ദേശീയ നഗര ഉപജീവന ദൗത്യം - മികച്ച പദ്ധതി നിർവഹണത്തിൽ കേരളം ഒന്നാമത്

Posted on Saturday, March 26, 2022

രാജ്യത്ത് ദേശീയ നഗര ഉപജീവനം പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്നതിന് കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2020/21 ലെ സ്പാർക്ക് റാങ്കിങ്ങിൽ കേരളം ഒന്നാമത്. 20 കോടി രൂപയാണ് അവാർഡ് തുക. നഗരസഭകളുമായി ചേർന്ന് കുടുംബശ്രീയാണ് പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത്.

നഗര ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി 2015 ലാണ് കേരളത്തിൽ ഈ പദ്ധതി ആരംഭിച്ചത്. സാമൂഹ്യ ഉൾച്ചേർക്കൽ സാധ്യമാക്കിക്കൊണ്ട് ഭൗതിക ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയും അതു വഴി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിച്ചതിനുമാണ് അവാർഡ്. 2018 ൽ മൂന്നും, 2019 ൽ രണ്ടും 2020 ൽ മൂന്നും റാങ്കുകൾ കുടുംബശ്രീ നേടിയിട്ടുണ്ട്. കോവിഡ് മഹാമാരിയെത്തുടർന്നുള്ള പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ട് കൂടിയും പദ്ധതി നിർവഹണ മികവിന് അംഗീകാരം നേടുകയായിരുന്നു.

   നഗരങ്ങളിൽ എൻ.യു.എൽ.എം- ന്റെ ഭാഗമായി പുതുതായി അയൽക്കൂട്ടങ്ങൾ രൂപീകരിച്ച് 10,000 രൂപ നിരക്കിൽ റിവോൾവിങ് ഫണ്ട് നൽകി വരുന്നു. എ.ഡി.എസുകൾക്ക് 50,000 രൂപ വീതം റിവോൾവിങ് ഫണ്ടും നൽകുന്നുണ്ട്. കൂടാതെ നഗര ഉപജീവന കേന്ദ്രങ്ങൾ ആരംഭിക്കുക നൈപുണ്യ പരിശീലനം നൽകി. തൊഴിൽ ലഭ്യമാക്കുക, വ്യക്തിഗത -  ഗ്രൂപ്പ് സംരംഭങ്ങളൾ  ആരംഭിക്കുന്നതിന് ധനസഹായം ലഭ്യമാക്കുക, അയൽക്കൂട്ടങ്ങൾക്ക് ലിങ്കജ് വായ്പയും പലിശ സബ്സിഡിയും നൽകുക, തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ. 

  ഇത് കൂടാതെ 27 ഷെൽട്ടർ ഹോമുകൾ നാളിതുവരെ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കി, സർവേയിലൂടെ കണ്ടെത്തിയ തെരുവ് കച്ചവടക്കാർക്ക് പി.എം. സ്വാനിധി പദ്ധതി വഴി വായ്പ്പ ലഭ്യമാക്കുകയും തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്തിട്ടുണ്ട് .

Content highlight
National Urban Livelihood Mission- Kerala comes first in SPARK Ranking