'ജീവന്‍ ദീപം ഒരുമ' ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി കുടുംബശ്രീ

Posted on Monday, March 31, 2025

ഇരുനൂറ് രൂപ വാര്‍ഷിക പ്രമിയം നിരക്കില്‍ മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന  ജീവന്‍ ദീപം ഒരുമ ഇന്‍ഷുറന്‍സ് പദ്ധതി വഴി സംസ്ഥാനത്തെ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കാന്‍ കുടുംബശ്രീ. കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ്, കുടുംബശ്രീ, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് പോളിസി ഉടമകളെ ചേര്‍ക്കുന്നതിനായി ക്യാമ്പയിന്‍ ആരംഭിച്ചു.ഏപ്രില്‍ 30 വരെയാണ് കാലാവധി.

  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ ഐ.എ.എസ്, കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ബുഷറ എസ്.ദീപ, എല്‍.ഐ.സി പെന്‍ഷന്‍ ഗ്രൂപ്പ് സ്കീം വിഭാഗം ഡിവിഷണല്‍ മാനേജര്‍ എസ്.രാജ് കുമാര്‍ എന്നിവര്‍ പദ്ധതിയുടെ 2025-26 കാലയളവിലേക്കുള്ള ധാരണാപത്രം ഒപ്പു വച്ചു. 2025 ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി.  

 2020-21സാമ്പത്തിക വര്‍ഷത്തിലാണ് പദ്ധതി ആരംഭിച്ചത്. അയല്‍ക്കൂട്ടങ്ങളിലെ ഏതെങ്കിലും ഒരംഗത്തിന് ആകസ്മിക മരണമോ അപകടമരണമോ  സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പദ്ധതി വഴി സാമ്പത്തിക സഹായം ലഭ്യമാക്കും.  18 മുതല്‍ 74 വയസു വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 18നും 50നും ഇടയില്‍ പ്രായമുള്ള അയല്‍ക്കൂട്ട അംഗത്തിന് സ്വാഭാവിക മരണം സംഭവിക്കുകയാണെങ്കില്‍ പോളിസിയില്‍ പറഞ്ഞിട്ടുള്ള പ്രകാരം  അവകാശിക്ക് രണ്ടു ലക്ഷം രൂപ ലഭിക്കും.   51-60 വയസു വരെ പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ 80,000 രൂപയും  61 -70 വരെ 30,000 രൂപയും  71 -74 വരെ പ്രായമുള്ള പോളിസി ഉടമകള്‍ക്ക് മരണം സംഭവിച്ചാല്‍  25,000 രൂപയുമാണ് അവകാശിക്ക് ലഭിക്കുക. അപകട മരണം സംഭവിച്ചാല്‍ അപകട ആനുകൂല്യമായി 30,000 രൂപ അധികം ലഭിക്കും.  

അയല്‍ക്കൂട്ട അംഗങ്ങള്‍ ചേര്‍ന്ന് ലിങ്കേജ് വായ്പായെടുത്ത ശേഷം ഇതിലെ ഒരഗത്തിനു മരണം സംഭവിച്ചാല്‍ ആ വ്യക്തിയുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യമാണ് മുമ്പുണ്ടായിരുന്നത്. എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതോടെ ഈ സാഹചര്യം ഒഴിവാകും. മരണമടഞ്ഞ ആള്‍ക്ക് ലഭ്യമാകുന്ന ഇന്‍ഷുറന്‍സ് തുകയില്‍ നിന്നും ഈ വ്യക്തിയുടെ പേരില്‍ നിലനില്‍ക്കുന്ന വായ്പാ തുക അയല്‍ക്കൂട്ടത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്കു നല്‍കും. ബാക്കി തുക മരണമടഞ്ഞ വ്യക്തിയുടെ അവകാശിക്കും ലഭിക്കും.

സി.ഡി.എസ്തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാരായ ബീമ മിത്ര വഴിയാണ് അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്നുള്ള പ്രീമിയം സമാഹരണം. പദ്ധതിയില്‍ പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതും നിലവിലുളള പോളിസി പുതുക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ബീമാ മിത്ര വഴിയാണ്.  

കുടുംബശ്രീ സംസ്ഥാന മിഷനില്‍ ധാരണാ പത്രം ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ പ്രോഗ്രാം ഓഫീസര്‍ നവീന്‍ സി, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അബ്ദുള്‍ ബഷീര്‍ കെ, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ നീതു എല്‍.പ്രകാശ്, എല്‍.ഐ.സി പെന്‍ഷന്‍, ഗ്രൂപ്പ് സ്കീം വിഭാഗം ബ്രാഞ്ച് മാനേജര്‍ ഹെലന്‍ അലക്സ്, കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ സുധീര്‍ പി.എ എന്നിവര്‍ പങ്കെടുത്തു.

Content highlight
oruma insrnce for kshree nhg members