട തൊഴിലിടങ്ങളില്‍ മെച്ചപ്പെട്ട ജോലി ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി തീരദേശ വാസികളായ 3000 യുവതീയുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ)യിലൂടെ
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം മുഖേന കേന്ദ്ര ഷിപ്പിങ് മന്ത്രാലയം രൂപം കൊടുത്ത പദ്ധതിയാണ് സാഗര്‍മാല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ട പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. ഓരോ ജില്ലയിലും പരിശീലനം നല്‍കേണ്ടവരുടെ എണ്ണം നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. ഇതു പ്രകാരം അതത് സി.ഡി.എസുകളും പരിശീലന ഏജന്‍സികളും സംയുക്തമായി മികച്ച പരിശീലനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി സി.ഡി.എസ്തല മൊബിലൈസേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇതിന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍, സി.ഡി.എസ്, എ.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
തുറമുഖ വികസന രംഗത്തെ കാലാനുസൃത മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് രൂപവല്‍ക്കരിച്ച നവീനവും ആകര്‍ഷകവുമായ പത്തിലധികം കോഴ്സുകളിലാണ് പരിശീലനം. മൂന്നു മുതല്‍ ആറ് മാസം വരെയാണ് കോഴ്സുകളുടെ കാലാവധി. കീ കണ്‍സൈനര്‍ എക്സിക്യൂട്ടീവ്, പ്രോഡക്ട് ഡിസൈന്‍ എന്‍ജിനീയര്‍, മെഷീന്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമര്‍ പ്ളാസ്റ്റിക് സി.എന്‍.സി മില്ലിങ്ങ്, ഡോക്യുമെന്‍റേഷന്‍ എക്സിക്യൂട്ടീവ്, പി.സി.ബി അസംബ്ളി ഓപ്പറേറ്റര്‍, വെയര്‍ഹൗസ് പായ്ക്കര്‍, അസിസ്റ്റന്‍റ് ഇലക്ട്രീഷ്യന്‍, ഗസ്റ്റ് സര്‍വീസ് അസോസിയേറ്റ്, റസ്റ്റോറന്‍റ് മാനേജര്‍, ഗുഡ്സ് പാക്കിങ്ങ് മെഷീന്‍ ഓപ്പറേറ്റര്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് -അസോസിയേറ്റ് എന്നിവയിലായിരിക്കും പരിശീലനം. സ്വന്തം അഭിരുചിയും താല്‍പര്യവുമനുസരിച്ച് കോഴ്സുകളില്‍ പ്രവേശനം നേടാനുള്ള അവസരവുമുണ്ട്.
കുടുംബശ്രീ നിഷ്ക്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പ്രകാരം മികച്ച ഗുണനിലവാരമുള്ള പരിശീലനം നല്‍കാന്‍ കഴിയുന്ന ഒമ്പത് തൊഴില്‍ പരിശീലന ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്. ഇവയുടെ പ്രവര്‍ത്തന മികവ് നിരന്തരം വിലയിരുത്തും.
- 178 views