ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്‍റി-ട്വന്‍റി : കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 10.25 ലക്ഷം രൂപയുടെ വിറ്റുവരവ്

Posted on Thursday, October 6, 2022

സെപ്റ്റംബര്‍ 28ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുഡ് കോര്‍ട്ടുകള്‍ വഴി കുടുംബശ്രീ യൂണിറ്റുകള്‍ നേടിയത് 10.25 ലക്ഷം രൂപയുടെ വിറ്റുവരവ്. മത്സരം കാണാനെത്തിയ ക്രിക്കറ്റ് പ്രേമികള്‍ക്കും കൂടാതെ ഒഫീഷ്യല്‍സ്, ഗ്രൗണ്ട് സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഭക്ഷണ വിതരണം നടത്തിയതിലൂടെയാണ് ഈ നേട്ടം. ഓര്‍ഡര്‍ ലഭിച്ചതു പ്രകാരം 3000 പേര്‍ക്കും ഇതിനു പുറമേ 5000 പേര്‍ക്കുള്ള ഭക്ഷണവുമാണ് നല്‍കിയത്.

കുടുംബശ്രീ യൂണിറ്റുകളുടേതായി സ്റ്റേഡിയത്തിന്‍റെ ടെറസ് പവിലിയനു സമീപം പന്ത്രണ്ട് ഫൂഡ് കൗണ്ടറുകളാണ് സജജ്ജീകരിച്ചത്. മത്സരം തുടങ്ങുന്നതിനു മുമ്പ് സ്റ്റേഡിയത്തിനു വെളിയില്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് ഉള്ളില്‍ പ്രവേശിച്ച കാണികള്‍ക്ക് മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും പാനീയങ്ങളും കുടുംബശ്രീ സ്റ്റാളില്‍ നിന്നു ലഭിച്ചത് ഏറെ സഹായകമായി. മത്സരത്തിനു മുമ്പും ശേഷവും കാണികള്‍ സ്റ്റാളുകളില്‍ കൂട്ടമായി എത്തിയെങ്കിലും ഭക്ഷണവിതരണം വേഗത്തിലാക്കി തിരക്കൊഴിവാക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയമായി. ഭക്ഷണ വിതരണം രാത്രി പന്ത്രണ്ട് വരെ നീണ്ടു. കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ആളുകള്‍ പാഴ്സല്‍ വാങ്ങാനും എത്തി.

തിരുവനന്തപുരം ജില്ലയില്‍ കുടുംബശ്രീയുടെ കീഴിലുള്ള വിഘ്നേശ്വര, ശ്രീപാദം, ശ്രീശൈലം, സാംജീസ്. ശ്രുതി, സമുദ്ര, പ്രതീക്ഷ, ജിയാസ്, കൃഷ്ണ എന്നീ കേറ്ററിങ്ങ് യൂണിറ്റുകളും രണ്ട് കഫേശ്രീ യൂണിറ്റുകളുമാണ് ക്രിക്കറ്റ് മാമാങ്കം കണാനെത്തിയ കായിക പ്രേമികള്‍ക്കായി ഭക്ഷണമൊരുക്കിയത്. കുടുംബശ്രീ സംസ്ഥാന മിഷന്‍റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം ജില്ലാമിഷനായിരുന്നു സ്റ്റേഡിയത്തില്‍ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല.

ഇതിനു മുമ്പും ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച അവസരങ്ങളില്‍ ഭക്ഷണ വിതരണത്തിന് കുടുംബശ്രീക്ക് അവസരം ലഭിച്ചിരുന്നു. പരാതികളില്ലാതെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനായതാണ് ഈ വര്‍ഷവും കുടുംബശ്രീക്ക് ഭക്ഷണ വിതരണത്തിന് അവസരം ലഭിക്കാന്‍ കാരണം.  

 

cr

 

Content highlight
sales turnover of 10.25 lakhs for kudumbashree units during India-South Africa t20 match